X

പാനൂർ ബോംബ് സ്ഫോടനക്കേസ്; റിമാൻഡ് റിപ്പോർട്ടില്‍ മലക്കം മറിഞ്ഞ് പൊലീസ്‌

പാനൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ വ്യത്യസ്ത റിമാന്‍ഡ് റിപ്പോര്‍ട്ടുമായി പൊലീസ്‌. ആദ്യം പിടിയിലായ 3 പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടുകളില്‍ പൊതുതിരഞ്ഞെടുപ്പും രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടാണ് ബോംബ് നിര്‍മ്മിച്ചതെന്നും വ്യക്തമാക്കിയ പൊലീസ്‌
പിന്നീടുള്ള 3 റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നില്ല. ഇക്കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് പുലര്‍ച്ചെ 1.30 ഓടുകൂടിയാണ് കുന്നോത്ത് പറമ്പ് മുളിയം തോട്ടില്‍ നിര്‍മ്മാണത്തിലിരുന്ന വീടിന്റെ ടെറസില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം ഉണ്ടായത്.

കൂത്തുപറമ്പ് എസ്പി കെ.വി. വേണുഗോപാല്‍, പാനൂര്‍ പൊലീസ്‌ ഇന്‍സ്‌പെക്ടര്‍ പ്രേം സദന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. സ്‌ഫോടനത്തില്‍ മരിച്ച ഷെറില്‍ ഉള്‍പ്പെടെ 15 പ്രതികളാണ് കേസില്‍ ഉള്ളത്. പാനൂര്‍ ഇന്‍സ്‌പെക്ടര്‍ പ്രേംസദന്‍ തലശേരി അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചത്.

ഏപ്രില്‍ 6 ന് സമര്‍പ്പിച്ച ആദ്യ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് എതിരെ പ്രയോഗിക്കുന്നതിനും ആസന്നമായ പൊതുതിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ഭംഗം വരുത്തണമെന്ന ഉദ്ദേശ്യത്തോടെയുമാണ് പ്രതികള്‍ ബോംബ് നിര്‍മ്മിച്ചതെന്ന് പറയുന്നു. എപ്രില്‍ 7 നും, 8 നും നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ എ പ്രില്‍ 10 ന് നല്‍കിയ നാലാമത്തെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പാനൂര്‍ സ്റ്റേഷന്‍ പരിധിയിലെ കുയിമ്പില്‍ ക്ഷേത്രപരിസരത്തുണ്ടായ സംഘര്‍ഷമാണ് ബോംബ് നിര്‍മ്മാണത്തിന് കാരണമെന്നാണ് പറയുന്നത്. നേരത്തെ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്ന രാഷ്ട്രീയ എതിര്‍പ്പും തിരഞ്ഞെടുപ്പ് സാഹചര്യവും ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. എപ്രില്‍ 14 നും 19 നും നല്‍കിയ റിപ്പോര്‍ട്ടുകളിലും സമാന പരാമര്‍ശമാണുള്ളത്.

പ്രാദേശികമായി രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെപ്പറ്റി ആദ്യത്തെ 3 റിമാന്‍ഡ് റിപ്പോര്‍ട്ടിലും പരാമര്‍ശിക്കാത്ത പോലീസ് മറ്റു 3 റിപ്പോര്‍ട്ടുകളിലും ഇതാണ് ബോംബ് നിര്‍മ്മാണത്തിന് കാരണമെന്ന് പറയുന്നു. ഇതിനിടെ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ പരുക്ക് പറ്റി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന വലിയപറമ്പത്ത് വി.പി. വിനീഷിനെ തുടര്‍ചികിത്സക്കായി സിപിഎം നിയന്ത്രണത്തിലുള്ള തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി.

സ്‌ഫോടനത്തില്‍ ഇടതു കൈപ്പത്തി അറ്റുപോയി ഗുരുതരമായി പരുക്കേറ്റ് ഒരുമാസമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിനീഷിനെ കഴിഞ്ഞ ദിവസമാണ് തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റിയത്. വിനീഷിന്റെ ചികിത്സാചെലവ് പാര്‍ട്ടി ആണ് ഏറ്റെടുത്ത് ചെയ്യുന്നത് എന്ന വിമര്‍ശനം ആണ് ഉയരുന്നത്. ബോംബ് നിര്‍മ്മാണത്തില്‍ സിപിഎമ്മിനുള്ള പങ്ക് വെളിച്ചത്ത് വന്നതായി ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

ആശുപത്രിയില്‍ പോലീസിന്റെ നിരീക്ഷണത്തിലുള്ള പ്രതിയെ ആശുപത്രി വിടുന്നതോടെ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് പറയുന്നത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിനീഷ് ഒഴികെയുള്ള എല്ലാ പ്രതികളും അറസ്റ്റില്‍ ആയിട്ടുണ്ട്. ബോംബ് നിര്‍മ്മാണത്തില്‍ നേരിട്ട് പങ്കെടുത്ത ആളാണ് വിനീഷ് എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കേസില്‍ സ്‌ഫോടനത്തിനിടെ മരിച്ച ഷെറിന്‍ അSക്കം 15 പ്രതികളാണുള്ളത്.

webdesk13: