X

ഫലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കണം: യൂറോപ്യന്‍ രാജ്യങ്ങളോട് മഹ്മൂദ് അബ്ബാസ്

 

ബ്രസല്‍സ്: ഫലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കണമെന്ന് യൂറോപ്യന്‍ യൂണിയനില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടു. ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ 28 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായുള്ള യോഗത്തിലാണ് അബ്ബാസ് ആവശ്യമുന്നയിച്ചത്. യൂറോപ്യന്‍ യൂണിയന്‍ ഫലസ്തീനിന്റെ യഥാര്‍ഥ സുഹൃത്തുക്കളും സഹകാരികളുമാണെന്ന പറഞ്ഞ അബ്ബാസ് കിഴക്കന്‍ ജറൂസലേം തലസ്ഥാനമായ ഫലസ്തീന്‍ രാഷ്ട്രത്തിന് എത്രയും വേഗം അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഇസ്രാഈല്‍ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ വൈസ് പ്രസിഡണ്ട് മൈക് പെന്‍സ് കഴിഞ്ഞ ദിവസം അമേരിക്കന്‍ എംബസി 2019ല്‍ ജറൂസലേമിലേക്ക് മാറ്റുമെന്ന പ്രസ്താവന നടത്തിയതിന് തൊട്ടു പിന്നാലെയാണ് അബ്ബാസ് യൂറോപ്യന്‍ യൂണിയനില്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്. ജറൂസലേം ഇസ്രാഈല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച ഡോണള്‍ഡ് ട്രംപ് നീക്കത്തിനെതിരായ പ്രതിഷേധം പെന്‍സിന്റെ സന്ദര്‍ശനം ബഹിഷ്‌കരിച്ചാണ് ഫലസ്തീന്‍ നേതാക്കള്‍ അറിയിച്ചത്.

 

യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ട അബ്ബാസ് യൂറോപ്യന്‍ യൂണിയനിന് തങ്ങളുടെ ആവശ്യം മനസ്സിലായെന്നും, എന്നാല്‍ തീരുമാനമെടുക്കാന്‍ സമയമെടുക്കുമെന്നും കൂടാതെ വിഷയത്തില്‍ പശ്ചിമേഷ്യയില്‍ രാഷ്ട്രീയ ഇടപെടലിന് തയാറാകണമെന്നും പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ആറിനാണ് ഡെണാള്‍ഡ് ട്രംപ് ഇസ്രാഈല്‍ തലസ്ഥാനമായി ജറൂസലേമിനെ പ്രഖ്യാപിക്കുന്നത്. തുടര്‍ന്ന്  ലോകത്തിന്റെ വിവിധ കോണില്‍ നിന്നും ട്രംപിന്റെ നീക്കത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. തീരുമാനം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ ഫലസ്തീന്‍ നേതൃത്വം ഈ വിഷയത്തില്‍ അമേരിക്കയുടെ മധ്യസ്ഥത ഇനി സ്വീകാര്യമല്ലെന്ന് അറിയിക്കുകയായിരുന്നു.

chandrika: