X

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: വീട്ടുകാർക്കൊപ്പം പോകാൻ താത്പര്യമില്ലെന്ന് യുവതി

പന്തീരാങ്കാവ് ഭർതൃപീഡനക്കേസിലെ പരാതിക്കാരിയായ പെൺകുട്ടിയെ പൊലീസ് വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത യുവതിയെ ഇന്നലെ രാത്രി തന്നെ മജിസ്‌ട്രേട്ടിന്റെ മുന്നിൽ ഹാജരാക്കിയിരുന്നു. അച്ഛനും സഹോദരനും വന്നെങ്കിലും അവർക്കൊപ്പം പോകാൻ താൽപര്യമില്ലെന്ന് പറഞ്ഞു.

യുവതിയെ കാണാനില്ലെന്ന് കാട്ടി പിതാവ് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. യുവതി ഡൽഹിക്ക് തിരികെ പോയി, ഇന്നലെ രാത്രി തന്നെ യുവതിയെ മജിസ്‌ട്രേട്ടിന്റെ മുന്നിൽ ഹാജരാക്കിയിരുന്നു. രാത്രി എട്ടരയോടെയാണ് പെൺകുട്ടി നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്. ഇതിനുശേഷം പെൺകുട്ടിയെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. ഓഫിസിലേക്കെന്നു പറഞ്ഞു 10 ദിവസം മുൻപാണു യുവതി വീട്ടിൽനിന്നു പോയത്.

യുവതി യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വിഡിയോ സന്ദേശങ്ങൾ പിന്തുടർന്നാണു പൊലീസ് ഡൽഹിയിൽ യുവതി താമസിച്ച സ്ഥലം കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ ഡൽഹിയിൽ നിന്നു കഠ്മണ്ഡുവിലേക്കു കടക്കാനുള്ള തയാറെടുപ്പിലായിരുന്നു യുവതിയെന്നാണു പൊലീസ് നൽകുന്ന വിവരം.

ബന്ധുക്കളുടെ സമ്മർദത്തെ തുടർന്നാണ് ഭർത്താവിനെതിരെ ഗാർഹിക പീഡന പരാതി നൽകിയതെന്ന് പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. ആരുടെയോ സമ്മർദനത്തിനു വഴങ്ങിയാണ് പെൺകുട്ടി മൊഴി മാറ്റിയതെന്നാണ് പെൺകുട്ടിയുടെ കുടുംബം പറയുന്നത്. പല ലോക്കേഷനുകളിൽ നിന്നായാണ് യുവതി മൂന്ന് വിഡിയോകളും അപ് ലോഡ് ചെയ്തതെന്നാണ് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നത്.

താൻ കുടുക്കിൽപെട്ടിരിക്കുകയാണെന്നും തന്നെ കാണാനില്ലെന്ന പരാതി പിൻവലിക്കണമെന്നും ബുധനാഴ്ച അമ്മയെ വാട്സാപ് കോൾ വിളിച്ച് യുവതി ആവശ്യപ്പെട്ടിരുന്നു. പരാതി പിൻവലിക്കില്ലെന്ന് അമ്മ ഉറപ്പിച്ചു പറഞ്ഞതോടെ യുവതി കോൾ കട്ട് ചെയ്തു. ഇക്കാര്യവും ബന്ധുക്കൾ പൊലീസിനെ അറിയിച്ചിരുന്നു. ഈ കോൾ വിവരങ്ങളും പൊലീസിനു യുവതിയെ കണ്ടെത്താൻ സഹായകമായി. താൻ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണു ഭർത്താവ് രാഹുലിനെതിരെ സ്ത്രീധന പീഡന പരാതി നൽകിയതെന്നും രാഹുൽ നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടി തന്റെ യുട്യൂബ് ചാനൽ മുഖേന മൂന്നു വിഡിയോകൾ യുവതി പുറത്തുവിട്ടിരുന്നു.

webdesk14: