ജറുസലേം ഇസ്രായേല്‍ തലസ്ഥാനമാക്കാനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി ഫലസ്തീന്‍. അമേരിക്കയിലെ പ്രതിനിധിയെ ഫലസ്തീന്‍ തിരിച്ചുവിളിച്ചു. ഫലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് അല്‍ മല്‍കി വാഷിംങ് ടണ്ണിലെ പ്രതിനിധിയെ തിരിച്ചുവിളിച്ചുവെന്ന് ഫലസ്തീന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ തുടര്‍നടപടികള്‍ തീരുമാനിക്കാതെയാണ് തിരിച്ചുവിളിക്കല്‍ എന്നാണ് റിപ്പോര്‍ട്ട്. ട്രംപിന്റെ നീക്കത്തിനെതിരെയുള്ള പ്രതിഷേധമായാണ് പ്രതിനിധിയെ തിരിച്ചുവിളിക്കലെന്ന് ഫല്‌സ്തീനിലെ പ്രാദേശികചാനലുകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
2017 ഡിസംബര്‍ 6-നായിരുന്നു ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. കൂടാതെ അമേരിക്കയുടെ എംബസി ജറുസലേമിലേക്ക് മാറ്റുകയാണെന്നും ട്രംപ് അറിയിച്ചിരുന്നു. ഇതിനെതിരെ ശക്തമായ എതിര്‍പ്പാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുയര്‍ന്നത്. പശ്ചിമേഷ്യയിലെ സഖ്യരാജ്യങ്ങളുടെ അഭ്യര്‍ത്ഥന മാനിക്കാതെയായിരുന്നു പ്രഖ്യാപനം. ട്രംപിന്റെ തീരുമാനത്തിന് യു.എന്നില്‍ ശക്തമായ എതിര്‍പ്പ് ലഭിച്ചിരുന്നു. അമേരിക്കയുടെ തീരുമാനത്തിനെതിരായ പ്രമേയം വന്‍ഭൂരിപക്ഷത്തോടെ യു.എന്‍ പൊതുസഭ പാസാക്കിയിരുന്നു. 193അംഗ യു.എന്‍ പൊതുസഭയില്‍ 128രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചിരുന്നു. 35രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ ഇന്ത്യ അമേരിക്കക്കെതിരെയാണ് വോട്ട് ചെയ്തത്.