X

ആംബുലന്‍സ് സ്വയം കണ്ടെത്തിക്കൊള്ളാന്‍ നിര്‍ദേശം: അമ്മയുടെ മൃതദേഹം വീട്ടിലെത്തിച്ചത് ബൈക്കില്‍ കെട്ടിവെച്ച്

പാട്‌ന: ആസ്പത്രി അധികൃതരുടെ നിരുത്തരവാദിത്വപരമായ സമീപനങ്ങള്‍ തുടരുന്നു. ഉത്തരേന്ത്യയില്‍ നിന്ന് വീണ്ടും അടിസ്ഥാന ആവശ്യങ്ങളുടെ നിഷേധത്തിന്റെ വാര്‍ത്ത. ഇത്തവണ വടക്ക് കിഴക്കന്‍ ബീഹാറിലുള്ള പൂര്‍ണിയ ജില്ലയില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്.

ആസ്പത്രി അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചതിനെത്തുടര്‍ന്ന് പപ്പു എന്ന തൊഴിലാളി അമ്മയുടെ മൃതദേഹം വീട്ടിലെത്തിച്ചത് ബൈക്കില്‍ കെട്ടിവെച്ച്.

രോഗബാധിതയായ പപ്പുവിന്റെ അമ്മ സുശീല ദേവി പൂര്‍ണിയ സദര്‍ ജില്ലാ ആസ്പത്രിയില്‍ വെച്ച് വെള്ളിയാഴ്ചയാണ് മരിച്ചത്. മൃതദേഹം വീട്ടിലെത്താന്‍ ആംബുലന്‍സ് ചോദിക്കാന്‍ തനിയെ കണ്ടെത്തിക്കൊള്ളാനാണ് ആസ്പത്രി അധികൃതര്‍ പറഞ്ഞതെന്ന് പപ്പുവിന്റെ അച്ഛനും സുശീലയുടെ ഭര്‍ത്താവുമായ ശങ്കര്‍ ഷാ പറഞ്ഞു.
”വാഹനത്തിന്റെ ഡ്യൂട്ടിയിലുള്ള ജീവനക്കാരനോട് ചോദിച്ചപ്പോള്‍ സ്വന്തമായി ഏര്‍പ്പെടുത്താനാണ് പറഞ്ഞത്. മറ്റൊരു ആംബുലന്‍സ് ഡ്രൈവറുടെ സമീപത്തെത്തിയപ്പോള്‍ 2,500 രൂപയാണ് അയാള്‍ ആവശ്യപ്പെട്ടത്”-ശങ്കര്‍ ഷാ പറഞ്ഞു.
ഗത്യന്തരമില്ലാതെയായതോടെ ശങ്കര്‍ഷായും മകന്‍ പപ്പുവും ചേര്‍ന്ന് മൃതദേഹം ബൈക്കില്‍ കെട്ടിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. അമ്മയുടെ മൃതശരീരം തുണി കൊണ്ട് പപ്പുവിന്റെ ദേഹത്തോട് ചേര്‍ത്തു കെട്ടി. താഴെ വീഴാതിരിക്കാന്‍ ശങ്കര്‍ ഷാ ചേര്‍ത്തു പിടിക്കുകയും ചെയ്തു.

ജില്ലാ ആസ്പത്രിയിലെ മോര്‍ച്ചറി വാന്‍ ഉപയോഗശൂന്യമാണെന്ന് സിവില്‍ സര്‍ജന്‍ എംഎം വസീം പ്രതികരിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി പൂര്‍ണിയ ജില്ലാ മജിസ്‌ട്രേറ്റ് പങ്കജ് കുമാര്‍ പാല്‍ പറഞ്ഞു.

chandrika: