തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്ന പരാതിയില്‍ ലോകായുക്ത വിധിയില്‍ ഒരു അദ്ഭുതവുമില്ല. അഴിമതിയും സ്വജനപക്ഷപാതവും നടന്നെന്നതിന് തെളിവുകളില്ലെന്ന ലോകയുക്ത വിധി പക്ഷപാതപരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
ഭരിക്കുന്നവരുടെ തന്നിഷ്ടപ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഉപയോഗിക്കാമെന്നാണ് വിധി നല്‍കുന്ന സന്ദേശം. സര്‍ക്കാരിന്റെ ഇഷ്ടക്കാരായ ആര്‍ക്ക് വേണമെങ്കിലും ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം നല്‍കാമെന്ന അപകടകരമായ സാഹചര്യം ഈ വിധി മൂലം ഉണ്ടാകും. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പരാതിക്കാരന്‍ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന് യു.ഡി.എഫ് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
പരാതിക്കാരനെ പേപ്പട്ടിയോട് ഉപമിച്ച ലോകായുക്തയില്‍ നിന്നും ഇത്തരമൊരു വിധിയല്ലാതെ മറിച്ചൊന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. നീതി നടപ്പാക്കുന്നതിന് പകരം മുഖ്യമന്ത്രിയോടുള്ള വിധേയത്വം പ്രകടിപ്പിക്കാനാണ് ഓരോ സിറ്റിങിലും ലോകായുക്ത ശ്രമിച്ചത്. ദുരിതാശ്വാസ നിധി പരാതിയില്‍ ഉള്‍പ്പെട്ട മുന്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍നായരുടെ ജീവചരിത്രം പ്രകാശനം ചെയ്ത ഉപലോകായുക്തമാരും ഈ വിധി പ്രസ്താവത്തിന്റെ ഭാഗമായെന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
നിയമസംവിധാനങ്ങളെ പോലും അഴിമതിക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്ന ഫാസിസ്റ്റ് ഭരണമാണ് പിണറായി വിജയന്‍ സംസ്ഥാനത്ത് നടത്തുന്നത്. സംസ്ഥാനത്തെ ഗുരുതര ധനപ്രതിസന്ധിയിലാക്കിയിട്ടും ഏതുവിധേനയും അഴിമതി നടത്തുകയെന്നതു മാത്രമാണ് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ലക്ഷ്യം. അഴിമതി വിരുദ്ധ നിയമ സംവിധാനത്തിന്റെ വിശ്വാസ്യതയാണ് ഈ വിധിയിലൂടെ ലോകായുക്ത ഇല്ലാതാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.