X

കാര്‍ത്തിക്കും പാണെ്ഡയും മിന്നി; ലങ്കയെ കശക്കി ഇന്ത്യ

കൊളംബോ: നിധാസ് ട്രോഫി ത്രിരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. മഴ കാരണം 95 മിനുട്ട് വൈകി ആരംഭിച്ച പോരാട്ടത്തില്‍ ആറ് വിക്കറ്റിന് ഇന്ത്യ ലങ്കയെ തോല്‍പ്പിച്ചു. ജയിക്കാന്‍ 153 റണ്‍സ് ആവശ്യമായ ഇന്ത്യയെ തകര്‍പ്പന്‍ ബാറ്റിംഗിലൂടെ ദിനേശ് കാര്‍ത്തിക്കും മനീഷ് പാണെ്ഡയും അഞ്ചാം വിക്കറ്റില്‍ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ മുന്‍നിര തകര്‍ന്നെങ്കിലും മനീഷ് ഉജ്വല ഫോമിലായിരുന്നു. വിജയം വഴി ഇന്ത്യ ഫൈനല്‍ ബെര്‍ത്തും ഏറെകുറെ ഉറപ്പാക്കി. ആദ്യ മല്‍സരത്തില്‍ ലങ്കയോട് തോറ്റ ടീം ഇന്നലെ അവസരങ്ങള്‍ നല്‍കിയില്ല. 31 പന്തില്‍ നിന്നും മനീഷ് പുറത്താവാതെ 42 റണ്‍സ് നേടി.
മല്‍സരം 19 ഓവറാക്കി ചുരുക്കിയിരുന്നു.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ചെറിയ മൈതാനത്ത് രണ്ടാമത് ബാറ്റിംഗാണ് ഗുണകരമെന്ന ചിന്തയില്‍ ലങ്കയെ ബാറ്റിംഗിന് ക്ഷണിച്ചു. ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റമുണ്ടായിരുന്നു. റിഷാഭ് പന്തിന് പകരം കെ.എല്‍ രാഹുലിന് അവസരം നല്‍കി. രണ്ട് മല്‍സരങ്ങളില്‍ കുറഞ്ഞ ഓവര്‍ റേറ്റിന്റെ പേരില്‍ വിലക്ക് കല്‍പ്പിക്കപ്പെട്ട സ്ഥിരം നായകന്‍ ദിനേശ് ചാണ്ഡിമാലിന് പകരം ലങ്ക സുരങ്ക ലക്മാലിനെ ഉള്‍പ്പെടുത്തി. മിന്നല്‍ തുടക്കമായിരുന്നു കുശാല്‍ മെന്‍ഡിസ് ടീമിന് നല്‍കിയത്. ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച അദ്ദേഹം തകര്‍പ്പന്‍ ഷോട്ടുകളുമായി കളം നിറഞ്ഞു. ഉത്കണ്ഠ് എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്ത് തന്നെ ഗ്യാലറിയിലെത്തിച്ച് ഗുണതിലകെ നല്‍കിയ തുടക്കത്തെ പ്രയോജനപ്പെടുത്തിയാണ് മെന്‍ഡിസ് ആക്രമണം നടത്തിയത്. ഗുണതിലകയെ (17) തകര്‍പ്പന്‍ ക്യാച്ചില്‍ സുരേഷ് റൈന മടക്കിയപ്പോള്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യയെ വിറപ്പിച്ച വിക്കറ്റ് കീപ്പര്‍ കുശാല്‍ പെരേരയെ വാഷിംഗ്ടണ്‍ സുന്ദര്‍ അതിവേഗം മടക്കിയത് ഇന്ത്യന്‍ ക്യാമ്പിന് ആശ്വാസമായി. പക്ഷേ പകരമെത്തിയ തരംഗ 22 റണ്‍സുമായി മെന്‍ഡിസിന് പിന്തുണ നല്‍കി. പക്ഷേ ആദ്യ പത്ത് ഓവറിന് ശേഷം ഇന്ത്യന്‍ ബൗളര്‍മാര്‍ നിലയുറപ്പിച്ചതോടെ വിക്കറ്റുകള്‍ നിലം പൊത്തി. വാലറ്റത്തില്‍ ആര്‍ക്കും അവസാനത്തില്‍ കൂറ്റന്‍ ഷോട്ടുകള്‍ക്കായില്ല. പതിനൊന്നാമത് ഓവറില്‍ മൂന്ന് വിക്കറ്റിന് 96 റണ്‍സ് എന്ന വലിയ സ്‌ക്കോര്‍ നേടിയ ടീം അവസാനം 19 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ 152 ല്‍ നിയന്ത്രിക്കപ്പെട്ടു.ശ്രദ്ധാല്‍ ഠാക്കൂര്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ട്് പേരെ പുറത്താക്കി.
മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ നായകന്‍ രോഹിത് ശര്‍മയെ നഷ്ടമായി. സ്പിന്നര്‍ ധനഞ്ജയെ കണ്ടപ്പോള്‍ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ചാണ് രോഹിത് പതിനൊന്ന് റണ്‍സുമായി മടങ്ങിയത്. പരമ്പരയില്‍ ഉജ്വല ഫോമില്‍ കളിച്ച ശിഖര്‍ ധവാനെയും (8) ധനഞ്ജയ പുറത്താക്കി. സുരേഷ് റൈന കൂറ്റനടികള്‍ പായിക്കവെ 27 ല്‍ മടങ്ങി. പക്ഷേ മനീഷും കാര്‍ത്തിക്കും പിന്നെ അവസരം നല്‍കിയില്ല

chandrika: