X

യൂറോപ്യന്‍ പര്യടനത്തിന് പുറപ്പെടാനിരിക്കെ പ്രമുഖ ഫലസ്തീന്‍ പ്രവര്‍ത്തക അഹദ് തമീമിക്ക് ഇസ്രാഈല്‍ യാത്രാ വിലക്കേര്‍പ്പെടുത്തി

ജറൂസലം: പ്രമുഖ ഫലസ്തീന്‍ പ്രവര്‍ത്തക അഹദ് തമീമിക്കും കുടുംബത്തിനും ഇസ്രാഈല്‍ യാത്രാ വിലക്കേര്‍പ്പെടുത്തി. ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനത്തെക്കുറിച്ചുള്ള സെമിനാറുകളില്‍ പങ്കെടുക്കാനും ഇസ്രാഈല്‍ തടവറയിലെ അനുഭവങ്ങള്‍ വിവരിക്കാനും തമീമി യൂറോപ്യന്‍ പര്യടനത്തിന് പുറപ്പെടാനിരിക്കെയാണ് ഇസ്രാഈല്‍ യാത്രാവിലക്ക് പ്രഖ്യാപിച്ചത്.

ജോര്‍ദാന്‍ വഴി യൂറോപ്പിലേക്ക് പുറപ്പെടാനായിരുന്നു തമീമിയുടെയും കുടുംബത്തിന്റെയും പദ്ധതി. വിദേശ യാത്രാ വിലക്കിന്റെ വിവരം ഫലസ്തീന്‍ അതോറിറ്റിയാണ് അവരെ അറിയിച്ചത്. ഇതുസംബന്ധിച്ച് ഇസ്രാഈല്‍ അധികാരികളില്‍നിന്ന് പ്രതികരണമൊന്നുമില്ല. വിലക്കിനുള്ള കാരണം ഫലസ്തീന്‍ അതോറിറ്റിയോ ഇസ്രാഈലോ തങ്ങളെ അറിയിച്ചിട്ടില്ലെന്ന് തമീമിയുടെ പിതാവ് ബാസിം തമീമി പറഞ്ഞു.

ഇസ്രാഈല്‍ അധിനിവേശത്തിനെതിരെ ഫലസ്തീന്‍ ജനതയുടെ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി ലോകമെങ്ങും അറിയപ്പെടുന്ന തമീമി(17) എട്ട് മാസത്തിന് ശേഷം ജൂലൈ അവസാനമാണ് ജയില്‍ മോചിതയായത്. കഴിഞ്ഞ ഡിസംബര്‍ 15ന് വെസ്റ്റ്ബാങ്കിലെ വീടിനുമുന്നില്‍ ഇസ്രാഈല്‍ സൈനികന്റെ കരണത്തടിച്ച കേസിലാണ് അവരെ ജയിലിലടച്ചത്. അധിനിവേശം അവസാനിക്കുന്നതു വരെ പോരാട്ടം തുടരുമെന്ന് ജയിലില്‍നിന്ന് പുറത്തിറങ്ങിയ ശേഷവും തമീമി പ്രഖ്യാപിച്ചിരുന്നു. സൈനികനെ അടിക്കുന്ന ദൃശ്യം വീഡിയോയില്‍ പകര്‍ത്തിയതിന് അറസ്റ്റിലായ പെണ്‍കുട്ടിയുടെ മാതാവ് നരിമാന്‍ തമീമിയെ ഇസ്രാഈല്‍ വിട്ടയച്ചിട്ടുണ്ട്. ഇസ്രാഈല്‍ വിരുദ്ധ വികാരം ആളിക്കത്തിച്ച് തമീമി കുടുംബം പ്രശസ്തിക്ക് ശ്രമിക്കുന്നുവെന്നാണ് ഇസ്രാഈല്‍ ആരോപിക്കുന്നത്.

chandrika: