X

ഇസ്രാഈല്‍ സൈനിക തടവറയിലെ നരകയാതന പങ്കുവെച്ച് ഫലസ്തീന്‍ ബാലന്‍

രാമല്ല: ഇസ്രാഈല്‍ തടവറയില്‍ സൈന്യം നടത്തിയ ക്രൂരതകള്‍ പങ്കുവെച്ച് ഫലസ്തീന്‍ ബാലന്‍. ബീത്ത് ഉമ്മര്‍ സ്വദേശിയായ 15കാരനാണ് ഇസ്രാഈല്‍ തടവറയില്‍ നേരിടേണ്ടി വന്ന നരകയാതന പങ്കുവെച്ചത്.

കാര്‍മി സുര്‍ സെന്റില്‍മെന്റിനു സമീപത്തു നിന്നാണ് ബാലനെ സൈന്യം അന്യായമായി അറസ്റ്റു ചെയ്തതെന്ന് മിലിട്ടറി കോര്‍ട്ട് വാച്ച് റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി കുട്ടിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

സംഭവത്തെക്കുറിച്ച് ഫലസ്തീനി ബാലന്‍ പറയുന്നത് ഇങ്ങനെ:

‘2017 ആഗസ്ത് 11ന് ഏകദേശം നാലര മണിക്ക് ഞാനും എന്റെ സുഹൃത്തുക്കളും കാര്‍മി സുര്‍ സെന്റില്‍മെന്റിനു സമീപത്തെ ഗ്രാമത്തില്‍ നില്‍ക്കുകയായിരുന്നു. ആ സമയം ഒരു സംഘം ഇസ്രാഈല്‍ സൈനികര്‍ അവിടെ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു.

സംഘര്‍ഷാവസ്ഥ ഒട്ടും തന്നെ ഇല്ലാതിരുന്ന സമയത്ത് രണ്ട് സൈനികര്‍ ഞങ്ങള്‍ക്കു മുന്നിലെത്തി. അവരെ കണ്ടതും ഞങ്ങള്‍ ഞെട്ടിയെങ്കിലും ഓടാന്‍ ശ്രമിച്ചില്ല. സൈനികരിലൊരാള്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.

ഹീബ്രു ഭാഷയിലും അറബിയിലുമാണ് സംസാരമെങ്കിലും വ്യക്തമായിരുന്നില്ല. ദേഹപരിശോധന നടത്തിയ സൈനികര്‍ എന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി. പിന്നീട് കാല്‍നടയായി അധിനിവിഷ്ട മേഖലയിലേക്ക് കൊണ്ടുപോയി.

ഞങ്ങളുടെ കണ്ണുകള്‍ കറുത്ത തുണികൊണ്ട് കെട്ടുകയും പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് കൈകള്‍ ബന്ധിക്കുകയും ചെയ്തു. കെട്ട് മുറുകിയിരുന്നതിനാല്‍ ഏറെ പ്രയാസപ്പെട്ടാണ് നടന്നത്. ജീപ്പിലേക്ക് എന്നെ വലിച്ചിഴച്ചു കയറ്റി.

ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളിലൊരാളെ എന്റെ മടിയിലിരുത്തുകയും ചെയ്തു. അരമണിക്കൂറോളം ആ ഇരുപ്പ് തുടര്‍ന്നു. പിന്നീട് ദീര്‍ഘനേരത്തെ യാത്രക്കൊടുവില്‍ ഞങ്ങളെ സൈനിക താവളത്തിലെത്തിച്ചു.

എത്‌സിയോണ്‍ അധിനിവിഷ്ട മേഖലയിലേക്കാണ് ഞങ്ങളെ കൊണ്ടുപോയതെന്ന് സൈനികരിലൊരാള്‍ പറയുന്നത് കേട്ടു. ഇരുട്ടറയിലെത്തിച്ച് ഞങ്ങളെ സൈനിക ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്യാന്‍ ആരംഭിച്ചു.

കര്‍മി സുറില്‍ ഞങ്ങള്‍ എന്തു ചെയ്യുകയായിരുന്നുവെന്നാണ് അവരുടെ ചോദ്യം. ടയര്‍ കത്തിക്കാന്‍ പദ്ധതിയിട്ടിരുന്നോയെന്ന് ചോദിച്ചു. ആദ്യമൊക്കെ മയത്തിലായിരുന്നു ചോദ്യമെങ്കില്‍ പിന്നീട് ദേഹോപദ്രവം കൂടി വന്നു.

പിന്നീട് എന്നെ മാത്രം പാറകള്‍ നിറഞ്ഞൊരു സ്ഥലത്തെത്തിച്ചു. കണ്ണുകള്‍ മൂടി കെട്ടിയ നിലയിലായിരുന്നു അപ്പോഴും. കൊടും വെയിലില്‍ പാറപ്പുറത്തിരുത്തി മര്‍ദ്ദനം ആവര്‍ത്തിച്ചു. പിന്നീട് ഷിപ്പിങ് കണ്ടെയ്‌നറില്‍ ഇരുമ്പ് കട്ടിലില്‍ കിടത്തി മര്‍ദ്ദിച്ചു.

പ്രാഥമിക കൃത്യം നിര്‍വഹിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിനു സമ്മതിച്ചില്ല. കുടിവെള്ളവും നിഷേധിച്ചതോടെ ഞാന്‍ ആകെ തളര്‍ന്നു. ക്രൂര മര്‍ദനം തുടര്‍ന്ന സൈനികര്‍ എന്നെയും എന്റെ മാതാപിതാക്കളെയും അസഭ്യം പറഞ്ഞു.

വേഷ്യയുടെ മകന്‍ എന്ന് വിളിച്ച് അധിക്ഷേപിച്ച സൈനികര്‍ എന്നെ മണ്ണിലൂടെ വലിച്ചിഴച്ചു. തടവറയിലിടുമെന്ന് ഭീഷണിപ്പെടുത്തിയ അവര്‍ അധിനിവിഷ്ട മേഖലയില്‍ ഞാന്‍ എന്തു ചെയ്യുകയായിരുന്നുവെന്ന് ചോദ്യം ആവര്‍ത്തിച്ചു കൊണ്ടിരുന്നു.

അവശനിലയിലായ എന്നെ പുലര്‍ച്ചെ മൂന്നു മണിയോടെ ഒരു ഒറ്റപ്പെട്ട സ്ഥലത്ത് സൈന്യം ഉപേക്ഷിച്ചു. മണിക്കൂറുകളോളം കുടിവെള്ളവും ഭക്ഷണവും ലഭിക്കാതെ നരകയാതന അനുഭവിക്കുകയായിരുന്നു.’

തന്റെ അവസ്ഥ ഇതായിരുന്നെങ്കില്‍ കാലങ്ങളായി ഇസ്രാഈല്‍ തടവറയില്‍ കഴിയുന്ന ഫലസ്തീന്‍ പൗരന്മാരുടെ യാതനകളെക്കുറിച്ചുള്ള ആശങ്കയും ഈ 15കാരന്‍ പങ്കുവെച്ചു.

chandrika: