ന്യൂയോര്‍ക്ക്: യു.എന്‍ പൊതുസഭയില്‍ ആഞ്ഞടിച്ച് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് രംഗത്ത്. ജറുസലേം വില്‍പ്പനക്കു വെച്ചിട്ടില്ലെന്നും ഇസ്രാഈലിന്റെ മനുഷ്യത്വ വിരുദ്ധ നടപടികള്‍ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. എംബസി ജറുസലേമിലേക്ക് മാറ്റാനുള്ള അമേരിക്കന്‍ തീരുമാനം രാജ്യത്തിന്റെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്നും മേഖലയില്‍ അമേരിക്കയുടെ പിന്തുണ ഇസ്രാഈലിന് ഉണ്ടെന്നും അബ്ബാസ് പറഞ്ഞു.
എംബസി മാറ്റം സംബന്ധിച്ച് യു.എസ് കൈകൊണ്ട തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം പൊതുസഭയില്‍ സംസാരിച്ചു തുടങ്ങിയത്. അമേരിക്ക സാമ്പത്തികമായി ഫലസ്തീനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പുതിയ നയം സമാധാനശ്രമങ്ങള്‍ വിലങ്ങുതടിയാകുമെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇത്തരം നയങ്ങള്‍ വര്‍ണവിവേചനത്തിനും അരക്ഷിതാവസ്ഥക്കും വഴിയൊരുക്കുമെന്നും മഹ്മൂദ് അബ്ബാസ് പറഞ്ഞു. ഫലസ്തീനില്‍ ഇസ്രാഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ടിനെ സംബന്ധിച്ച് രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ അന്വേഷണം വേഗത്തിലാക്കണമെന്നും അബ്ബാസ് ആവശ്യപ്പെട്ടു.