X
    Categories: Views

ചന്ദ്രിക: ശബ്ദമില്ലാത്തവരുടെ ശബ്ദം

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
(മാനേജിങ് ഡയരക്ടര്‍, ചന്ദ്രിക)

ഇന്ത്യയിലെ ന്യൂനപക്ഷ-പിന്നാക്ക-ദലിത് മുന്നേറ്റത്തിന്റെ ഇതിഹാസ പന്ഥാവിലെ നാഴികക്കല്ലുകളിലൊന്നിന്റെ പേരാണ് ചന്ദ്രിക. പ്രസിദ്ധീകരണത്തിന്റെ എണ്‍പത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ചന്ദ്രികക്ക് പറയാന്‍ രാജ്യത്തിന്റെയും കേരളത്തിന്റെയും വിശിഷ്യാ മലബാറിന്റെയും അധ:സ്ഥിത-മര്‍ദിത വിഭാഗങ്ങളുടെ ഉയര്‍ച്ചകളുടെ ഉജ്വല കഥകളാണ്. 1934 മാര്‍ച്ച് 26ന് കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച ചന്ദ്രികയുടെ കഴിഞ്ഞ എട്ടരപ്പതിറ്റാണ്ട് കേരളീയ നവോത്ഥാനത്തിന്റെ നാള്‍വഴികള്‍ കൂടിയാണ്. പകലന്തിയോളം മണ്ണിലും ചേറിലും കടലിലും വിയര്‍പ്പൊഴുക്കിയിരുന്ന പട്ടിണിപ്പാവങ്ങളുടെ ശബ്ദമായുയര്‍ന്ന ചന്ദ്രികയുടെ ഉത്തരവാദിത്തം കേവലം സാമ്പത്തിക താല്‍പര്യങ്ങളുടേതല്ല. ബ്രിട്ടീഷ് വാഴ്ചക്കാലം മുതല്‍ ഇന്നോളം വരെ കീഴാളജനതയുടെ സമ്പൂര്‍ണമായ ക്ഷേമവികാസത്തിന്റെ ബാധ്യതകൂടിയാണ് അത് ഏറ്റെടുത്തിട്ടുള്ളത്. കെ.എം സീതിസാഹിബിലൂടെ തുടങ്ങിവെച്ച ആ മഹത്തായ ദൗത്യമാണ് ആധുനിക സാങ്കേതികവിദ്യയുടെ ഉച്ചസ്ഥായിയില്‍ ഇന്ന് സമൂഹത്തോട് തലയുയര്‍ത്തിനിന്ന് സംവദിക്കാന്‍ ചന്ദ്രികയെയും ഒരു സമൂഹത്തെയും പ്രാപ്തമാക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ കേവലമൊരു മാധ്യമസ്ഥാപനം മാത്രമല്ല ചന്ദ്രിക. മറിച്ച് അതൊരു ബഹുജനപ്രസ്ഥാനം കൂടിയാണ്. 1930കളില്‍ പത്ര പ്രസിദ്ധീകരണം ദുര്‍ഭലമായ കാലത്ത് ആരംഭിച്ച ന്യൂനപക്ഷ ക്ഷേമം മുദ്രയാക്കിയ മാധ്യമദൗത്യത്തിന്റെ അത്യപൂര്‍വമായ വിജയകരമായ പരീക്ഷണം. അത്യുച്ചത്തില്‍ വിലപിച്ചിട്ടും കേള്‍ക്കാത്ത അധികാരികളുടെ കാതുകളില്‍ അലയടിച്ച ശബ്ദമില്ലാത്തവരുടെ ശബ്ദം.
നിരക്ഷരരും ദരിദ്രരുമായ ഒരു ജനതയുടെ മുന്നിലേക്കാണ് ചന്ദ്രിക പ്രശോഭിതമായി വന്നണയുന്നത്. സീതിസാഹിബിന് പുറമെ സത്താര്‍സേട്ട്, പ്രഥമ മാനേജിങ് ഡയരക്ടര്‍ സി.പി. മമ്മുക്കേയി, എ.കെ കുഞ്ഞിമായിന്‍ഹാജി എന്നിവര്‍ നേതൃത്വം നല്‍കിയ ചന്ദ്രിക ബാലാരിഷ്ടതകള്‍ക്കിടയിലും ഏറ്റെടുത്ത ദൗത്യം അന്നത്തെ കാലത്ത് അനിതരസാധാരണമായിരുന്നു. പ്രതിസന്ധികളുടെ താളപ്പിഴകള്‍ മറികടന്ന് കെ.കെ മുഹമ്മദ്ഷാഫി തുടങ്ങിയ പത്രാധിപന്‍മാരിലൂടെ ചന്ദ്രിക മുന്നേറി. 1946 ല്‍ കോഴിക്കോട്ടേക്ക് മാറി .എ.കെ കുഞ്ഞിമായിന്‍ഹാജി, സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്നിവരുടെ മാനേജിംഗ്ഡയറക്ടര്‍ പദവിയിലൂടെ ചന്ദ്രിക ഉയരങ്ങളിലേക്ക് കുതിച്ചു. 1950ലാണ് സി.എച്ച് മുഹമ്മദ് കോയ പത്രാധിപത്യം ഏറ്റെടുക്കുന്നത്. പ്രൊഫ. കെ.വി അബ്ദുറഹ്മാന്‍, വി.സി അബൂബക്കര്‍, പ്രൊഫ. മങ്കട അബ്ദുല്‍അസീസ്, റഹീംമേച്ചേരി തുടങ്ങിയ മണ്‍മറഞ്ഞ പത്രാധിപന്‍മാര്‍, എ.എം കുഞ്ഞിബാവ, പി.എ മുഹമ്മദ്കോയ, യു.എ. ബീരാന്‍, പി.എം അബൂബക്കര്‍ തുടങ്ങിയവര്‍ എല്ലാം ചന്ദ്രികയുടെ നേതൃസ്ഥാനങ്ങളിലിരുന്ന് തൂലിക ചലിപ്പിച്ചു. സി.എച്ചിലൂടെ കേരളത്തിന്റെ സാംസ്‌കാരിക -സാഹിത്യരംഗത്തും നിര്‍ണായകമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ചന്ദ്രികക്ക് കഴിഞ്ഞു. തനിക്ക് ആദ്യമായി എഴുത്തിനുള്ള പ്രതിഫലം സമ്മാനിച്ചത് ചന്ദ്രികയാണെന്ന് ജ്ഞാനപീഠ ജേതാവ് എം.ടി വാസുദേവന്‍ നായര്‍ ഏറെ അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്. സി.എച്ചിന്റെ കാലത്ത് കേരളത്തിലാകമാനം ഉണ്ടായിരുന്ന സാംസ്‌കാരിക മുന്നേറ്റത്തിന് അനുസൃതമായി ചന്ദ്രികയുടെ താളുകളിലൂടെ നിരവധി വിദ്യാഭ്യാസ-സാംസ്‌കാരിക സ്ഥാപനങ്ങള്‍ രൂപംകൊണ്ടു. സര്‍വകലാശാലകള്‍. സ്‌കൂളുകള്‍, കോളജുകള്‍, മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മെഡിക്കല്‍ കോളജുകള്‍ തുടങ്ങിയവ ചന്ദ്രികയുടെ കൂടി പ്രവര്‍ത്തനഫലമായി രൂപപ്പെട്ടതായിരുന്നു. ഫാറൂഖ് കോളജും കാലിക്കറ്റ് സര്‍വകലാശാലയും മലപ്പുറം ജില്ലയും ഇവയില്‍ പ്രധാനം.
സ്വാതന്ത്ര്യത്തിനു മുമ്പു തന്നെ രാജ്യത്തിന്റയും ജനങ്ങളുടെയും വിശിഷ്യാ ന്യൂനപക്ഷങ്ങളുടെയും അവകാശപോരാട്ടങ്ങള്‍ ചന്ദ്രികയുടെ താളുകളിലൂടെയാണ് രൂപാന്തരം പ്രാപിച്ചത്. മതന്യൂനപക്ഷങ്ങള്‍ക്ക് തൊഴില്‍സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വെച്ചത് ചന്ദ്രികയായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം വികസനം കാത്തുകിടന്ന പ്രദേശങ്ങള്‍ക്ക് ചന്ദ്രിക ഇന്ധനമായി. യുവാക്കളുടെയും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഉന്നമനത്തിന് ഊന്നല്‍ നല്‍കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ചന്ദ്രികയുടെ താളുകളിലൂടെ വെളിച്ചം കണ്ടു. അത് കണ്ടില്ലെന്ന ്നടിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്ക ്കഴിയില്ലെന്നായി.
രാജ്യത്തെ ന്യൂനപക്ഷപിന്നാക്ക ജനത അഭൂതപൂര്‍വമായ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന, രാജ്യം സാമ്പത്തികവും സാമൂഹികവുമായി പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ചന്ദ്രികക്കു കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ വന്നുചേര്‍ന്നിരിക്കുന്നുവെന്ന് നാം തിരിച്ചറിയുന്നു. സ്വാതന്ത്ര്യസമര കാലത്തും ബാബരിമസ്ജിദ് ധ്വംസനത്തിന്റെ തൊണ്ണൂറുകളിലും തുടങ്ങി വര്‍ഗീയവിധ്വംസക ശക്തികള്‍ ഇന്ന് രാജ്യത്താകമാനം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ആപത്ഭീഷണികളെ തരണം ചെയ്യേണ്ടതെങ്ങനെയെന്നതിനെക്കുറിച്ച് കൂലങ്കഷമായി ചര്‍ച്ചകള്‍ നടന്നുവരുന്ന കാലഘട്ടമാണിത്. യുവാക്കളുടെയും പൊതുസമൂഹത്തിന്റെയും വിദ്യാഭ്യാസത്തിനും അവരുടെ ധിഷണാപരമായ പുരോഗതിക്കും അവരെ സമാധാനത്തിന്റെയും സത്യത്തിന്റെയും വഴികളിലൂടെ നയിക്കുന്നതിനുമുള്ള ഉത്തരവാദിത്തം കൂടി ചന്ദ്രിക നിര്‍വഹിക്കുന്നു. സമൂഹത്തില്‍ അന്ത:ഛിദ്രവും വര്‍ഗീയവൈരവും സൃഷ്ടിച്ച് അധികാരമുതലെടുപ്പിന് ശ്രമിക്കുന്ന നിഗൂഢശക്തികളെയും രാജ്യത്തിന്റെ അധികാരപ്പുറത്ത് കയറിയിരുന്ന് പാവപ്പെട്ടവരെയും അരികുവല്‍കരിക്കപ്പെട്ടവരെയും വെല്ലുവിളിക്കുകയും കശാപ്പ് ചെയ്യുകയും ചെയ്യുന്ന ശക്തികളെയും എതിര്‍ത്ത് പരാജയപ്പെടുത്തുന്നതിനുള്ള ദിശാബോധവും ചങ്കൂറ്റവും പകര്‍ന്നു നല്‍കുന്നതില്‍ ചന്ദ്രിക വഹിക്കുന്ന പങ്ക് നിസ്തുലമാണ്.
നാടിനെ മതമൈത്രിയിലും പരസ്പരമാനവ സാഹോദര്യത്തിലും അണിമുറിയാതെ യോജിപ്പിച്ചുനിര്‍ത്താന്‍ മുസ്‌ലിംലീഗും ഇതര ജനാധിപത്യ രാഷ്ട്രീയ കക്ഷികളും വഹിക്കുന്ന മഹത്തായ ദൗത്യം വിജയിപ്പിച്ചെടുത്തത് ചന്ദ്രികയുടെ കൂടി പിന്തുണ കൊണ്ടാണെന്ന തിരിച്ചറിവ് സമൂഹത്തിനിന്നുണ്ട്. ആദര്‍ശനിഷ്ഠമായ സമുദായത്തിന്റെയും പൊതുസമൂഹത്തിന്റെയും നിര്‍മിതിക്ക് ചന്ദ്രികയുടെ താളുകള്‍ വഹിക്കുന്ന സേവനത്തെ പ്രത്യേകം പ്രശംസിക്കേണ്ടതായുണ്ട്. വരാനിരിക്കുന്ന നാളുകളും ആശങ്കയുടെയും ആകുലതയുടേതുമാകാതിരിക്കാനുള്ള ജാഗ്രതയാണ് കാലം നമ്മോടേവരോടും ആവശ്യപ്പെടുന്നത്. അതിനുള്ള പ്രകാശഗോപുരമായി നിലകൊള്ളാന്‍ എന്തുകൊണ്ടും ചന്ദ്രികക്ക് കഴിയുമെന്ന ്നിസ്സംശയം പറയാന്‍കഴിയും.
വ്യവസ്ഥാപിതമായ മാധ്യമപ്രവര്‍ത്തനത്തിന്റെ കാലം പോയ് മറയുകയാണിന്ന്. ഓരോരുത്തരും വാര്‍ത്താലേഖകരായി മാറുന്ന സാമൂഹികമാധ്യമങ്ങളുടെ കാലം. ഇതിലെ വെല്ലുവിളികളും മുന്‍കാലത്തെപോലെ തന്നെ ഏറെയാണ്. സമ്പത്തും സ്വാധീനവുമുള്ള ആര്‍ക്കും സമൂഹത്തെ തെറ്റായ വഴിക്ക് നയിക്കാനും അധികാരകേന്ദ്രങ്ങളെ വരച്ചവരയില്‍ നിര്‍ത്താനും കഴിയുന്ന കാലം. താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി അധികാര, സാമ്പത്തിക ശക്തികളുടെ കുഴലൂത്തുകാരാവാതെ രാജ്യതല്‍പര്യവും ആദര്‍ശ പ്രതിബദ്ധതയും ഉയര്‍ത്തിപ്പിടിക്കുന്ന മാധ്യമ പ്രവര്‍ത്തനത്തെയാണ് സമൂഹം ആഗ്രഹിക്കുന്നത്. ആ ജനാഭിലാഷത്തിന്റെ സാക്ഷാത്കാരമാണ് ചന്ദ്രികയുടെ ഈ എട്ടരപ്പതിറ്റാണ്ട് ചരിത്രം.
മുസ്‌ലിംകളാദി ന്യൂനപക്ഷ, അധഃസ്ഥിത പിന്നാക്ക ജനതയില്‍ അവകാശ ബോധവും സംഘടിത ശക്തിയും രൂപപ്പെടുത്തിയ പ്രസ്ഥാനമാണ് ചന്ദ്രിക. അവഗണനയുടെ ഇരുട്ടില്‍ കഴിഞ്ഞ ജനതയില്‍ അറിവും ആത്മവിശ്വാസവും പകര്‍ന്ന് വെളിച്ചത്തിലേക്ക് നയിച്ചു. അവരെ അധികാര ശക്തിയാക്കി. വിദ്യാഭ്യാസവും തൊഴിലും കൈവരിക്കാനുള്ള വഴികള്‍ തുറന്നുകൊടുത്തു. വര്‍ഗീയതക്കും തീവ്രവാദത്തിനുമെതിരെ സന്ധിയില്ലാതെ പൊരുതി. സമാധാനവും സംസ്‌കാരവും വിളയുന്ന മണ്ണായി കേരളത്തെ നിലനിര്‍ത്തുന്നതില്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറുകയാണ് ചന്ദ്രിക.

web desk 1: