X

പ്രാര്‍ത്ഥനാ നിര്‍ഭരമായി പാണക്കാട്

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മണ്‍മറഞ്ഞു മൂന്നാം ദിനവും പാണക്കാട്ട് ജനപ്രവാഹം. സുബ്ഹി നമസ്‌കാരം മുതല്‍ ജനങ്ങളുടെ ഒഴുക്കായിരുന്നു. ഖബറിടത്തില്‍ മയ്യിത്ത് നമസ്‌കാരം നിലച്ചിരുന്നില്ല. തങ്ങളുടെ ഇഷ്ടജനങ്ങളുടെ കണ്ണീരു തോരാത്ത പ്രാര്‍ത്ഥന തുടര്‍ന്നു, ദാറുന്നഈമിന്റെ മുറ്റത്തിരുന്ന് തങ്ങളിരുന്ന കസേരയിലേക്ക് നോക്കി പലരും പൊട്ടിക്കരഞ്ഞു. തങ്ങളില്ലെന്നത് ഉള്‍ക്കൊള്ളാനാവാതെ.

ഒമ്പത് മണിയോടെ തങ്ങള്‍ കുടുംബം മുഴുവന്‍ ഹൈദരലി തങ്ങളുടെ വീട്ടിലെത്തി. പ്രമുഖ പണ്ഡിതരും സന്നിഹിതരായിരുന്നു. ശേഷം സിയാറത്തിനായി പാണക്കാട്ടെ പള്ളി ഖബര്‍സ്ഥാനിലേക്ക്. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഹൃദയം തൊട്ട പ്രാര്‍ത്ഥന. അരികില്‍ മക്കളായ സയ്യിദ് മുഈനലി ശിഹാബ് തങ്ങളും നഈമലി തങ്ങളും. കണ്ണീരൊഴുക്കി സഹോദരന്‍ അബ്ബാസലി തങ്ങള്‍, പ്രാര്‍ത്ഥനക്കിടയില്‍ ചിലര്‍ തേങ്ങി തേങ്ങി കരഞ്ഞു. ചിലര്‍ തങ്ങളെയൊരു നോക്കു കാണാന്‍ പറ്റാത്തതിന്റെ സങ്കടം പങ്കുവെച്ചു.

പിന്നെ പ്രാര്‍ത്ഥന സംഗമത്തിനായി പാണക്കാട്ടേക്ക്. പത്ത് മണിയോടെ പാണക്കാട്ടെ പൂമുറ്റം നിറഞ്ഞു. തങ്ങളുടെ ഓര്‍മകള്‍ നിറഞ്ഞു നില്‍ക്കുന്ന സംഗമം. 10.30ന് പ്രാര്‍ത്ഥന സംഗമത്തിന് തുടക്കമായി. സയ്യിദന്‍മാര്‍, സാദാത്തീങ്ങള്‍, ഉമറാക്കള്‍, ഉലമാക്കള്‍, നേതാക്കള്‍ ദാറുന്നഈമിന്റെ വരാന്ത ആത്മീയ പ്രഭയാല്‍ സമ്പന്നം. നബി കുടുംബത്തിലെ ആദരണീയര്‍ പ്രവാചക പ്രകീര്‍ത്തനത്തിന്റെ ഈരടികള്‍ കൊണ്ട് സദസിനെ ധന്യമാക്കി.

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുസമദ് പൂക്കോട്ടൂര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ തുടങ്ങി നിരവധി പേര്‍ മൗലീദിനും ദിക്‌റിനും നേതൃത്വം നല്‍കി.

11 മണിയോടെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രാര്‍ത്ഥനാ സംഗമത്തിനെത്തി. പിന്നീട് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളും തങ്ങളോര്‍മകള്‍ നിറഞ്ഞ ആത്മീയ നഗരിയുടെ ഭാഗമായി. ദിക്‌റുകളും ദുആകളും ഖുര്‍ആന്‍ പാരായണവുമായി ആത്മീയ സംഗമം മണിക്കൂറുകള്‍ നീണ്ടു. അയല്‍ ജില്ലകളില്‍ നിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും കൂട്ടത്തിലുണ്ടായിരുന്നു. മുതിര്‍ന്ന നേതാക്കള്‍ മുതല്‍ സാധാരണ പ്രവര്‍ത്തകര്‍ വരെ പ്രാര്‍ത്ഥനാ സംഗമത്തിനെത്തി.

പ്രശ്‌ന പരിഹാരത്തിനും വിഷമങ്ങള്‍ പറയാനും ഹൈദരലി തങ്ങളെ സന്ദര്‍ശിച്ചിരുന്നവരും കൂട്ടത്തിലുണ്ടായിരുന്നു. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി തങ്ങളുടെ പ്രാര്‍ത്ഥനയോടെയാണ് സംഗമം അവസാനിച്ചത്. കേളികേട്ട പാണക്കാട്ടെ ആതിഥ്യ മര്യാദ ഇവിടെയും തെറ്റിച്ചില്ല. അവിടെയെത്തിയ ആയിരങ്ങള്‍ക്ക് ഭക്ഷണവും നല്‍കി. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ വീട്ടുമുറ്റത്താണ് ഭക്ഷണമൊരുക്കിയത്. സംഗമത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ ഖബറിടത്തില്‍ച്ചെന്ന് ഖുര്‍ആന്‍ പാരായണം ചെയ്തും പ്രാര്‍ത്ഥിച്ചും മടങ്ങി.

എല്ലാവരുടെയും മുഖത്ത് ദുഃഖം തളംകെട്ടി നിന്നു. രാവുറങ്ങിയിട്ടും ഖുര്‍ആന്‍ പാരായണവും പ്രാര്‍ത്ഥനയും ഇടതടവില്ലാതെ നടന്നു. പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, ഹൈബി ഈഡന്‍ എം.പി, ഡോ. എം.കെ മുനീര്‍, എം.പി ഗള്‍ഫാര്‍ മുഹമ്മദാലി, എം.എല്‍.എമാരായ കെ.പിഎ മജീദ്, പി,കെ ബഷീര്‍, പി അബ്ദുല്‍ ഹമീദ്, പ്രൊഫ കെ,കെ ആബിദ് ഹുസൈന്‍ തങ്ങള്‍, പി.ഉബൈദുല്ല, ടി.വി ഇബ്രാഹിം, നജീബ് കാന്തപുരം, ചന്ദ്രിക മാനേജിംഗ് എഡിറ്റര്‍ അഡ്വ.എം ഉമ്മര്‍, എഡിറ്റര്‍ കമാല്‍ വരദൂര്‍ തുടങ്ങിയവരും പ്രാര്‍ത്ഥനാ സംഗമത്തിന് പാണക്കാട്ടെത്തിയിരുന്നു.

Test User: