ദമ്മാം: കലാ പ്രേമികളായ പ്രവാസി സമൂഹത്തിന് നവ്യാനുഭവം പകരുന്ന ദൃശ്യ-ശ്രാവ്യ വിരുന്നൊരുക്കി ദമ്മാമിൽ പാൻ ഇന്ത്യ ഫെസ്റ്റിന് അരങ്ങൊരുങ്ങുന്നു. ഇ ആർ ഇവന്റസിന്റെ ബാനറില്‍ ദര്‍ശന ചാനലും ടീം പാൻ ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി ഫെബ്രുവരി7-ന് വെള്ളിയാഴ്ച ദമ്മാം കോബ്രാ പാര്‍ക്കിന് സമീപമുള്ള ലൈഫ് പാര്‍ക്കിൽ നടക്കുമെന്ന് സംഘാടക സമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
യുവ കൗമാരങ്ങളുടെ ഹരമായ റാപ്പ് ഗായകൻ ഡബ്സി, ഗായിക അഭയ ഹിരണ്മയി,പ്രമുഖ സിനിമാനടൻ ധ്യാൻ ശ്രീനിവാസൻ,നടി ഭാവന എന്നിവരും ദി ബി പോസിറ്റീവ് മ്യൂസിക് ബാൻഡിന്റെ സംഗീത അകമ്പടിക്ക് ചുവട് വെക്കാൻ ഡാൻസിങ് ജോഡി കുക്കുവും ദീപയും ഉൾപ്പടെ ഇരുപതോളം കലാകാരന്മാർ അരങ്ങിലെത്തും.മനോജ് മയ്യന്നൂരാണ് സംവിധാനം. ഡോണ സൂസൻ ഐസക് അവതാരകയായി എത്തും. സഊദിയിലെ പ്രമുഖ സംരംഭകരായ പോർട്ട് ഗോഡ് ഷിപ്പിങ് & ലോജിസ്റ്റിക്, സോന ഗോൾഡ് & ഡയമണ്ട്സ് എന്നിവരാണ് പരിപാടിയുടെ മുഖ്യ പ്രായോജകര്‍.
ശബ്ദവും വെളിച്ചവും വേദിയും മീഡിയ പ്രൊ ദുബായ് ഒരുക്കും. ദമ്മാമിലെ ഐവിഷൻ ഇവന്റസ് ആണ് ഇവന്റ് മാനേജ്മെന്റ്. സർക്കാർ അനുമതിയോടെ നടത്തുന്ന പരിപാടിയിലേക്ക് വിവിധ കാറ്റഗറി നിരക്കിൽ പാസ് മൂലമാണ് പ്രവേശനം.ഏഴാം തിയ്യതി വൈകുന്നേരം 4 മണിക്ക് പരിപാടിയുടെ പ്രവേശന കവാടങ്ങള്‍ തുറക്കുകയും കൃത്യം ആറു മണിക്ക്തന്നെ പരിപാടി ആരംഭിക്കുകയും ചെയ്യുമെന്നും ടിക്കറ്റുകൾക്ക്, 0596275859, 0557069594, 0544740943 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും സംഘാടക സമിതി അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ ആലിക്കുട്ടി ഒളവട്ടൂര്‍, ഡോണ സൂസൻ ഐസക്, ആസിഫ് കൊണ്ടോട്ടി, റസാഖ് ബാവു ഓമാനൂർ, എബി പി അലക്സ്, രാഘേഷ് പോർട്ട്ഗോഡ്, ഷീബ സോന ഗോൾഡ് & ഡയമണ്ട്സ്, ഇ ആർ ഇവന്റസ് പ്രതിനിധി റസാ അൽ ഫർദാൻ തുടങ്ങിയവര്‍ സംബന്ധിച്ചു.