തിരുവനന്തപുരം: വാരിക്കോരി നല്‍കിയ വാഗ്ദാനങ്ങള്‍ മാത്രമായി പിണറായി സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടികളെല്ലാം കടലാസിലൊതുങ്ങി. 2021 ജൂണ്‍ 11 മുതല്‍ സപ്തംബര്‍ 19 വരെ പ്രഖ്യാപിച്ച ഒന്നാം കര്‍മപരിപാടിയിലെ പല കാര്യങ്ങളും ഒഴിവാക്കിയാണ് രണ്ടാം 100 ദിന പദ്ധതി അവതരിപ്പിച്ചത്. നൂറു ദിവസത്തിനുള്ളില്‍ 140 നിയമസഭാ മണ്ഡലങ്ങളില്‍ 100 കുടുംബങ്ങള്‍ക്കും 30,000 സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കെ ഫോണ്‍ കണക്ഷന്‍ നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഒന്നാം പിണറായി സര്‍ക്കാരിന്റെ 20171- 18 ബജറ്റില്‍ പ്രഖ്യാപിച്ചതാണ് കെ ഫോണ്‍ പദ്ധതി. 2019ല്‍ കരാര്‍ ഒപ്പിട്ട 1000 കോടി മൂലധന ചെലവു വരുന്ന പദ്ധതി 18 മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് പറഞ്ഞിരുന്നത്. അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഒരാള്‍ക്കു പോലും സൗജന്യ ഇന്റര്‍നെറ്റ് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഇരുപതു ലക്ഷത്തിനു പകരം 14,000 കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്‍കാമെന്നാണ് ഇപ്പോള്‍ പുതുക്കിയ വാഗ്ദാനം.പരമാവധി നിയമനങ്ങള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും അതുവഴി നിയമനം നടത്തുമെന്നുമായിരുന്നു സര്‍ക്കാരിന്റെ ആദ്യ നൂറുദിന കര്‍മ പരിപാടിയിലെ ഏറ്റവും വലിയ പ്രഖ്യാപനം. എന്നാല്‍ രണ്ടാം നൂറുദിന കര്‍മ പരിപാടിയില്‍ പി.എസ്.സിയെക്കുറിച്ച് ഒന്നും മിണ്ടിയില്ല. മാത്രമല്ല, പല തസ്തികകളും വെട്ടിക്കുറച്ചു.
കോവിഡ് മൂലം തൊഴിലവസരങ്ങള്‍ ഇല്ലാതായവര്‍ക്ക് അതിന്റെ ആഘാതം നേരിടാന്‍ സാമ്പത്തിക ഉത്തേജനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള പരിപാടികള്‍ കഴിഞ്ഞ 100 ദിന പദ്ധതിയില്‍ ഉള്‍പെടുത്തിയിരുന്നു. ജോലി നഷ്ടമായി നാട്ടില്‍ വരുന്ന പ്രവാസികള്‍ക്ക് ആറ് മാസത്തെ ശമ്പളം, കോവിഡ് കാലത്ത് നാട്ടില്‍ കുടുങ്ങിയ എല്ലാ പ്രവാസികള്‍ക്കും അയ്യായിരം രൂപ തുടങ്ങിയ വാഗ്ദാനങ്ങളൊന്നും നടപ്പായിട്ടില്ല. പ്രവാസികള്‍ക്ക് ബജറ്റില്‍ 3000 രൂപയായി വര്‍ധിപ്പിച്ച പെന്‍ഷനും നല്‍കിയിട്ടില്ല.
2021 അവസാനത്തോടെ ഭവനരഹിതരില്ലാത്ത കേരളം എന്നതായിരുന്നു ഒന്നാം പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച അപേക്ഷകള്‍ പോലും പരിശോധിച്ചിട്ടില്ല. വാതില്‍പ്പടി സേവനം, അതിദാരിദ്ര്യ സര്‍വേ, സുഭിക്ഷ ഹോട്ടലുകള്‍, ഡിജിറ്റല്‍ സര്‍വേ, ജൈവ കൃഷി തുടങ്ങിയവ മുന്‍ പ്രഖ്യാപനങ്ങളുടെ ആവര്‍ത്തനം മാത്രമാണ്.