X

ഇസ്രാഈല്‍ വെടിവെപ്പില്‍ ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു

ജറൂസലം: വെസ്റ്റ്ബാങ്കിലെ ഹെബ്രോണില്‍ അനധികൃത ജൂത കുടിയേറ്റ കേന്ദ്രത്തിനു സമീപം ഫലസ്തീന്‍ യുവാവിനെ ഇസ്രാഈല്‍ സൈനികന്‍ വെടിവെച്ചു കൊലപ്പെടുത്തി. ഇസ്രാഈല്‍ ഗാര്‍ഡിനെ കുത്തിയെന്ന് ആരോപിച്ച് ഹംസ സമാറ എന്ന 19കാരനെയാണ് കൊലപ്പെടുത്തിയത്.

ഒരു ഇസ്രാഈല്‍ ഗാര്‍ഡിനെ നിസ്സാര പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കാര്‍മെയ് സൂര്‍ കുടിയേറ്റ കേന്ദ്രത്തിലേക്കുള്ള പ്രവേശന കവാടത്തിനു സമീപം വാഹനത്തിലെത്തിയപ്പോഴാണ് ഇസ്രാഈല്‍ സൈനികന്‍ സമാറയെ വെടിവെച്ചത്. സംഭവത്തിനുശേഷം ഹാല്‍ഹുലില്‍ സമാറയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇസ്രാഈല്‍ സേന അദ്ദേഹത്തിന്റെ പിതാവ് യൂസുഫിനെ അറസ്റ്റ് ചെയ്തു.

 

രണ്ടു ദിവസം മുമ്പ് സാല്‍ഫിത്തിന് സമീപം ഏരിയല്‍ കുടിയേറ്റ ക്യാമ്പിനു പുറത്ത് ഫലസ്തീനിയുടെ കുത്തേറ്റ് ഒരു ഇസ്രാഈല്‍ കുടിയേറ്റക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. രക്ഷപ്പെട്ട അക്രമിയെക്കുറിച്ച് വിവരമില്ല. ജനുവരിയില്‍ കുടിയേറ്റക്കാരനായ ഒരു ജൂത പുരോഹിതന്‍ കൊല്ലപ്പെട്ടതുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അഹ്്മദ് ജറാര്‍ എന്ന യുവാവിനെ ഇസ്രാഈല്‍ സേന കൊലപ്പെടുത്തിയിരുന്നു.

chandrika: