പത്തനംതിട്ട: പന്തളം നഗരസഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനുണ്ടായ തോൽവിയെ തുടർന്ന് അച്ചടക്ക നടപടികൾ ആരംഭിച്ചു. പാർട്ടിയുടെ തോൽവിയും ബി.ജെ.പിക്കുണ്ടായ മുന്നേറ്റവും വലിയ ചർച്ചയായിരുന്നു. ഇതേ തുടർന്ന് സിപിഎം ഏരിയ സെക്രട്ടറി ഇ.ഫസലിനെ സ്ഥാനത്ത് നിന്ന് മാറ്റിയിരിക്കുകയാണ്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ബി ഹർഷ കുമാറിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്.
സി.പി.എം സംസ്ഥാന സമിതി നിർദേശത്തെ തുടർന്നാണ് ജില്ലാ നേതൃയോഗത്തിന്റെ തീരുമാനമെന്ന് പറയുമ്പോഴും ഗ്രൂപ്പ് പോരും ഇതിന് പിന്നിലുണ്ട്.
സംഘടനാപരമായി ഉണ്ടായിട്ടുള്ള ഗുരുതര വീഴ്ച തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണുണ്ടാക്കിയത്. പാർട്ടിയിലെ ഗ്രൂപ്പ് പോര് ബി.ജെ.പിയെ സഹായിച്ചെന്നും ഒരു വിഭാഗം പറയുന്നു. പ്രചാരണത്തിൽ പോരായ്മകളുണ്ടായെന്നും ഭൂരിപക്ഷ സമുദായ ധ്രുവീകരണം നേരത്തെ കണ്ടെത്തിയില്ലെന്നും നേതൃത്വത്തിന് നേരെ വിമർശനമുണ്ട്. എന്നാൽ പാർട്ടി ഏരിയാ കമ്മിറ്റി നേതൃ സ്ഥാനം ലക്ഷ്യമിട്ട ചിലരാണ് പരാജയത്തിന് കാരണക്കാരെന്നും ചിലർ പറയുന്നു. ഇവർ ബി.ജെ.പിയുമായി രഹസ്യ ധാരണ ഉണ്ടാക്കിയെന്നും ആരോപണമുണ്ട്.
നഗരസഭയുടെ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.ഡി ബൈജുവിനേയും നീക്കി. 2015-ൽ 15 സീറ്റുകളോടെ പന്തളം നഗരസഭയിൽ ഭരണം നേടിയ സിപിഎമ്മിന് ഇത്തവണ ഒമ്പത് സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ഏഴ് സീറ്റുകളുണ്ടായിരുന്ന ബിജെപി 18 സീറ്റുകളോടെയാണ് ഇത്തവണ അധികാരം നേടിയത്. പാലാക്കാടിന് ശേഷം ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തിയ നഗരസഭയാണ് പന്തളം.