ഡല്‍ഹി: ജൂണ്‍ 30നകം എല്ലാ എസ്ബിഐ ഉപഭോക്താക്കളും പാന്‍ കാര്‍ഡുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്ന് നിര്‍ദേശം. പാന്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാതിരുന്നാല്‍ സേവനങ്ങള്‍ തടസപ്പെടുമെന്നാണ് മുന്നറിയിപ്പ്. എസ്ബിഐയുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇത് സംബന്ധിച്ച നിര്‍ദേശം അറിയിച്ചിരിക്കുന്നത്.
ആധാര്‍ നമ്പര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് എന്തുകൊണ്ടാണ് നിര്‍ബന്ധമാക്കിയതെന്ന് ഗ്രാഫിക്‌സിന്റെ സഹായത്തോടെ ട്വീറ്റില്‍ വിശദീകരിക്കുന്നുമുണ്ട്. ആധാറിനെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ലിങ്കും ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ചെയ്യാത്ത ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ നിര്‍ജീവമാക്കപ്പെടുമെന്നാണ് അറിയിച്ചിട്ടുള്ളത്.
www.incometaxindiaefilling.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ക്വിക്ക് ലിങ്ക്‌സ് എന്നതിന്റെ താഴെയായി ‘ലിങ്ക് ആധാര്‍’ എന്ന ഓപ്ക്ഷന്‍ തെരഞ്ഞെടുക്കണം. ഇതില്‍ ക്ലിക്ക് ചെയ്ത് ആധാര്‍, പാന്‍ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് നല്‍കിയാല്‍ പാന്‍കാര്‍ഡില്‍ ആധാര്‍ നമ്പര്‍ ചേര്‍ക്കപ്പെടും. ‘ലിങ്ക് ആധാര്‍’ എന്നതില്‍ ക്ലിക്ക് ചെയ്ത് ആധാര്‍ റിക്വസ്റ്റ് സ്റ്റാറ്റസ് കാണാനുള്ള ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ നിലവില്‍ ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കാനാകുന്നതാണ്. എസ്എംഎസ് വഴിയും ഇത് പരിശോധിക്കാനാകും. ഇതിനായി പാനുമായി രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ നിന്നും 12 അക്ക ആധാര്‍ നമ്പര്‍ ടൈപ്പ് ചെയ്ത് സ്‌പേസ് ഇട്ടശേഷം 10 അക്ക പാന്‍ നമ്പറും ടൈപ്പ് ചെയ്ത് 567678 എന്ന നമ്പരിലേക്ക് അയക്കുകയാണ് ചെയ്യേണ്ടത്.