കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ശ്രീലങ്കയില്‍ കടലാസ് ക്ഷാമത്തെ തുടര്‍ന്ന് സ്‌കൂള്‍ പരീക്ഷകള്‍ റദ്ദാക്കി. പ്രിന്റിങ് പേപ്പര്‍ കിട്ടാതായ സാഹചര്യത്തില്‍ ദശലക്ഷക്കണക്കിന് സ്‌കൂള്‍ കുട്ടികള്‍ക്ക് പരീക്ഷ എഴുതാനാവില്ല. പരീക്ഷകള്‍ അനിശ്ചിത കാലത്തേക്ക് നീട്ടിയതായി വിദ്യാഭ്യാസ അധികൃതര്‍ അറിയിച്ചു. ഇറക്കുമതിക്ക് പണം കണ്ടെത്താന്‍ രൂപയുടെ മൂല്യം കുറച്ചതാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം. വിദേശ കരുതല്‍ ശേഖരം തീര്‍ന്ന സാഹചര്യത്തില്‍ ആവശ്യത്തിന് കടലാസും മഷിയും ഇറക്കുമതി ചെയ്യാന്‍ സാധിക്കുന്നില്ല. രാജ്യത്ത് ഭക്ഷണത്തിനും ഇന്ധനത്തിനും മരുന്നുകള്‍ക്കും കടുത്ത ക്ഷാമം നേരിടുന്നുണ്ട്.
പ്രതിസന്ധി മറികടക്കുന്നതിന് ലങ്കന്‍ ഭരണകൂടം രക്ഷാപാക്കേജ് ആവശ്യപ്പെട്ട് ഐ.എം.എഫിനെ സമീപിച്ചിരിക്കുകയാണ്. പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ അപേക്ഷ പരിഗണിച്ചു തുടങ്ങിയതായി അന്താരാഷ്ട്ര മോണിറ്ററി ഫണ്ട് അറിയിച്ചു. ഭക്ഷ്യവസ്തുക്കളും മരുന്നും വാങ്ങാന്‍ ശ്രീലങ്ക ഇന്ത്യയില്‍നിന്ന് 100 കോടി ഡോളര്‍ വായ്പ വാങ്ങിയിട്ടുണ്ട്. രാജ്യ വ്യാപകമായി പലചരക്ക് കടകള്‍ക്കും പെട്രോള്‍ പമ്പുകള്‍ക്കും മുന്നില്‍ നീണ്ട ക്യൂവാണ്. വൈദ്യുതി ക്ഷാമം കാരണം പവര്‍ കട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അരി, പഞ്ചസാര, പാല്‍പ്പൊടി തുടങ്ങിയ അവശ്യ വസ്തുക്കള്‍ക്ക് റേഷനിങ് ഏര്‍പ്പെടുത്തി. ഇറക്കുമതി നിലച്ചതിനെത്തുടര്‍ന്ന് ഒരു കിലോ അരിക്ക് നൂറിലേറെ ഇന്ത്യന്‍ രൂപ കൊടുക്കണം. അവശ്യവസ്തുക്കളുടെ ക്ഷാമം രാജ്യത്തിന്റെ ക്രസമാധാന നിലയെ തകര്‍ക്കുന്ന രൂപത്തിലേക്ക് വളര്‍ന്നിരിക്കുകയാണ്. കടം തിരിച്ചടക്കാന്‍ ലങ്കന്‍ ഭരണകൂടം ചൈനയുടെ സഹായം തേടിയിരുന്നു. പക്ഷെ, ചൈനീസ് ഭരണകൂടം ഇതുവരെയും പ്രതികരിച്ചിട്ടില്ല.