ജറൂസലം: ഫലസ്തീന്‍-ഇസ്രാഈല്‍ സംഘര്‍ഷം രൂക്ഷമാവുന്നു.ഗസ്സയിലും അധിനിവേശ കിഴക്കന്‍ ജറൂസലമിലും വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് ഫലസ്തീനികളെ ഇസ്രാഈല്‍ സേന വെടിവെച്ചു കൊലപ്പെടുത്തി. വടക്കന്‍ ഗസ്സയില്‍ ഇസ്രാഈല്‍ ചെക്ക്‌പോയിന്റിന് സമീപം തടിച്ചുകൂടിയ ആയിരക്കണക്കിന് ഫലസ്തീന്‍ പ്രതിഷേധക്കാര്‍ക്കുനേരെ സൈന്യം വെടിവെക്കുകയായിരുന്നു. ഇതില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും മുപ്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുഹമ്മദ് അബു നാജി(34)യും അഹ്മദ് മുഹമ്മദ് ഉമറു(20)മാണ് കൊല്ലപ്പെട്ടത്.
ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള യു.എന്‍ ഏജന്‍സിക്ക് അമേരിക്ക നല്‍കിയിരുന്ന ഫണ്ട് റദ്ദാക്കിയതിനെതിരെയും 12 വര്‍ഷമായി തുടരുന്ന ഉപരോധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു പ്രതിഷേധം.മാര്‍ച്ച് 30ന് തുടങ്ങിയ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ റാലികളുടെ തുടര്‍ച്ചയായി ഇപ്പോഴും ഗസ്സയില്‍ പ്രതിഷേധ മാര്‍ച്ചുകള്‍ നടക്കുന്നുണ്ട്.
കിഴക്കന്‍ ജറൂസലമില്‍ ഇസ്രാഈല്‍ പൗരനെ കുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഒരു ഫലസ്തീന്‍ യുവാവിനെ സൈനികര്‍ വെടിവെച്ചു കൊലപ്പെടുത്തിയത്. ഖലന്ദിയ അഭയാര്‍ത്ഥി ക്യാമ്പില്‍നിന്നുള്ള 26കാരന്‍ മുഹമ്മദ് യൂസുഫ് അലയാനാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ മാധ്യമങ്ങള്‍ അറിയിച്ചു.
അലയാന്റെ കൈയില്‍ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. അലയാനും ഒരു ഇസ്രാഈല്‍കാരനും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തില്‍ സൈനികര്‍ ഇടപെടുകയായിരുന്നു. ശേഷം പോകാന്‍ ശ്രമിച്ച യുവാവിനുനേരെ ഇസ്രാഈല്‍ സൈനികര്‍ വെടിവെക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അലയാനെ ആസ്പത്രിയില്‍ എത്തിക്കാനുള്ള ഫലസ്തീനികളുടെ ശ്രമം പൊലീസ് തടഞ്ഞു. മൃതദേഹം ഇപ്പോഴും ഇസ്രാഈല്‍ സേനയുടെ കൈവശമാണ്.