തിരുവനന്തപുരം: ‘തൈലാദി വസ്തുക്കളശുദ്ധമായാല്‍ പൗലോസ് തൊട്ടാലത് ശുദ്ധമാകും’ എന്ന മഹാനായ സി.എച്ച് മുഹമ്മദ് കോയയുടെ പ്രസിദ്ധമായ പ്രയോഗമാണ് ഇപ്പോള്‍ സി.പി.എമ്മിന് ചേരുന്നതെന്ന് പാറക്കല്‍ അബ്ദുള്ള. നിയമസഭയില്‍ വ്യവസായവകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് അശുദ്ധിയായാലും അതില്‍ സി.പി.എം തൊട്ടാല്‍ ശുദ്ധമാകുമെന്നാണ് അവരുടെ ധാരണ. ഇത് തിരുത്തണം. ഇ.എം.എസ് മുതല്‍ ഉമ്മന്‍ചാണ്ടിവരെ പത്തോളം മുഖ്യമന്ത്രിമാര്‍ കേരളം ഭരിച്ചിട്ടുണ്ട്. ഈ കാലഘട്ടങ്ങളില്‍ ഒരിക്കല്‍പോലും ഉണ്ടാകാത്ത വിധം സംസ്ഥാനഭരണം നാണക്കേടിന്റെ പടുകുഴിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഭരണം കുത്തഴിഞ്ഞ അവസ്ഥയിലാണെന്ന വിമര്‍ശനം സി.പി.എം നേതൃയോഗത്തില്‍ പോലും ഉയരുകയുണ്ടായി.
താനൂരിലെ കലാപകേന്ദ്രങ്ങളില്‍ പൊലീസ് തന്നെ വേട്ടക്കാരുടെ വേഷംകെട്ടിയെന്ന് അവിടം സന്ദര്‍ശിച്ച ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജിഷ്ണുപ്രണോയിയുടെ ദുരൂഹമരണത്തിന് മൂന്നുമാസം കഴിയുമ്പോഴും കണ്‍മുന്നിലുള്ള പ്രതികളെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. മലപ്പുറം തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് മറിക്കൂറുകള്‍ക്കകമാണ് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച് ഉത്തരവുണ്ടായത്. കേന്ദ്രപദ്ധതിയുടെ ഭാഗമായുള്ള ത്രികക്ഷി കരാറില്‍ കേരളസര്‍ക്കാരും റഗുലേറ്ററി ബോര്‍ഡും ഒപ്പുവെച്ചിട്ടുണ്ട്. അനിവാര്യത വ്യക്തമാകുന്നപക്ഷം 2019ല്‍ മാത്രമേ വൈദ്യുതി ചാര്‍ജ് ഉയര്‍ത്താവൂ എന്നാണ് കരാറിലെ നിബന്ധനയെന്നും പാറയ്ക്കല്‍ അബ്ദുല്ല ചൂണ്ടിക്കാട്ടി.