മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നെന്ന ആരോപണവുമായി പ്രതിപക്ഷ കക്ഷികള്‍ രംഗത്തു വരുന്നതിനിടെ പോളിങ് കണക്കുകളില്‍ വന്‍ പൊരുത്തക്കേടുകളുണ്ടെന്ന റിപ്പോര്‍ട്ട് ‘ദ വയര്‍’ പുറത്തുവിട്ടു. ഔദ്യോഗിക സമയം കഴിഞ്ഞിട്ടും എട്ട് ശതമാനത്തോളം അധിക പോളിങ് നടക്കുകയും ഇതുവഴി 76 ലക്ഷത്തോളം അധികവോട്ട് വരികയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവുമായ പരകാല പ്രഭാകറാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറുമായുള്ള അഭിമുഖത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ പുറത്തുവിട്ട ഔദ്യോഗിക പോളിങ് കണക്കുകളിലെ പൊരുത്തക്കേടുകള്‍ തുറന്നുകാട്ടുന്നത്.
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് കമീഷന്റെ ക്ലോസ്അപ് പോളുകളും അന്തിമ കണക്കും തമ്മില്‍ എട്ട് ശതമാനത്തിന്റെ വര്‍ധനയാണുള്ളത്. 20ന് വൈകിട്ട് അഞ്ചിന് മഹാരാഷ്ട്രയില്‍ 58.22 ശതമാനം പോളിങ് രേഖപ്പെടുത്തി. അതേദിവസം രാത്രി 11.30 ആയപ്പോഴേക്കും ഇത് 65.02 ശതമാനം ആയി ഉയര്‍ന്നു. 23ന് വോട്ട് എണ്ണുന്നതിന് മുമ്പ്, ഇത് 66.05% ആയി ഉയര്‍ന്നു. അതായത് പോളിങ് 7.83 ശതമാനം വര്‍ധിച്ചു. വൈകുന്നേരം അഞ്ചു മണിക്ക് മൊത്തം 5,64,88,024 പേര്‍ വോട്ട് ചെയ്തിരിക്കും. രാത്രി 11.30 ആയപ്പോഴേക്കും പോളിങ് 65.02% ആയി ഉയര്‍ന്നു, ഇതോടെ ആകെ 6,30,85,732 പേര്‍ വോട്ടു ചെയ്‌തെന്നായി.
ഇതോടെ വൈകുന്നേരം 5 നും 11.30 നും ഇടയില്‍, മൊത്തം വര്‍ധന 65,97,708 ആണ്. ഏകദേശം 66 ലക്ഷമെന്ന് കൂട്ടാം. എന്നാല്‍, വര്‍ധന അവിടെ അവസാനിച്ചില്ല. വോട്ടെണ്ണലിന് ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കേ വീണ്ടും 9,99,359 വോട്ടിന്റെ വര്‍ധനയുണ്ടായി. അതായത് ഏകദേശം 10 ലക്ഷം. എണ്ണിത്തിട്ടപ്പെടുത്തുന്നതിന് 12 മണിക്കൂര്‍ മുമ്പ്, മൊത്തം വര്‍ധന 75,97,067 ആയി. ഏകദേശം 76 ലക്ഷം.
തെരഞ്ഞെടുപ്പു കമീഷന്റെ ചരിത്രത്തില്‍ ഇതുവരെ താല്‍ക്കാലിക കണക്കും അന്തിമ കണക്കും തമ്മിലുള്ള വ്യത്യാസം ഒരിക്കലും ഒരു ശതമാനം കവിഞ്ഞിട്ടില്ല. എല്ലായ്‌പോഴും ഒരു ശതമാനത്തില്‍ താഴെയാണ് വ്യത്യാസമുണ്ടാകുന്നത്. എന്നാല്‍, മഹാരാഷ്ട്രയില്‍ താല്‍ക്കാലിക കണക്കിനും അന്തിമ കണക്കിനും ഇടയില്‍ 7.83 ശതമാനത്തിന്റെ വ്യത്യാസമാണ് വന്നത്.
അഞ്ച് മണിക്ക് ശേഷം അധികമായി വന്നത് 76 ലക്ഷം വോട്ടുകള്‍. ഒരു ബൂത്തില്‍ ശരാശരി 1000 മുതല്‍ 1200 വരെ വോട്ടുകളാണുള്ളത്. 58.22 പേര്‍ അഞ്ച് മണിക്കകം വോട്ട് ചെയ്തതായി തെരഞ്ഞെടുപ്പ് കമീഷന്‍ പറയുന്നു. അഞ്ച് മണിക്ക് ഗേറ്റ് അടച്ചതിനു ശേഷം ഇത്രയധികം വോട്ട് വീണ്ടും വന്നെന്ന കണക്കില്‍ വലിയ പൊരുത്തക്കേടുണ്ട്.
തെരഞ്ഞെടുപ്പിന്റെ മുഴുവന്‍ പ്രക്രിയയും കമീഷന് വിഡിയോഗ്രാഫ് ചെയ്യേണ്ടിവരും. വിവിപാറ്റ് സ്ലിപ്പുകളും കണക്കെടുക്കണം. എന്നാല്‍, വിഡിയോഗ്രാഫ് എവിടെ എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പ് കമീഷന് മറുപടിയില്ല. കമീഷന്‍ ഒരു വിശദീകരണവും നല്‍കുന്നില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയപ്പോഴും മറുപടി ഉണ്ടായിരുന്നില്ലെന്ന് പരകാല പ്രഭാകര്‍ അഭിമുഖത്തില്‍ പറയുന്നു. ഇതേ സമയത്തു തന്നെ വോട്ടെടുപ്പു നടന്ന ഝാര്‍ഖണ്ഡില്‍ അഞ്ച് മണിക്കും രാത്രി 11.30നുമുള്ള പോളിങ് ശതമാനത്തിലെ വ്യത്യാസം 1.79 ശതമാനം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.