ന്യൂഡല്‍ഹി: പാനായിക്കുളം കേസില്‍ കേന്ദ്രം സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കും. എന്‍.ഐ.എ കോടതി ശിക്ഷിച്ച അഞ്ച് പേരെ ഹൈക്കോടതി വെറുതെ വിട്ടതിനെതിരെയാണ് അപ്പീല്‍ നല്‍കുന്നത്.
പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ എന്‍.ഐ.എ കോടതി ശിക്ഷിച്ച അഞ്ചു പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു. വിചാരണക്കോടതി വെറുതെ വിട്ട എട്ട് പേര്‍ക്കെതിരെ എന്‍.ഐ.എ നല്‍കിയ അപ്പീലും കോടതി തള്ളിയിരുന്നു. തെളിവുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയാണ് കോടതി നടപടിയെടുത്തത്. പാനായിക്കുളം ക്യാമ്പ് സിമിയാണ് നടത്തിയതെന്ന് തെളിയിക്കാനായില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
കേസില്‍ പ്രതികളായ ഷാദുലി, അബ്ദുല്‍ റാസിഖ് അന്‍സാര്‍ നദ്വി, നിസാമുദ്ദീന്‍, ഷമ്മാസ് എന്നിവരെയാണ് എന്‍.ഐ.എ കോടതി ശിക്ഷിച്ചത്. ഷാദുലി, അബ്ദുല്‍ റാസിഖ് എന്നിവരെ 14 വര്‍ഷം തടവിനും അന്‍സാര്‍ നദ്വി, നിസാമുദ്ദീന്‍, ഷമ്മാസ് എന്നിവരെ 12 വര്‍ഷം തടവിനുമാണ് ശിക്ഷിച്ചത്.