X

യുവ ഫലസ്തീന്‍ പണ്ഡിതന്‍ മലേഷ്യയില്‍ കൊല്ലപ്പെട്ടു

ക്വാലാലംപൂര്‍: പ്രമുഖ ഫലസ്തീന്‍ പണ്ഡിതനും ഹമാസ് നേതാവുമായ ഫാദി അല്‍ ബത്ഷ് വെടിയേറ്റ് മരിച്ചു. മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ പുലര്‍ച്ചെ നമസ്‌കാരത്തിനുവേണ്ടി പള്ളിയിലേക്ക് പോകുമ്പോള്‍ അജ്ഞാതരായ രണ്ടുപേര്‍ അദ്ദേഹത്തിനുനേരെ വെടിവെക്കുകയായിരുന്നു. ബത്ഷിന്റെ താമസ കേന്ദ്രത്തിന് പുറത്ത് ഇരുപത് മിനുട്ടോളം ഒളിച്ചിരുന്ന ശേഷമാണ് അക്രമികള്‍ കൃത്യം നടത്തിയത്. 35കാരനായ ബത്ഷ് സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു.

ക്വാലാലംപൂര്‍ സര്‍വകലാശാലയില്‍ പവര്‍ എഞ്ചിനിയീറിങ് ലക്ചററായിരുന്ന അദ്ദേഹം തൊട്ടടുത്തുള്ള പള്ളിയില്‍ അസിസ്റ്റന്റ് ഇമാമായും സേവനമനുഷ്ഠിച്ചിരുന്നു. പ്രധാന ഇമാം തുര്‍ക്കിയിലെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയതുകൊണ്ട് ബത്ഷാണ് നമസ്‌കാരത്തിന് നേതൃത്വം നല്‍കിയിരുന്നത്. അക്രമികള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇസ്രാഈല്‍ ചാരസംഘടനയായ മൊസാദാണ് കൊലപാതകത്തിനു പിന്നിലെന്ന് ബത്ഷിന്റെ പിതാവ് ആരോപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടണമെന്ന് അദ്ദേഹം മലേഷ്യന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

 

ഗസ്സയിലെ ജബാലിയയില്‍നിന്നുള്ള യുവ ഫലസ്തീന്‍ പണ്ഡിതനായിരുന്നു ബത്‌ഷെന്ന് ഹമാസ് അറിയിച്ചു. ഫലസ്തീന്റെ ഊര്‍ജ മേഖലയില്‍ സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്‍കിയിരുന്ന പ്രഗത്ഭനായ ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹമെന്ന് ഹമാസ് ട്വിറ്റര്‍ വഴി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഗസ്സയിലെ ഇസ്്‌ലാമിക് ജിഹാദ് പ്രസ്ഥാനത്തിന്റെ ഉന്നതനായ ഒരു നേതാവിന്റെ ബന്ധു കൂടിയാണ് അല്‍ ബത്ഷ്. ഫലസ്തീനില്‍നിന്നുള്ള വിദ്യാ സമ്പന്നരായ യുവാക്കളെയും ബുദ്ധിജീവികളെയും കൊലപ്പെടുത്തിയ നിരവധി സംഭവങ്ങളില്‍ മൊസാദിന് പങ്കുണ്ട്. ആഴ്ചകളായി ഗസ്സയുടെ അതിര്‍ത്തിയില്‍ ഫലസ്തീനികള്‍ പ്രക്ഷോഭം തുടരുകയാണ്. ഇസ്രാഈല്‍ വെടിവെപ്പില്‍ നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

chandrika: