X
    Categories: Newsworld

ഫലസ്തീന്‍ വയോധിക ഇസ്രാഈല്‍ തടവറയില്‍ മരിച്ചു

ടെല്‍അവീവ്: ഫലസ്തീന്‍ തടവുകാരി സഅദിയ ഫറജല്ല ഇസ്രാഈല്‍ ജയിലില്‍ മരിച്ചു. ആറു മാസം മുമ്പാണ് ഹെബ്രോണിലെ ചെക്‌പോയിന്റില്‍ വെച്ച് 68കാരിയായ സഅദിയയെ ഇസ്രാഈല്‍ സേന പിടികൂടിയത്. പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്‍പ്പെടെ ഗുരുതരമായ നിരവധി രോഗങ്ങള്‍ വേട്ടയാടിയിരുന്ന അവരെ വിട്ടയക്കാന്‍ ഇസ്രാഈല്‍ തയാറായിരുന്നില്ല.

സൈനികരെ കുത്താന്‍ ശ്രമിച്ചുവെന്നായിരുന്നു സഅദിയക്കെതിരെയുള്ള കേസ്. ചികിത്സ നല്‍കാതെയാണ് ഇസ്രാഈല്‍ അധികാരികള്‍ വയോധികയെ തടവില്‍ പാര്‍പ്പിച്ചിരുന്നതെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു. ജൂണില്‍ സഅദിയയെ കോടതിയില്‍ ഹാജരാക്കിയിരുന്നത് വീല്‍ ചെയറിയില്‍ ഇരുത്തിയാണ്. ഇസ്രാഈല്‍ പ്രോസിക്യൂഷന്‍ അവര്‍ക്ക് അഞ്ച് വര്‍ഷം തടവ് ആവശ്യപ്പെട്ടിരുന്നു. സഅദിയയുടെ മരണത്തിന് ഉത്തരവാദി ഇസ്രാഈല്‍ ഭരണകൂടം മാത്രമാണെന്ന് ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷതയ്യ പറഞ്ഞു. സംഭവത്തെക്കുറിച്ച് സ്വതന്ത്രാന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നിലവില്‍ ഇസ്രാഈലിലെ ജയിലുകളില്‍ 170 കുട്ടികളും 32 സ്ത്രീകളുമടക്കം 4700 ഫലസ്തീനികള്‍ തടവില്‍ കഴിയുന്നുണ്ട്.

Chandrika Web: