X

ഹാഫിസ് സഈദിനൊപ്പം വേദി പങ്കിട്ട അംബാസഡറെ ഫലസ്തീന്‍ തിരിച്ചുവിളിച്ചു

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍ ഹാഫിസ് സഈദിനൊപ്പം വേദി പങ്കിട്ട പാകിസ്താനിലെ അംബാസഡറെ ഫലസ്തീന്‍ തിരിച്ചു വിളിച്ചു. ഇന്ത്യ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്നാണ് അംബാസഡര്‍ വാലിദ് അബു അലിക്കെതിരെ ഫലസ്തീന്‍ നടപടിയെടുത്തത്. സംഭവത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായും വിദേശകാര്യമന്ത്രാലയത്തിന് എഴുതിയ കത്തില്‍ ഫലസ്തീന്‍ അധികൃതര്‍ വ്യക്തമാക്കി. വിഷയത്തില്‍ ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡറെയും ഫലസ്തീന്‍ അധികൃതരെയും കേന്ദ്ര സര്‍ക്കാര്‍ അതൃപ്തി അറിയിച്ചിരുന്നു.
ഇസ്രയേല്‍ തലസ്ഥാനം ജറൂസലമിലേക്ക് മാറ്റാനുള്ള അമേരിക്കന്‍ തീരുമാനത്തിനെതിരെ ഇസ്്‌ലാമിക ഉച്ചകോടി വിളിച്ചു ചേര്‍ക്കാന്‍ പാക് പ്രധാനമന്ത്രി ഷാഹിദ് ഖാകാന്‍ അബ്ബാസിക്കു മേല്‍ സമ്മര്‍ദം ചെലുത്തുന്നതിനു വേണ്ടിയുള്ളപരിപാടിയിലാണ് ലഷ്‌കര്‍ തലവനൊപ്പം ഫലസ്തീന്‍ പ്രതിനിധി പങ്കെടുത്തത്.

നാല്‍പ്പതിലധികം മത, രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മയായ ദിഫായെ പാകിസ്താന്‍ കൗണ്‍സില്‍ ആണ് പരിപാടി സംഘടിപ്പിച്ചത്. ദിഫായെയുടെ പ്രധാന നേതാക്കളിലൊരാളാണ് ഹാഫിസ് സഈദ്.
2011ലെ മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്‌തെന്ന് ഇന്ത്യ ആരോപിക്കുന്ന ഹാഫിസിനൊപ്പം അംബാസഡര്‍ പങ്കെടുത്ത വേദിയെ അതീവ ഗൗരവമായാണ് ഇന്ത്യ കണ്ടത്.മണിക്കൂറുകള്‍ക്കകം തന്നെ ഇന്ത്യ ഫലസ്്തീനെ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയായിരുന്നു. നേരത്തെ, ജറൂസലേം ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ് നടപടിക്കെതിരെ ഇന്ത്യ യു.എന്നില്‍ വോട്ടു ചെയ്തിരുന്നു.

chandrika: