X

പാനൂർ ബോംബ് സ്ഫോടനം; മരിച്ച ഷെറിൻ്റെ വീട്ടിൽ സിപിഎം നേതാക്കളെത്തി

പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്റെ വീട്ടില്‍ സിപിഎം നേതാക്കളെത്തി. സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം സുധീര്‍ കുമാര്‍, പൊയിലൂര്‍ ലോക്കല്‍കമ്മിറ്റി അംഗം എ അശോകന്‍ എന്നിവര്‍ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. ശവസംസ്‌കാരത്തിന് മുന്‍പായിരുന്നു നേതാക്കള്‍ വീട്ടിലെത്തിയത്. പാര്‍ട്ടിയുമായി പ്രതികള്‍ക്ക് ബന്ധമില്ലെന്നായിരുന്നു നേരത്തെ സിപിഎം നിലപാട്. പാര്‍ട്ടി പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ പ്രതിയാണ് ബോംബ് നിര്‍മ്മിച്ചതെന്ന് സിപിഎം പറഞ്ഞിരുന്നു.

കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതൃത്വം ഇറക്കിയ പ്രസ്താവനയിലായിരുന്നു പ്രതികളെ തള്ളിപ്പറഞ്ഞിരുന്നത്. സ്‌ഫോടനത്തില്‍ പരിക്കുപറ്റിയ ബിനീഷ് സിപിഎം പ്രവര്‍ത്തകരെ അക്രമിച്ച കേസിലുള്‍പ്പടെ പ്രതിയാണ്. മരിച്ച ഷെറിനും സമാനമായ കേസില്‍ പ്രതിയാണ്.

ആ ഘട്ടത്തില്‍ തന്നെ ഇയാളെ പാര്‍ട്ടി തളളിപ്പറഞ്ഞതുമാണ്. നാട്ടില്‍ അനാവശ്യമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് പാര്‍ട്ടി പരസ്യമായി തള്ളിപ്പറഞ്ഞത്. അത്തരം ഒരു സാഹചര്യത്തില്‍ സ്‌ഫോടനത്തില്‍ പരിക്കുപറ്റിയവര്‍ സിപിഎം പ്രവര്‍ത്തകര്‍ എന്ന നിലയിലുള്ള പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ളതാണെന്ന് പ്രസ്താവന ചൂണ്ടിക്കാണിച്ചിരുന്നു.

നേരത്തെ പാനൂരില്‍ ബോംബ് സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് പൊട്ടാത്ത ബോംബ് കണ്ടെടുത്തിരുന്നു. ബോംബ് ഉണ്ടാക്കുന്നതിനുള്ള സ്‌ഫോടക വസ്തുക്കളും ഇവിടെ നിന്ന് കണ്ടെത്തി. പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് രാത്രി ഒരു മണിയോടെയാണ് ബോംബ് സ്‌ഫോടനമുണ്ടായത്. ബോംബ് നിര്‍മ്മാണത്തിനിടെയാണ് അപകടമുണ്ടായത്.

അപകടത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റ മകന്‍ കൂടിയായ വിനീഷിന്റെ ഇരുകൈപ്പത്തികളും അറ്റുപോയിരുന്നു. ഇതിനിടെ സ്ഫോടനത്തില്‍ മുഖത്ത് ഗുരുതരമായി പരിക്കേറ്റാണ് ഷെറിന്‍ മരിച്ചത്. സ്‌ഫോടനത്തില്‍ ഷെറിന്റെ മുഖത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. നാല് പേര്‍ക്കായിരുന്നു സ്ഫോടനത്തില്‍ പരിക്കേറ്റത്.

പാനൂര്‍ ബോംബ് സ്‌ഫോടന കേസില്‍ ഇതുവരെ നാല് പേര്‍ അറസ്റ്റിലായിട്ടുണ്ട്. സ്ഫോടനം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ചെണ്ടയാട് സ്വദേശി കെ കെ അരുണ്‍, കുന്നോത്തുപറമ്പ് സ്വദേശി കെ അതുല്‍, ചെറുപറമ്പ് സ്വദേശി ഷിബിന്‍ ലാല്‍, സായുജ് എന്നിവരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. ബോംബ് നിര്‍മ്മാണ സമയത്ത് സ്ഥലത്തുണ്ടായിരുന്ന എല്ലാവരെയും തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചിരുന്നു.

webdesk13: