X

അനുഗ്രഹം തേടി പാണക്കാട്ടെത്തി; സുബിന ഇന്ന് കോളജിലേക്ക്

മലപ്പുറം: സുമനസുകളുടെ കരുണയാല്‍ സുബിന ഇന്ന് കോളജിലേക്ക്. മലബാര്‍ കോളജില്‍ മെഡിക്കല്‍ പഠനത്തിന് ചേരുന്നതിന് മുന്നോടിയായി സുബിനയും കുടുംബവും പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെത്തി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെയും മുനവ്വറലി ശിഹാബ് തങ്ങളെയും കണ്ട് അനുഗ്രഹം തേടി.

കൊല്ലം ചവറ സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവര്‍ മൊയ്തീന്റെ മകളായ സുബിന ആകെയുള്ള ഏഴ് സെന്റ് വസ്തു പണയപ്പെടത്തി അഞ്ചുലക്ഷം രൂപ ഫീസടച്ചു. തുടര്‍ന്ന് ആറുലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടി നല്‍കാന്‍ ഇല്ലാത്തതിനാല്‍ മെഡിക്കല്‍ പഠനം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സുബിനയുടെ ഡോക്ടര്‍ മോഹം സഫലമാക്കാന്‍ ബാങ്ക് ഗ്യാരണ്ടി നല്‍കാന്‍ തയാറായി പ്രവാസി വ്യവസായ പ്രമുഖന്‍ ഡോ.എം.എ യൂസുഫലി എത്തിയത്. ചന്ദ്രിക വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് യൂസുഫലി സഹായഹസ്തം നീട്ടിയത്.

അദ്ദേഹത്തിന് പുറമെ മന്ത്രി കെ.ടി ജലീല്‍, എം.ഇ.സ് ചെയര്‍മാന്‍ ഡോ. ഫസല്‍ ഗഫൂര്‍, കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയന്‍, ഖത്തര്‍ കെ.എം.സി.സി, കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രന്‍, മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.സുല്‍ഫീക്കര്‍ സലാം, ചവറയിലെ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കള്‍, ‘പ്രവാസി അടുക്കള’ എന്ന ഫേസ് ബുക്ക് കൂട്ടായ്മ തുടങ്ങി നിരവധ പേരാണ് സഹായവുമായെത്തിയത്.

തന്റെ മോഹം സഫലമാക്കുന്നതില്‍ ചന്ദ്രികയും മുസ്‌ലിം ലീഗ് നേതാക്കളും വഹിച്ച പങ്കിന് സുബിന പാണക്കാട് കുടുംബത്തോട് നന്ദി പറഞ്ഞു. മലപ്പുറം ജില്ലാ വനിതാ ലീഗ് ട്രഷറും ജില്ല പഞ്ചായത്ത് മെമ്പറുമായ ഷെറീന ഹസീബ്, ചേലേമ്പ്ര ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അമീര്‍ ചേലേമ്പ്ര, ചന്ദ്രിക കൊണ്ടോട്ടി പ്രതിനിധി ഹസീബ് റഹ്മാന്‍ എന്നിവരോടൊപ്പമാണ് സുബിന പാണക്കാടെത്തിയത്. സുബിനയുടെ വിഷയം പൊതുസമൂഹത്തിന് മുന്നില്‍ എത്തിക്കുന്നതിനും അഡ്മിഷന്‍ ആവശ്യങ്ങള്‍ക്കായി നേതൃത്വം വഹിക്കുകയും ചെയ്ത മണ്ണാര്‍ക്കാട് സ്വദേശി ഷാഹുല്‍ ഹമീദും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

chandrika: