X

വിരാട് കോഹ്‌ലിയെ കൊണ്ടുവരാമെന്ന് പറഞ്ഞ് സ്ഥാനാര്‍ത്ഥിയുടെ വോട്ടുതേടല്‍: അവസാനം വന്ന കോഹ്‌ലിയെ കണ്ട് നാട്ടുകാര്‍ ഞെട്ടി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ വോട്ടുറപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ വാഗ്ദാനങ്ങള്‍ പ്രഖ്യാപിപ്പിക്കുന്നത് സാധാരണമാണ്.  എന്നാല്‍ മഹാരാഷ്ട്രയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം വിചിത്രമായിരുന്നു. വോട്ടെടുപ്പ് ദിവസം ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ സാക്ഷാല്‍ വിരാട് കോഹ്‌ലിയെ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചായിരുന്നു വോട്ടു തേടിയത്. രസകരമായ സംഭവം ഫിനാഷ്യല്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ടു ചെയ്തത്.

 

മഹാരാഷ്ട്രയിലെ ശിരൂരിലെ രാമലിംഗ ഗ്രാമപഞ്ചായത്തില്‍ നടന്ന സര്‍പഞ്ചിനു വേണ്ടി നടന്ന തെരഞ്ഞെടുപ്പിലാണ് സ്ഥാനാര്‍ത്ഥി വിത്ത്ല്‍ ഗണപത് ഗവാട്ടെ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ പേരില്‍ വോട്ടു തേടിയത്. തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം കോഹ്‌ലിയെ കൊണ്ടുവരുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. അങ്ങനെ തെരഞ്ഞെടുപ്പ് ദിവസമെത്തി തങ്ങളുടെ പ്രിയതാരമായ കോഹ്‌ലിയെ ഒരു നോക്കുകാണാന്‍ പ്രദേശവാസികള്‍ തടിച്ചുകൂടി. ഒടുവില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം കോഹ്‌ലിയെത്തി. നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും ആവേശത്തില്‍, പലരും താരത്തിനൊപ്പം നിന്ന് സെല്‍ഫിയെടുത്തു. പിന്നീടാണ് കോഹ്‌ലിയുടെ അപരനെ കൊണ്ടുവന്ന് സ്ഥാനാര്‍ത്ഥി തടിയൂരുകയായിരുന്നു എന്ന് നാട്ടുകാര്‍ക്ക് മനസ്സിലായത്.

അപരന്‍ കോഹ്‌ലിക്കൊപ്പം നില്‍കുന്ന പ്രദേശവാസികളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കോഹ്‌ലിയുടെ അപരനെ കൊണ്ടുവന്ന സ്ഥാനാര്‍ത്ഥി സ്വന്തം അപരനെ കൊണ്ടുവരാത്തത് ഭാഗ്യമെന്ന് തുടങ്ങി രസകരമായ ട്വീറ്റുകളാണ് ഇപ്പോള്‍ ട്വിറ്ററില്‍ വന്നുകൊണ്ടിരിക്കുന്നത്.

 

chandrika: