ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കെ പാനൂരിലെ സ്ഫോടനത്തിൽ കൈകഴുകാനാവാതെ സി.പി.എം. സ്ഫോടനത്തിൽ മരിച്ച മുളിയാത്തോട് കാട്ടിന്റവിട ഷറിലും ഗുരുതരാവസ്ഥയിൽ കഴിയുന്ന വലിയപറമ്പത്ത് വിനീഷിനും പുറമെ അറസ്റ്റിലായവരെല്ലാം സി.പി.എമ്മുമായി അടുത്ത ബന്ധമുള്ളവർ. പാർട്ടിയുമായി ബന്ധമില്ലെന്ന് നേതൃത്വം ആവർത്തിക്കുമ്പോഴും ഇവരുടെ പാർട്ടിക്കൂറ് അങ്ങാടിപ്പാട്ടാണ്. അതിനാൽ, പാർട്ടിബന്ധമില്ലെന്ന പ്രതിരോധം പാനൂരിനു പുറത്തുമാത്രമേ പറയാൻപോലും പറ്റുകയുള്ളൂവെന്നാണ് സ്ഥിതി.
സി.പി.എമ്മുകാരെ മർദിച്ച കേസിൽ പ്രതികളാണ് മരിച്ച ഷറിലും പരിക്കേറ്റ വിനീഷും എന്ന കച്ചിത്തുരുമ്പിൽ പിടിച്ചാണ് പാർട്ടിയുടെ പ്രതിരോധം മുഴുവൻ. പാനൂർ ഏരിയ സെക്രട്ടറി മുതൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വരെ ഈ വിഷയമാണ് ആവർത്തിക്കുന്നത്. എന്നാൽ, നേതാക്കൾ വിശദീകരിക്കുന്നതുപോലെ ആ സംഭവം രാഷ്ട്രീയമല്ല.
ബ്ലേഡ് പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തിലാണ് ഷറിലും വിനീഷും ചെണ്ടയാട് സ്വദേശികളായ സി.പി.എം പ്രവർത്തകരെ ആക്രമിച്ചത്. ബ്ലേഡ് പണപ്പിരിവിന് ഇറങ്ങിയപ്പോഴാണ് ഇത്തരമൊരു സംഭവമുണ്ടായത്. തർക്കത്തിനിടെ ഹെൽമറ്റുകൊണ്ട് മർദിച്ചെന്ന കേസിൽ ഇരുവർക്കുമെതിരെ പാനൂർ പൊലീസിലാണ് കേസുള്ളത്. പണമിടപാടുമായി ബന്ധപ്പെട്ട തർക്കവും അടിപിടിയുമാണ് പാർട്ടിപ്രവർത്തകരെ മർദിച്ച കേസെന്ന നിലയിൽ വ്യാഖ്യാനിക്കുന്നത്.
പാർട്ടിക്കുവേണ്ടി സംഘട്ടനത്തിൽ ഏർപ്പെടുന്ന പലരും ക്വട്ടേഷൻ ജോലിയും ഏറ്റെടുക്കാറുണ്ടെന്നാണ് കണ്ണൂരിലെ സ്ഥിതി. സ്വർണക്കടത്തുകാരിൽനിന്ന് സ്വർണം തട്ടിയെടുക്കൽ, കുഴൽപ്പണ സംഘത്തിൽനിന്ന് പണംപിടിച്ചുപറി തുടങ്ങിയ പ്രവൃത്തികളിൽ ഏർപ്പെടുന്നവർതന്നെയാണ് ‘തല്ലാനും കൊല്ലാനും’ പോവുന്നത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ക്വട്ടേഷൻ ടീമും ഇത്തരം ജോലികൾ നടത്തിയവരാണ്.
പാനൂരിൽ സ്ഫോടനത്തിലെ പ്രതികളും ടി.പി. കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ചിലരുമായി അടുത്ത ബന്ധം പുലർത്തിയവരാണ്. സ്ഫോടനസമയത്ത് ഒരു ഡസനോളം പേർ അവിടെയുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നവർ എന്ന നിലക്കാണ് ഇവരെല്ലാം അറിയപ്പെടുന്നത്.