ടെല്‍അവീവ്: 1948ല്‍ ഇസ്രാഈല്‍ രൂപീകരണത്തിന്റെ ഭാഗമായി നടന്ന ഫലസ്തീന്‍ വംശഹത്യയെ ചിത്രീകരിക്കുന്ന സിനിമ സംപ്രേഷണം ചെയ്യാനുള്ള തീരുമാനവുമായി നെറ്റ്ഫ്‌ളിക്‌സ് മുന്നോട്ടുപോകുന്നു. ഇസ്രാഈലിന്റെ കടുത്ത എതിര്‍പ്പുകളെ മറികടന്നാണ് ജോര്‍ദാന്‍ സിനിമാ നിര്‍മാതാവായ ഡാരിന്‍ ജെ സല്ലം സംവിധാനം ചെയ്ത ഫര്‍ഹയെന്ന സിനിമ നെറ്റ്ഫ്‌ളിക്‌സ് സംപ്രേക്ഷണം ചെയ്യുന്നത്.ഏഴര ലക്ഷത്തോളം ഫലസ്തീനികളെ ആട്ടിപുറത്താക്കിയും കൊന്നൊടുക്കിയും ഫലസ്തീന്റെ 78 ശതമാനം ഭൂഭാഗങ്ങള്‍ പിടിച്ചെടുത്തും സയണിസ്റ്റുകള്‍ നടത്തിയ വംശഹത്യയുടെ കഥപറയുന്ന ചിത്രം പുറത്തുവരാതിരിക്കാന്‍ ഇസ്രാഈല്‍ നടത്തുന്ന ഭീഷണികള്‍ക്കും മുന്നറിയിപ്പുകള്‍ക്കും നെറ്റ്ഫ്‌ളിക്‌സ് വഴങ്ങിയിട്ടില്ല.
ഒരു ഫലസ്തീന്‍ കുടുംബത്തെ ഇസ്രാഈല്‍ സേന കൊലപ്പെടുത്തിയതിന്റെ കഥ പറയുന്ന ചിത്രം ലോകമെങ്ങും നിരവധി ചലച്ചിത്രോത്സവങ്ങളില്‍ പ്രദേശിപ്പിച്ചുകഴിഞ്ഞു. 2023ലെ ഓസ്‌കര്‍ പുരസ്‌കാര നാമനിര്‍ദ്ദേശ പട്ടികയിലും ഫര്‍ഹ ഇടംപിടിച്ചിട്ടുണ്ട്.ഇന്നലെ മുതല്‍ നെറ്റ്ഫ്‌ളിക്‌സ് സംപ്രേഷണം ചെയ്തു തുടങ്ങിയതോടെ ചിത്രം ലോകത്താകമാനമുള്ള പ്രേക്ഷകരിലേക്ക് എത്തുകയാണ്.
1948ല്‍ നക്ബയെന്ന് അറബികള്‍ വിളിക്കുന്ന ദുരന്ത ദിനത്തില്‍ ഫലസ്തീനികളെ ആട്ടിപ്പുറത്താക്കാനെത്തുന്ന ഇസ്രാഈല്‍ സേനയുടെ ക്രൂരതകളാണ് ചിത്രം പറയുന്നത്. സയണിസ്റ്റ് സേനയില്‍നിന്ന് പതിനാലുകാരിയായ മകളെ രക്ഷിക്കാന്‍ ഫര്‍ഹയെന്ന പെ ണ്‍കുട്ടിയെ പിതാവ് ഒരു സ്‌റ്റോറേജ് റൂമില്‍ പൂട്ടിയിടുന്നു. ഗ്രാമത്തിലേക്ക് ഇരച്ചുവരുന്ന ഇസ്രാഈല്‍ പട്ടാളക്കാര്‍ രണ്ട് കുട്ടികളും ഒരു പിഞ്ചുകുഞ്ഞുമടങ്ങുന്ന തന്റെ കുടുംബത്തെ മുഴുവന്‍ ക്രൂരമായി കൊലപ്പെടുത്തുന്നത് വാതിലിന്റെ വിടവുകളിലൂടെ ഫര്‍ഹ നോക്കിക്കാണുകയാണ്.യഥാര്‍ത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം പ്രദര്‍ശിപ്പിച്ച അറബ് ഭൂരിപക്ഷ പട്ടണമായ ജഫയിലെ അല്‍ സറായ തിയേറ്ററിനുള്ള ഫണ്ട് പിന്‍വലിക്കുമെന്ന് ഇസ്രാഈല്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ചിത്രം സംവിധാനം ചെയ്ത സല്ലമിന്റെ മാതാവിന്റെ സുഹൃത്ത് പറഞ്ഞ അനുഭവ കഥയാണ് സിനിമയുടെ പ്രമേയം.