പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുൽ പി ഗോപാലിന്റെ സുഹൃത്ത് മാങ്കാവ് സ്വദേശി രാജേഷിന് ജാമ്യം. പ്രതിക്ക് വിദേശത്തേക്ക് കടക്കാൻ സഹായം നൽകിയെന്ന കണ്ടെത്തലിലാണ് ചോദ്യം ചെയ്ത ശേഷം അറസ്‌റ് രേഖപ്പെടുത്തിയത്. രാഹുലിനായി ബ്ലൂ കോർണർ നോട്ടീസും പുറത്തിറക്കി.
പൊലീസിന് ജാമ്യം നൽകാവുന്ന കേസ് എന്ന് പ്രതിഭാഗം അഡ്വക്കേറ്റ് എം കെ ദിനേശൻ വാദിച്ചു. പ്രതിക്കെതിരെ റിമാൻഡ് റിപ്പോർട്ട് നൽകിയത് നിയമവിരുദ്ധമാണ്. പൊലീസിനെതിരെ നിയമനടപടി സ്വീകരിക്കും. പൊലീസ് മുഖം രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിയായ രാഹുൽ പി ഗോപാൽ കോഴിക്കോട് നിന്നും റോഡ് മാർഗമാണ് ബംഗ്ലുളൂരിൽ എത്തിയത്. പിന്നീട് വിദേശത്തേക്ക് കടന്നു. ഇതിൽ ഉൾപ്പെടെ മാങ്കാവ് സ്വദേശിയായ രാജേഷ് സഹായം നൽകി എന്നാണ് കണ്ടെത്തൽ. പെൺകുട്ടിയുടെ മൊഴിയിലും രാജേഷിനെതിരെ പരാമർശം ഉണ്ട്. വിശാദമായി ചോദ്യം ചെയ്ത ശേഷമാണ് 212 വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.
രാഹുൽ ജർമ്മനിയിലാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. എയർപോർട്ടുകളിലും ജോലി ചെയ്യുന്ന സ്ഥാപനത്തിലും നോട്ടീസ് നൽകിയിട്ടുണ്ട്. നേരത്തെ പ്രതി വിദേശത്തേക്ക് മുങ്ങിയെന്ന സംശയം അന്വേഷണ സംഘം പ്രകടിപ്പിച്ചിരുന്നു. സിംഗപ്പൂരിലേക്കാണ് പ്രതി കടന്നതെന്ന അഭ്യൂഹങ്ങളും നേരത്തെ ഉണ്ടായിരുന്നു.