പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്
മുസ്‌ലിം യൂത്ത് ലീഗിന്റെ സമര ചരിത്രങ്ങളില്‍ ഏറെ പ്രാധാന്യമര്‍ ഹിക്കുന്നതായിരുന്നു ഭാഷാ സമരം. ഓരോ ജുലൈ 30 കടന്നു പോകുമ്പോഴും അറബിഭാഷക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച ധീര പോരാളികളായ മജീദ്, റഹ്മാന്‍, കുഞ്ഞിപ്പയുടെ ഓര്‍മ്മകളാണ് മുമ്പിലെത്തുന്നത്. നായനാര്‍ സര്‍ക്കാറിന്റെ അറബി ഭാഷ വിരോധത്തിനു മുമ്പില്‍ പോരാട്ടം നയിച്ചപ്പോള്‍ നെഞ്ചില്‍ വെടിയേറ്റ് വീരമൃത്യുവരിച്ച് ഒരു ഭാഷക്കുവേണ്ടി രക്ത പുഴയാണ് അവര്‍ക്ക് ഒഴുക്കേണ്ടി വന്നത്.
രാഷ്ട്രീയ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടതിന്റെ കണക്കുകള്‍ കേരളത്തെ സംബന്ധിച്ചു പുതുമയില്ലാത്തതാണെങ്കിലും ഓരോ പാര്‍ട്ടിയും തങ്ങളുടെ രക്തസാക്ഷികളുടെ ചോരയുടെ ചെലവില്‍ വളരുകയും വീണ്ടും രക്തസാക്ഷികളെ പടച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാല്‍, ഒരു പ്രത്യേക ഭാഷക്കുവേണ്ടി നയിച്ച സമരത്തില്‍വെച്ച് അധികാരികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട രക്തസാക്ഷികള്‍ മുസ്‌ലിംലീഗിനേയുള്ളൂ. ആ സമരം ഒരു ഭാഷക്കുവേണ്ടിയായിരുന്നു, അത് അറബിഭാഷയായിരുന്നു എന്നതിനാല്‍ അത്രയും ചരിത്രപ്രാധാന്യമുള്ള രാഷ്ട്രീയ മുന്നേറ്റമായിരുന്നു 1980 ലെ ഭാഷാസമരം.
ഇസ്‌ലാമിക ചരിത്രത്തിലെ തിളക്കമേറിയ അധ്യായമായ ബദര്‍ ദിനത്തില്‍ നടന്ന യൂത്ത്‌ലീഗ് ഭാഷാ സമരത്തെ വെടിവെച്ചൊതുക്കാനാണ് അന്നത്തെ സര്‍ക്കാര്‍ ശ്രമിച്ചത്. സമരത്തിന് മുന്നില്‍ സര്‍ക്കാറിന് മുട്ടുമടക്കേണ്ടി വന്നു. അറബി, ഉര്‍ദു, സംസ്‌കൃതം ഭാഷക്കെതിരെ കൊണ്ടുവന്ന കരിനിയമങ്ങള്‍ നോക്കിനില്‍ക്കാനാവില്ലെന്ന് കണ്ടാണ് അന്ന് യൂത്ത്‌ലീഗ് സമരഗോദയിലേക്കിറങ്ങിയത്. പൊലീസിന്റെ നിറത്തോക്കിനു മുന്നില്‍ ജീവന്‍ വെടിഞ്ഞ അവരുടെ സ്മരണ ഇന്നും ജ്വലിച്ച് നില്‍ക്കുന്നു. ആ സമരവീര്യമാണ് യൂത്ത്‌ലീഗിന് എക്കാലത്തും ഊര്‍ജ്ജം പകര്‍ന്നു നല്‍കുന്നത്.
രാജ്യം പ്രത്യേക ദിശയിലേക്ക് നീങ്ങി പോകുന്ന സാഹചര്യത്തില്‍ അടിസ്ഥാന പ്രമാണങ്ങള്‍ സംരക്ഷിക്കാന്‍ ഓരോ പൗരനും ജാഗ്രത പുലര്‍ത്തുന്നുണ്ടോ എന്നത് ചിന്തിക്കണം. ഇത്തരത്തിലുള്ള ശക്തികളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ പൗരന്മാരുടേയും മാധ്യമങ്ങളുടേയും നിതാന്ത ജാഗ്രത ആവശ്യമാണ്.
യൂത്ത് ലീഗ് ദിനമായ ഇന്ന് (ജൂലൈ 30) പഞ്ചായത്ത് തലത്തില്‍ ഭാഷ സമര അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കും. ഭാഷ സമരത്തെ അനുസ്മരിച്ചു കൊണ്ട് വര്‍ഗീയതക്ക് ബഹുസ്വരതയാണ് മറുപടി എന്ന വിഷയത്തില്‍ പ്രഭാഷണങ്ങള്‍ നടത്തും. അന്നേ ദിവസം സംസ്ഥാന വ്യാപകമായി ഡ്രൈ ഡേ ആചരിക്കും. ഇതിന്റെ ഭാഗമായി ആശുപത്രികള്‍, കോളനികള്‍, കവലകള്‍, ധര്‍മ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം കൊടുക്കും.