X
    Categories: MoreViews

പനീര്‍സെല്‍വത്തില്‍ നിന്ന് അകന്ന് ബി.ജെ.പി; തമിഴ്‌നാട്ടില്‍ വിശ്വാസവോട്ടെടുപ്പ് നാളെ

ചെന്നൈ: എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ പനീര്‍സെല്‍വത്തിന്റെ കാലിടറി. ശശികല ജയിലില്‍ പോയാല്‍ പാര്‍ട്ടിയില്‍ നിന്നും കൂടുതല്‍ പേര്‍ തന്നെ തുണച്ചേക്കുമെന്ന് പനീര്‍സെല്‍വം കരുതിയിരുന്നെങ്കിലും അത് നടന്നില്ല. ശശികലയുടെ ജയില്‍വാസത്തിനൊപ്പം പളനിസ്വാമി അധികാരമേല്‍ക്കുന്ന കാഴ്ച്ചയാണുണ്ടായത്.

ശശികലക്കെതിരെ തിരിഞ്ഞ പനീര്‍സെല്‍വത്തിന് കരുത്തായി ഉണ്ടായിരുന്നത് ബി.ജെ.പിയുടേയും കേന്ദ്രസര്‍ക്കാരിന്റേയും പിന്തുണയായിരുന്നു. എന്നാല്‍ പളനിസ്വാമി അധികാരത്തിലേക്കെത്തിയതോടെ ഒ.പി.എസില്‍ നിന്നും അകലം പാലിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതേസമയം, ഒ.പി.എസിനൊപ്പം ശശികല ക്യാമ്പില്‍ നിന്ന് പുറത്തുചാടിയ പാണ്ഡ്യരാജന്‍ തിരിച്ച് പോകുന്നതിനും സാധ്യകളേറെയാണ്. സാഹചര്യങ്ങള്‍ പ്രതികൂലമായിരിക്കുന്നതിനാല്‍ ഇപ്പോള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്കെത്തിയിരിക്കുകയാണ് പനീര്‍സെല്‍വം. എന്നാല്‍ പനീര്‍സെല്‍വം ഒഴികെ മറ്റെല്ലാവര്‍ക്കും പാര്‍ട്ടിയിലേക്ക് തിരിച്ച് വരാമെന്നാണ് ശശികല പക്ഷത്തിന്റെ നിലപാട്. പളനിസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ പനീര്‍സെല്‍വത്തിന്റെ വീടിനുനേരെ ആക്രമണം നടന്നിരുന്നു. ഇതിനു പിന്നില്‍ ശശികലപക്ഷമാണെന്നാണ് സൂചന.
അതേസമയം, മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ഇന്ന് സെക്രട്ടറിയേറ്റിലെത്തി ചുമതലയേറ്റെടുത്തേക്കും.നാളെയാണ് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുന്നത്. നൂറ്റിപതിനെട്ട് എം.എല്‍.എമാരുടെ പിന്തുണയാണ് അണ്ണാ ഡി.എം.കെയ്ക്ക് ഭരണം നിലനിര്‍ത്താന്‍ ആവശ്യം.ശശികല പക്ഷത്തുള്ള എം.എല്‍.എമാരില്‍ ഭൂരിപക്ഷവും ഇപ്പോഴും കൂവത്തൂരിലെ റിസോര്‍ട്ടില്‍ തുടരുകയാണ്. വിശ്വാസവോട്ടെടുപ്പിന് ശേഷം പളനിസ്വാമിയും മന്ത്രിമാരും പരപ്പന അഗ്രഹാര ജയിലിലെത്തി ശശികലയെ കണ്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

chandrika: