ചെന്നൈ: പാര്‍ട്ടിയില്‍ ഉയര്‍ന്നുവരുന്ന ഭിന്നതകളെ മറികടന്ന് പാര്‍ട്ടിയെ ചിന്നമ്മ ശശികല തന്നെ നയിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍ശെല്‍വം. എഐഎഡിഎംകെയെ ശശികല നയിക്കും. ഇക്കാര്യത്തില്‍ അഭിപ്രായ ഭിന്നതയുള്ളവര്‍ യഥാര്‍ത്ഥ പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്നും പനീര്‍ശെല്‍വം പറഞ്ഞു.
ശശികലയെ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് എതിര്‍പ്പുമായി ഒരു വിഭാഗം ആളുകള്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ജയലളിതയുടെ സഹോദര പുത്രി ദീപയും എതിര്‍പ്പുന്നയിച്ച് രംഗത്തെത്തി. എതിര്‍പ്പുമായി പോയസ് ഗാര്‍ഡനുമുന്നിലും ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിയിരുന്നു.
ജയലളിതയുടെ രാഷ്ട്രീയ പിന്‍ഗാമിയാകാന്‍ താന്‍ ഒരുക്കമാണ്. നേതൃത്വം ഏറ്റെടുക്കാനുളള ശശികലയുടെ നീക്കം ജനാധിപത്യ വിരുദ്ധമാണെന്നും ജനങ്ങള്‍ ആഗ്രഹിച്ചാല്‍ താന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്നുമായിരുന്നു ദീപ പ്രതികരിച്ചത്. ഈ സാഹചര്യത്തിലാണ് ഉയര്‍ന്നുവന്ന എല്ലാ എതിര്‍പ്പുകളേയും അവഗണിച്ച് പനീര്‍ശെല്‍വം തന്നെ രംഗത്തെത്തുന്നത്.