X

പാനൂര്‍ സ്‌ഫോടനക്കേസ്; മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

കണ്ണൂരിലെ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. കതിരൂര്‍ സ്വദേശികളായ സജിലേഷ്, ജിജോഷ്, വടകര സ്വദേശി ബാബു എന്നിവരാണ് അറസ്റ്റിലായത്. സജിലേഷ് ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയാണ്. സ്ഫോടനത്തിന് എവിടെ നിന്ന് വെടിമരുന്ന് ലഭിച്ചെന്ന പൊലീസ് പരിശോധനക്കിടെ വടകര മടപ്പള്ളിയില്‍ നിന്ന് വെടിമരുന്ന് പിടിച്ചെടുത്തിരുന്നു.

വടകരയില്‍ നിന്ന് പാനൂരില്‍ ബോംബ് നിര്‍മിക്കാന്‍ വെടിമരുന്ന് എത്തിച്ച സംഭവത്തിലാണ് വടകര സ്വദേശി ബാബു അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് മറ്റു രണ്ടുപേരെ കൂടി പൊലീസ് പിടികൂടുന്നത്. മൂന്ന് കിലോ വെടിമരുന്നാണ് മടപ്പള്ളിയില്‍ നിന്ന് കണ്ടെടുത്തത്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പൊലീസ്, ബോംബ് സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്.

പാനൂരില്‍ നിര്‍മാണത്തിനിടെയായിരുന്നു ബോംബ് പൊട്ടിത്തെറിച്ച് ഒരാള്‍ മരണപ്പെട്ടത്. തുടര്‍ന്ന് പൊലീസ് പ്രദേശത്ത് നടത്തിയ പരിശോധനയില്‍ കൂടുതല്‍ സ്റ്റീല്‍ ബോംബുകളടക്കം കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയുടെ അതിര്‍ത്തി പ്രദേശത്തും ബോംബ് സക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന വ്യാപകമാക്കാന്‍ പൊലീസ് തീരുമാനിച്ചത്.

ബോംബ് നിർമാണത്തിന്‍റെ മുഖ്യസൂത്രധാരൻ ഉൾപ്പെടെ ഒമ്പത് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യ ആസൂത്രകൻ കുന്നോത്ത്പറമ്പ് ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി മീത്തലെ കുന്നോത്ത്പറമ്പ് തങ്കേശ പുരയിൽ ഷാജിൽ (27), കരിയാവുള്ളതിൽ ചാലി അക്ഷയ് (27), ഡി.വൈ.എഫ്.ഐ മീത്തലെ കുന്നോത്തുപറമ്പ് യൂനിറ്റ് സെക്രട്ടറി അമൽ ബാബു (28), മുളിയാത്തോട്ടെ സി.പി.എം പ്രവർത്തകൻ കരിപ്പന കാട്ടിൽ മിഥുൻ (31), ചെറുപ്പറമ്പ് അടുങ്കുടിയവയലിൽ അടുപ്പുകൂട്ടിയപറമ്പത്ത് ഷബിൻലാൽ (27), സെൻട്രൽ കുന്നോത്തുപറമ്പിലെ കിഴക്കയിൽ അതുൽ (30), ചെണ്ടയാട് പാടാന്റതാഴ ഉറപ്പുള്ളകണ്ടിയിൽ അരുൺ (29), കുന്നോത്തുപറമ്പ് ചിറക്കരാണ്ടിമ്മൽ സായൂജ് (24) അടക്കമുള്ളവരാണ് അറസ്റ്റിലായത്.

ഏപ്രിൽ അഞ്ചിനാണ് കുന്നോത്തുപറമ്പ് മുളിയാത്തോട്ടിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സി.പി.എം അനു​ഭാവിയായ കൈവേലിക്കൽ എലിക്കൊത്തീന്റവിട കാട്ടീന്റവിട ഷെറിൻ കൊല്ലപ്പെട്ടത്. മൂന്നു പേർക്കു പരിക്കേറ്റു. മുളിയാത്തോടിലെ വലിയപറമ്പത്ത് വിനീഷ് (39), മീത്തലെ കുന്നോത്തുപറമ്പ് ചിറക്കരാണ്ടീമ്മൽ വിനോദ് (39), സെൻട്രൽ കുന്നോത്തുപറമ്പിലെ കല്ലായീന്റവിട അശ്വന്ത് (28) എന്നിവർക്കാണു പരിക്കേറ്റത്.

webdesk13: