ചെന്നൈ: ശശികലക്കെതിരെ ആഞ്ഞടിച്ച മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തെ എഐഎഡിഎംകെ ട്രഷറര്‍ സ്ഥാനത്തു നിന്ന് പാര്‍ട്ടി നീക്കി. പനീര്‍ശെല്‍വത്തിന്റെ വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്തതോടെയാണ് അടിയന്തരമായി പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിച്ചത്. ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈ അടക്കമുള്ള നേതാക്കള്‍ രാത്രി വൈകിയും പോയസ് ഗാര്‍ഡനിലെത്തി ശശികലയുമായി കൂടിക്കാഴ്ച നടത്തി.
കൂടുതല്‍ എംഎല്‍എമാര്‍ പനീര്‍ശെല്‍വത്തിന്റെ ഒപ്പം പോകാതിരിക്കാനുള്ള തന്ത്രങ്ങളാണ് യോഗത്തില്‍ കൂടിയാലോചിച്ചതെന്നാണ് വിവരം. നിലവില്‍ 40 എംഎല്‍എമാര്‍ പനീര്‍ശെല്‍വത്തിനൊപ്പമുണ്ടെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മുഴുവന്‍ എംഎല്‍എമാരുടെയും പിന്തുണ ശശികലക്കുണ്ടെന്നാണ് അണ്ണാഡിഎംകെ വക്താവ് അപ്‌സര റെഡ്ഡി പറയുന്നത്. അതേസമയം, ജനങ്ങള്‍ക്കിടയില്‍ പനീര്‍ശെല്‍വത്തിനാണ് കൂടുതല്‍ പിന്തുണ. ശശികല ജയലളിതയുടെ തോഴി മാത്രമായിരുന്നു. രാഷ്ട്രീയത്തില്‍ അവര്‍ക്ക് മുന്‍പരിചയമില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശശികല യോഗ്യയല്ലെന്നും പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ വസതിക്കു മുന്നിലെത്തിയ പ്രവര്‍ത്തകര്‍ പറഞ്ഞു.
അതിനിടെ ഇന്നു രാവിലെ പത്തു മണിക്ക് അണ്ണാഡിഎംകെ എംഎല്‍എമാര്‍ യോഗം ചേരുന്നുണ്ട്. യോഗത്തില്‍ പനീര്‍ശെല്‍വം മുഖ്യമന്ത്രി സ്ഥാനത്തു നിന്നുള്ള രാജി പിന്‍വലിച്ചേക്കുമെന്നും സൂചനയുണ്ട്.