ഡല്‍ഹി:പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഈ മാസം അവസാനിക്കും. പുതിയ ഉത്തരവ് ഒന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വന്നില്ലായെങ്കില്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അടുത്തമാസം മുതല്‍ പാന്‍ കാര്‍ഡ് ഉപയോഗശൂന്യമായേക്കും.
നിരവധി തവണ സമയപരിധി നീട്ടിയതിനെ തുടര്‍ന്നാണ് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീണ്ടത്. ഇനി ഇതില്‍ ഒരു ഭേദഗതി വരുത്തി കൊണ്ട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പുതിയ ഉത്തരവ് ഉണ്ടായില്ലെങ്കില്‍ മാര്‍ച്ച് 31ന് സമയപരിധി അവസാനിക്കും. അങ്ങനെ വന്നാല്‍ ആധാറുമായി ബന്ധിപ്പിച്ചില്ലായെങ്കില്‍ അടുത്ത മാസം മുതല്‍ പാന്‍ കാര്‍ഡ് അസാധുവാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. പാന്‍ നിര്‍ബന്ധമായി സമര്‍പ്പിക്കേണ്ട അവസരങ്ങളില്‍ ആദായനികുതി നിയമം അനുസരിച്ച് 10,000 രൂപ പിഴ ഈടാക്കിയേക്കാം.
ബാങ്ക് അക്കൗണ്ട് തുറക്കുന്നത് ഉള്‍പ്പെടെ വിവിധ സേവനങ്ങള്‍ക്ക് പാന്‍ നിര്‍ബന്ധമാണ്. ആദായനികുതി വകുപ്പിന്റെ പോര്‍ട്ടലില്‍ കയറി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ലിങ്ക് ആധാര്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് സേവനം പൂര്‍ത്തിയാക്കാനുള്ള സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്.