X

മുഖ്യമന്ത്രിയാകാന്‍ ചിന്നമ്മ രംഗത്തേക്ക്; പനീര്‍ സെല്‍വം സ്ഥാനമൊഴിയുമെന്ന് സൂചന

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജയലളിതയുടെ തോഴി ശശികല എത്തുമെന്ന് സൂചന. ഇതിനായി മുഖ്യമന്ത്രി പനീര്‍സെല്‍വം സ്ഥാനമൊഴിയുമെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. റവന്യൂ മന്ത്രി ആര്‍ബി ഉദയകുമാറാണ് ശശികല മുഖ്യമന്ത്രിയാകുന്നതിനെക്കുറിച്ചുള്ള സൂചന നല്‍കിയത്.

ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പനീര്‍സെല്‍വം സ്ഥാനമൊഴിയുമെന്ന് ഉദയകുമാര്‍ പറഞ്ഞത്. പാര്‍ട്ടിയുടേയും അധികാരത്തിന്റേയും പിന്‍ഗാമിയായി ജയലളിത കണ്ടിരുന്നത് ശശികലയെ ആണ്. അതുകൊണ്ടുതന്നെ അതിനായി പനീര്‍സെല്‍വം മുഖ്യമന്ത്രി സ്ഥാനമൊഴിയാന്‍ തയ്യാറാകുമെന്നും ഉദയകുമാര്‍ പറയുന്നു.

ശശികലയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് മറീന ബീച്ചില്‍ കഴിഞ്ഞ ദിവസം അണ്ണാ ഡിഎംകെയുടെ പോഷക സംഘടനയുടെ യോഗം നടന്നിരുന്നു. യോഗത്തില്‍ പങ്കെടുത്ത ഉദയകുമാര്‍ പാര്‍ട്ടിയെയും സംഘടയേയും നയിക്കാന്‍ ചിന്നമ്മക്ക് മാത്രമേ കഴിയൂവെന്ന്് ആവര്‍ത്തിച്ചു. ജയലളിതയുടെ മരണശേഷം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ശശികലയെ ഉയര്‍ത്തിയത് പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പാര്‍ട്ടിയിലെ ഒരു വിഭാഗം ആളുകള്‍ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.

chandrika: