X

പാരാമെഡിക്കല്‍/ഫാര്‍മസി കോഴ്‌സ്: അംഗീകാരം ഉണ്ടോയെന്ന് ഉറപ്പാക്കണമെന്നു മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്

പാരാമെഡിക്കല്‍/ഫാര്‍മസി അനുബന്ധ കോഴ്സുകളില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ കോഴ്സുകളില്‍ ചേരുന്നതിനു മുന്‍പ് കോഴ്സുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേരള ആരോഗ്യ സര്‍വകലാശാല/ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ്/ ബന്ധപ്പെട്ട കൗണ്‍സില്‍ എന്നിവയുടെ അംഗീകാരം ഉണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകാരവും യു.ജി.സി അംഗീകാരവുമുള്ള വിവിധ പാരാമെഡിക്കല്‍ ഡിപ്ലോമ/ഫാര്‍മസി/ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച് ചില വ്യാജ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ വഴിയും തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളും പരസ്യങ്ങളും നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണിത്.

കേരള ആരോഗ്യ സര്‍വകലാശാലയുടെയും സംസ്ഥാനത്തെ മറ്റ് അംഗീകൃത സര്‍വകലാശാലകള്‍ക്കു കീഴിലും [Kerala, MG, Calicut, Kannur & Amritha (Deemed Uty)] നടത്തപ്പെടുന്ന പാരാമെഡിക്കല്‍ ഡിഗ്രി/പിജി കോഴ്സുകള്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴില്‍ നടത്തപ്പെടുന്ന വിവിധ പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകള്‍ക്കും ആരോഗ്യവകുപ്പ് ഡയറക്ടറുടെ കീഴില്‍ നടത്തപ്പെടുന്ന ഡി.എച്ച്.ഐ കോഴ്സിനും മാത്രമാണ് നിലവില്‍ സംസ്ഥാനത്ത് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെയും കേരള പാരാമെഡിക്കല്‍ കൗണ്‍സിലിന്റെയും അംഗീകാരം ഉള്ളത്. സംസ്ഥാനത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പി.എസ്.സി വഴിയുള്ള പാരാമെഡിക്കല്‍ അനുബന്ധ നിയമനങ്ങളിലും പാരാമെഡിക്കല്‍ കൗണ്‍സില്‍/ ഡെന്റല്‍കൗണ്‍സില്‍/ ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യ-സ്വാശ്രയ സ്ഥാപനങ്ങളിലും കേരള ആരോഗ്യ സര്‍വകലാശാലയുടെ കീഴിലുമായി നടത്തപ്പെടുന്ന അംഗീകാരമുള്ള പാരാമെഡിക്കല്‍ ഡിഗ്രി/പിജി കോഴ്സുകളുടെയും അവ നടത്തപ്പെടുന്ന സ്ഥാപനങ്ങളുടെയും പട്ടിക കേരള ആരോഗ്യ സര്‍വകലാശാലയുടെ www.kuhs.ac.in ലും, സംസ്ഥാന സര്‍ക്കാര്‍/ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ്/ കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍/ ഫാര്‍മസി കൗണ്‍സില്‍ അംഗീകരിച്ച വിവിധ പാരാമെഡിക്കല്‍ ഡിപ്ലോമ/ ഡി.ഫാം /ഡി.എച്ച്.ഐ കോഴ്‌സുകളും അവ നടത്തപ്പെടുന്ന സ്ഥാപനങ്ങളുടെയും പട്ടിക മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ www.dme.kerala.gov.in ലും ലഭ്യമാണെന്നും ഡയറക്ടര്‍ അറിയിച്ചു.

webdesk11: