X
    Categories: NewsWorld

ഈ വംശഹത്യയിൽ പങ്കുള്ള ആരെയും ഫലസ്തീനികൾ മറക്കില്ല: ഹമാസ്

ഈ കാലഘട്ടത്തിലെ ഏറ്റവും ഹീനമായ വംശഹത്യയില്‍ പങ്കെടുത്ത ഒരാളെയും ഫലസ്തീനികള്‍ ഒരിക്കലും മറക്കില്ലെന്ന് ഹമാസ് രാഷ്ട്രീയ ബ്യൂറോ അംഗം ഖലീല്‍ അല്‍ ഹയ്യ.

ഇസ്രാഈല്‍ അധിനിവേശസേനയും അവരുടെ പിന്തുണക്കാരും ചെയ്ത ക്രൂരമായ വംശഹത്യയും കുറ്റകൃത്യങ്ങളും ആധുനിക യുഗത്തിലെ ഏറ്റവും ഹീനമായ വംശഹത്യയായി ഫലസ്തീന്‍ ജനതയുടെയും ലോകത്തിന്റെയും ഓര്‍മയില്‍ മായാതെ നിലനില്‍ക്കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘ഈ ചരിത്ര നിമിഷത്തില്‍ ഗസ്സയിലെ നമ്മുടെ ജനങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു. വിവിധ മേഖലകളില്‍ ഞങ്ങളെ പിന്തുണച്ച എല്ലാ രാജ്യങ്ങളെയും പ്രത്യേകിച്ച് തുര്‍ക്കി, ദക്ഷിണാഫ്രിക്ക, അള്‍ജീരിയ, റഷ്യ, ചൈന, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ നമ്മുടെ സഹോദരങ്ങളുടെ മാന്യമായ നിലപാടുകള്‍ എന്നും ഓര്‍ക്കും.

നമ്മുടെ ജനങ്ങളുടെ സഹിഷ്ണുതയും ജന്മനാടിനോടുള്ള ആത്മബന്ധവുമാണ് ക്രിമിനല്‍ അധിനിവേശത്തെ നേരിടാന്‍ സഹായിച്ചത്. രഹസ്യവും പ്രഖ്യാപിതവുമായ എല്ലാ ലക്ഷ്യങ്ങളും നേടുന്നതില്‍ അധിനിവേശ സേന പരാജയപ്പെട്ടു’ അദ്ദേഹം പറഞ്ഞു.

‘നമ്മുടെ ജനങ്ങള്‍ അവരുടെ മണ്ണില്‍ ഉറച്ചുനിന്നു, പലായനം ചെയ്യുകയോ കുടിയേറുകയോ ചെയ്തില്ല, അവരുടെ ചെറുത്തുനില്‍പ്പിന് സംരക്ഷണ കവചമായി പ്രവര്‍ത്തിച്ചു. ആദ്യം അല്ലാഹുവിന്റെ സഹായത്തോടെ, പിന്നീട് നമ്മുടെ സഹോദരങ്ങളുടെയും സഖ്യകക്ഷികളുടെയും ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്ന എല്ലാവരുടെയും പിന്തുണയോടെ ഞങ്ങള്‍ ഗസ്സ പുനര്‍നിര്‍മ്മിക്കും.

നമ്മുടെ ജനങ്ങള്‍ക്ക് നേരെ കൂട്ടക്കൊല നടത്താനും വിനാശം വിതക്കാനും മാത്രമേ ഇസ്രാഈലിന് കഴിഞ്ഞുള്ളൂ. യുദ്ധം നിര്‍ത്താനും തടവുകാരെ കൈമാറാനുമുള്ള കരാറിലൂടെ മാത്രമാണ് അവര്‍ക്ക് അവരുടെ ബന്ദികളെ തിരിച്ചുകിട്ടുക’ ഖലീല്‍ അല്‍ഹയ്യ പറഞ്ഞു.

യെമനിലെ ഹൂത്തികള്‍ക്കും ഹിസ്ബുല്ലക്കും ഇറാനിനും അദ്ദേഹം നന്ദി പറഞ്ഞു. ആദ്യദിവസം മുതല്‍ തന്നെ നിരവധി റൗണ്ട് ചര്‍ച്ചകള്‍ നടത്തിയ ഖത്തറും ഈജിപ്തും മധ്യസ്ഥ ശ്രമത്തില്‍ വഹിച്ച പങ്കിനെയും അദ്ദേഹം പ്രശംസിച്ചു.

ഗസ്സയിലെ അരലക്ഷത്തിനടുത്ത് മനുഷ്യരെ കൊന്നൊടുക്കിയ ഇസ്രാഈല്‍ ആക്രമണം ഒന്നേകാല്‍ വര്‍ഷത്തിന് ശേഷമാണ് വെടിനിര്‍ത്തലില്‍ എത്തിയത്. മാസങ്ങള്‍ നീണ്ട മധ്യസ്ഥ ദൗത്യത്തിനൊടുവില്‍ ഗസ്സയിലെ വെടിനിര്‍ത്തലും ബന്ദിമോചനവും ഉറപ്പു നല്‍കുന്ന സമാധാന കരാറില്‍ എത്തിയത്. അവസാനത്തെ രണ്ടാഴ്ചയില്‍ അമേരിക്കയുടെയും ഖത്തറിയും മധ്യസ്ഥയില്‍ നടന്ന സജീവമായ ഇടപെടലുകളാണ് വെടിനിര്‍ത്തല്‍ കരാറിലെത്തിച്ചത്.

webdesk13: