X

ഐ.എസില്‍ നിന്ന് പാല്‍മിറ സിറിയന്‍ സേന പിടിച്ചെടുത്തു

ദമസ്‌ക്കസ്: സിറിയന്‍ ചരിത്രമുറങ്ങുന്ന പാല്‍മിറ നഗരം ഐഎസില്‍ നിന്ന് സിറിയന്‍ സൈന്യം പിടിച്ചെടുത്തു. റഷ്യന്‍ യുദ്ധ വിമാനങ്ങളുടെ സഹകരണത്തോടെയാണ് സിറിയന്‍ സേന ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയും പാല്‍മിറ പിടിച്ചെടുക്കുന്നത്.

പുരാതന നഗരമായ പാല്‍മിറ കഴിഞ്ഞ കുറേ മാസങ്ങളായി ഐ.എസ് തീവ്രവാദികളുടെ നിയന്ത്രണത്തിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സിറിയന്‍ സൈന്യം റഷ്യന്‍ സേനയുമായി നടത്തിയ പോരാട്ടത്തിനൊടുവിലാണ് പിടിച്ചെടുത്തത്. എട്ടു മാസം മുന്‍പ് ഐ.എസിനെ പാല്‍മിറയില്‍ നിന്ന് തുരത്തിയെങ്കിലും കഴിഞ്ഞ ഡിസംബറില്‍ നഗരം ഐഎസ് തിരിച്ചുപിടിക്കുകയായിരുന്നു. റഷ്യന്‍ സേനയുടെ സഹകരണത്തോടെ പാല്‍മിറയും സമീപ പ്രദേശങ്ങളും തിരിച്ചുപിടിച്ചതായി സിറിയന്‍ വാര്‍ത്താ ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്യുന്നു.
സൈന്യവും ഇറാന്‍ പിന്തുണയുള്ള പൌര സേനയും ചേര്‍ന്ന് പാല്‍മിറയിലേക്ക് മുന്നേറിയിട്ടുണ്ടെന്നു ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ മനുഷ്യാവകാശ സംഘടന അറിയിച്ചു. പാല്‍മിറയുടെ കിഴക്ക് ദിശയിലേക്കാണ് ഐ.എസ് നീങ്ങിയിരിക്കുന്നത്. പാല്‍മിറയില്‍ െഎ.എസ് സ്ഥാപിച്ച കുഴി ബോംബുകള്‍ നീക്കാനുള്ള ശ്രമത്തിലാണ് സിറിയന്‍ സേന. ചരിത്ര പ്രധാനമായ പാല്‍മിറയിലെ സ്മാരകങ്ങള്‍ ഐ.എസ് നശിപ്പിച്ചിരുന്നു. ശക്തമായ ബോംബാക്രമണത്തില്‍ പാല്‍മിറയിലെ ചരിത്ര സ്തൂപങ്ങള്‍ പലതും നിലം പൊത്തി. കിഴക്കന്‍ ആലപ്പോ ഇപ്പോഴും ഐഎസ് നിയന്ത്രണത്തിലാണ്. ഇവിടെ കേന്ദ്രീകരിച്ച് സിറിയന്‍ സൈന്യവും റഷ്യന്‍ സേനയും ആക്രമണം അഴിച്ചു വിട്ടിട്ടുണ്ട്.

chandrika: