X

ഫലസ്തീന്‍ കൂട്ടക്കുരുതി അപലപിക്കാനാകാതെ യു.എന്‍

 

ഒരിക്കല്‍കൂടി ഗസ്സയില്‍ ഇസ്രാഈല്‍ സൈന്യത്തിന്റെ ഫലസ്തീന്‍ കൂട്ടക്കുരുതി. ഇത്തവണ ഈ പൈശാചികതയെ അപലപിക്കാന്‍ പോലും യു.എന്‍ രക്ഷാസമിതിക്ക് കഴിഞ്ഞില്ല. അറബ് ലോകം അജണ്ടയൊക്കെ മാറ്റിയെഴുതിയതോടെ ഫലസ്തീനിലെ സംഭവ വികാസം അറിഞ്ഞതായി ഭവിക്കുന്നേയില്ല. ഇസ്രാഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ‘ഭീകരവാദി’യായി വിശേഷിപ്പിച്ച് അതിശക്തമായ ഭാഷയില്‍ അപലപിച്ച ഏക രാഷ്ട്രത്തലവന്‍ തുര്‍ക്കി പ്രസിഡണ്ട് റജബ് തയ്യബ് ഉറുദുഗാന്‍ മാത്രമാണ്.
അധിനിവേശത്തിലൂടെ ജൂത രാഷ്ട്രം കയ്യടക്കിയപ്പോള്‍ ആട്ടിയോടിക്കപ്പെട്ട ഫലസ്തീന്‍കാര്‍ സ്വന്തം ഭൂമിയിലേക്ക് തിരിച്ച്‌പോകാന്‍ നടത്തുന്ന ‘ഈ ദിനം’ പ്രക്ഷോഭത്തിന്റെ 42-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ഇക്കഴിഞ്ഞ വെള്ളിയാഴ്ചത്തെ മാര്‍ച്ച്. ഇത്തരമൊരു മാര്‍ച്ച് നടത്തിയ ഫലസ്തീന്‍കാര്‍ക്ക് നേരെ 1976 മാര്‍ച്ച് 30ന് വെടിയുതിര്‍ത്ത് ഇസ്രാഈലി കാപാലികര്‍ കൊലപ്പെടുത്തിയ ആറ് പേരെയായിരുന്നു. ഈ ദുഃഖ സംഭവത്തിന്റെ സ്മരണ പുതുക്കുന്നതിന് വേണ്ടിയായിരുന്നു ‘ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍’ പ്രക്ഷോഭം. അതിര്‍ത്തിയിലേക്ക് നടത്തിയ നിരായുധരുടെ മാര്‍ച്ചിന് നേരെ നടന്ന വെടിവെപ്പില്‍ 18 പേര്‍ കൊല്ലപ്പെട്ടു. 1500 പേര്‍ക്ക് പരിക്കേറ്റു. 30,000 വരുന്ന ഫലസ്തീന്‍കാര്‍ക്ക് നേരെയുള്ള അതിക്രമം കേട്ടുകേള്‍വിയില്ലാത്തതാണ്. ഗസ്സയിലെ ജനങ്ങളില്‍ 70 ശതമാനത്തോളം അധിനിവേശ ഭൂമിയില്‍ നിന്ന് ഇറക്കിവിട്ടവരാണ്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന മാര്‍ച്ച് തീര്‍ത്തും ‘ഗാന്ധിയന്‍ മുറ’യിലായിരുന്നു. മെയ് 15 വരെ പ്രക്ഷോഭം തുടരും. പക്ഷെ തീര്‍ത്തും ഇസ്രാഈലി ധാര്‍ഷ്ട്യത്തിന് എന്ത് ഗാന്ധിയന്‍ മുറ. അവരിപ്പോള്‍ കാണുന്ന ഏക ഇന്ത്യന്‍ നേതാവ് നരേന്ദ്ര മോദിയാണല്ലോ.
ഇസ്രാഈലിന്റെ പൈശാചികതയും ധിക്കാരവും അഹങ്കാരവും ഇനിയും തുടരുമെന്നതില്‍ സംശയമില്ല, കൂട്ടിന് അമേരിക്കയുണ്ടാകുന്ന കാലത്തോളം. യു.എന്‍ രക്ഷാസമിതി ഇത് സംബന്ധിച്ച് യോഗം വിളിച്ച്‌ചേര്‍ത്തത് അറബ് രാജ്യമായ കുവൈത്തിന്റെ ആവശ്യ പ്രകാരമാണ്. കരട് പ്രമേയവും അവര്‍ എല്ലാ അംഗങ്ങള്‍ക്കും അയച്ച്‌കൊടുത്തു. അമേരിക്കയുടെ എതിര്‍പ്പിനെ തുടര്‍ന്ന് അപലപിക്കല്‍ പ്രമേയം അംഗീകരിക്കാന്‍ കഴിയാതെ രക്ഷാസമിതി എന്ന കടലാസ് പുലി ഗര്‍ജ്ജിച്ചില്ല. പകരം സെക്രട്ടറി ജനറല്‍ ആന്റേണിയോ ഗുട്ടറസ് പ്രസ്താവനയിറക്കി. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു പ്രസ്താവന. ഇസ്രാഈല്‍ ആ നിമിഷം യു.എന്‍ ആവശ്യം തള്ളിയതോടെ എല്ലാം തീര്‍ന്നു. ഇനി അടുത്ത തവണ നോക്കാം.
യു.എന്നില്‍ നടക്കുന്നതെല്ലാം നാടകവും പ്രഹസനവുമാണ്. 1948-ല്‍ ഫലസ്തീന്റെ നെഞ്ചകം പിളര്‍ത്ത് ഇസ്രാഈല്‍ എന്ന രാഷ്ട്രത്തെ അടിച്ചേല്‍പ്പിച്ച ശേഷം 86 പ്രമേയം ഇസ്രാഈലിന് എതിരെ യു.എന്‍ അംഗീകരിച്ചിട്ടുണ്ട്. പക്ഷെ, നിര്‍ഭാഗ്യവശാല്‍ ഒന്നുപോലും നടപ്പാക്കാന്‍ കഴിഞ്ഞില്ല; അനുവദിച്ചില്ല, അമേരിക്കയും പാശ്ചാത്യ ശക്തികളും. വീറ്റോ അധികാരം ഉപയോഗിച്ച് ഇസ്രാഈലിന്റെ എല്ലാവിധ ദ്രോഹങ്ങള്‍ക്കും കൂട്ടുനില്‍ക്കുക, അമേരിക്കന്‍ ഭരണകൂടങ്ങള്‍ ‘കടമ’യായി കാണുന്നു. ഇതില്‍ റിപ്പബ്ലിക്കന്മാര്‍ക്കും ഡമോക്രാറ്റുകള്‍ക്കും ഒരേ നയമാണ്. ആര് ഭരിച്ചാലും വിദേശ നയം രൂപപ്പെടുത്തുന്ന സയണിസ്റ്റ് ലോബി അത്രമാത്രം ശക്തമാണത്രെ. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ യു.എന്‍ സമ്മേളനത്തില്‍ ഫലസ്തീന്‍ (അതോറിട്ടി) പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് കാര്യങ്ങള്‍ തുറന്നടിച്ചു. അമേരിക്കയെ മധ്യസ്ഥരായി ഭാവിയില്‍ സ്വീകരിക്കില്ല. യു.എന്‍ നേതൃത്വത്തില്‍ അന്താരാഷ്ട്ര സമാധാന സമ്മേളനം മാറ്റാം എന്നാണ് അബ്ബാസിന്റെ അഭ്യര്‍ത്ഥന. യു.എന്നില്‍ നിരീക്ഷക പദവിയില്‍ നിന്ന് പൂര്‍ണ അംഗത്വം അനുവദിക്കണമെന്നും അബ്ബാസ് അഭ്യര്‍ത്ഥിച്ചു.
അറബ് ലോകത്തിന്റെ ഗതിയോര്‍ത്ത് സങ്കടപ്പെടുകയേ നിര്‍വാഹമുള്ളൂ. 22 അംഗ അറബ് ലീഗ് മൗനവ്രതത്തിലാണ്. അപലപിക്കാന്‍ മുഹൂര്‍ത്തം ആലോചിക്കുകയാണത്രെ. അറബ് ലോകത്തിന്റെ അജണ്ട കീഴ്‌മേല്‍ മറിക്കാന്‍ അമേരിക്കക്കും ഇസ്രാഈലിനും കഴിഞ്ഞിരിക്കുകയാണ്. അവര്‍ക്കിടയിലെ മുഖ്യ അജണ്ട ഇപ്പോള്‍ ഫലസ്തീന്‍ ആണെന്ന് പറയാനാവില്ല. ഇറാഖും ഇറാനും ലബനാനും ലിബിയയും ഈജിപ്തും യമനുമൊക്കെ കലുഷിതമാകുമ്പോള്‍ ഫലസ്തീന്‍ പ്രശ്‌നത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സമയമില്ല. പാശ്ചാത്യ ശക്തികള്‍ സൃഷ്ടിച്ച ഭിന്നതയില്‍ അവര്‍ക്കിടയിലെ അകല്‍ച്ച വര്‍ധിപ്പിച്ചു. തുടക്കത്തില്‍ സുന്നി-ശിയാ സംഘര്‍ഷമായിരുന്നുവെങ്കില്‍ ഇപ്പോള്‍ സുന്നി രാഷ്ട്രങ്ങള്‍ക്കിടയിലും തര്‍ക്കമാണ്. സയണിസ്റ്റ് തന്ത്രങ്ങള്‍ അറബ് ലോകത്തെ മുറിവേല്‍പ്പിച്ചു എന്നാണ് ലോക സമൂഹത്തിന്റെ വിശ്വാസം. അത് തിരുത്തേണ്ടത് ഉയിര്‍ത്തെഴുന്നേറ്റ് അറബ് ലോകം തന്നെയാണ്.
1993-ലെ ഓസ്‌ലോ കരാറിന് ശേഷം അറബ്-ഇസ്രാഈല്‍ സമാധാന ചര്‍ച്ച കാര്യക്ഷമമല്ല. 1967-ലെ യുദ്ധത്തിന് മുമ്പുള്ള അതിര്‍ത്തിയിലേക്ക് ഇരുപക്ഷവും തിരിച്ച് പോകണമെന്നായിരുന്നു കരാറിലെ സുപ്രധാന തീരുമാനം. കരാറ് പാലിച്ചില്ലെന്ന് മാത്രമല്ല, അനുനിമിഷം ലംഘിക്കപ്പെട്ടു. പതിനായിരക്കണക്കിന് കുടിയേറ്റ ഭവനങ്ങള്‍ ഫലസ്തീന്‍ ഭൂമിയില്‍ നിര്‍മ്മിച്ച് ലോകത്തെ വെല്ലുവിളിക്കുന്നു. ഈ വര്‍ഷം ജനുവരി ഒന്നിന് ഇസ്രാഈലി ഭരണകക്ഷിയായ ലിക്കുഡ് പാര്‍ട്ടി സമ്മേളന തീരുമാന പ്രകാരം അധിനിവിഷ്ട ഭൂമിയില്‍ (വെസ്റ്റ് ബാങ്ക്) ആയിരം കുടിയേറ്റ ഭവനങ്ങളും തൊട്ടടുത്ത സാമരിയ, ജൂദിയ എന്നിവിടങ്ങളില്‍ 1285 ഭവനങ്ങളും നിര്‍മ്മിക്കുകയാണ്. ഈ ഭൂമിയും ജറൂസലവും ഇസ്രാഈലിനോട് ഔദ്യോഗികമായി കൂട്ടിച്ചേര്‍ക്കുന്നതിന് പാര്‍ലമെന്റില്‍ നിയമ നിര്‍മ്മാണവും നടക്കുന്നു. സമാധാനത്തിനുള്ള നേര്‍ത്ത പ്രതീക്ഷയും തകര്‍ക്കുന്ന നെതന്യാഹു സര്‍ക്കാറിന്റെ ‘തീക്കളി’യുടെ പുതിയ വെല്ലുവിളിയാണ് ഗസ്സയിലെ വെടിവെപ്പും.
പതിറ്റാണ്ടുകളായി അമേരിക്കയും പാശ്ചാത്യ ശക്തികളും സ്വീകരിച്ച ദ്വിരാഷ്ട്ര ഫോര്‍മുലയെ തള്ളിപ്പറഞ്ഞും ജറൂസലമിനെ ഇസ്രാഈലി തലസ്ഥാനമായി അംഗീകരിച്ചും ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനം ഇസ്രാഈലിന്റെ ധാര്‍ഷ്ട്യവും അഹങ്കാരവും ഇരട്ടിച്ചു. ആരെയും വെല്ലുവിളിക്കാന്‍ അവര്‍ക്ക് ഭയമില്ല. (ജറൂസലമില്‍ നിലവില്‍ തന്നെ ആറ് ലക്ഷം കുടിയേറ്റക്കാരുണ്ട്.) അഴിമതി ആരോപണത്തെ നേരിടുന്ന നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറില്‍ നിന്ന് ജനശ്രദ്ധ തിരിച്ച്‌വിടാന്‍ ഇതിലേറെ പ്രതീക്ഷിക്കാം. സംഘര്‍ഷം വളര്‍ത്തേണ്ടത് നെതന്യാഹുവിന്റെ ആവശ്യമാണ്. ഇതിനാവശ്യമായ തന്ത്രങ്ങള്‍ അദ്ദേഹം മെനയും. ജറൂസലം വിഷയത്തില്‍ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ഒറ്റപ്പെട്ട അമേരിക്കയുടെ ഈര്‍ഷ്യത അവസാനിച്ചിട്ടില്ല. സഹായം നല്‍കിയിട്ടും ഫലസ്തീന്‍കാര്‍ ബഹുമാനിക്കുന്നില്ലെന്നാണ് ട്രംപിന്റെ പരാതി. ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള യു.എന്‍ ഫണ്ട് നിര്‍ത്തലാക്കാനും ട്രംപ് മടിച്ചില്ല. ട്രംപിന്റെ ഇത്തരം ‘തറവേല’ ലോകം തിരിച്ചറിഞ്ഞു. ‘ബില്യണ്‍ ഡോളറുകള്‍ക്ക് വില്‍ക്കാനുള്ളതല്ല ജറൂസലം’ എന്ന പ്രതികരണം മഹ്മൂദ് അബ്ബാസിന്റെ എല്ലാവിധ വീഴ്ചയും നികത്തുന്നതായി. (ഇസ്രാഈലിന് 1.3 ബില്യണ്‍ നല്‍കുമ്പോള്‍ ഫലസ്തീന് നല്‍കിയിരുന്നത് കേവലം 300 മില്യന്‍ മാത്രമായിരുന്നു.)
ഗസ്സയും വെസ്റ്റ് ബാങ്കും ജറൂസലവും തിളച്ചുമറിയും. മരണത്തെ ഭയമില്ലാത്ത ജനതയാണ്. പാശ്ചാത്യ ഗൂഢാലോചനയില്‍ ജനിച്ച മണ്ണില്‍ പുറത്താക്കപ്പെട്ട് ഫലസ്തീന്‍ ജനതയുടെ രോദനത്തിന് ശാശ്വത പരിഹാരം വൈകിക്കൂട. ജനകീയ പ്രക്ഷോഭത്തിലൂടെ (ഇന്‍തിഫാദ) അവര്‍ നേടിയെടുത്ത ഫലസ്തീന്‍ അതോറിട്ടി സ്വതന്ത്ര രാജ്യമായിട്ടില്ല. അധിനിവേശകര്‍ക്ക് എതിരായ പോരാട്ടത്തില്‍ ‘ഇന്‍തിഫാദ’ അനിവാര്യമാകുകയാണ്. ഗാന്ധിയന്‍ സമരമുറയും അല്ലാത്ത സമര മുറകളും ശക്തമാവുമ്പോള്‍ ഇസ്രാഈലിന് സമാധാനത്തിന് വഴങ്ങേണ്ടിവരും. ട്രംപ് എക്കാലവും അമേരിക്കയുടെ നേതൃത്വത്തിലുണ്ടാകില്ല. ലോകം സമാധാനം ആഗ്രഹിക്കുന്നു. അത് കൊറിയയില്‍ മാത്രമല്ല, പശ്ചിമേഷ്യയിലും സാധ്യമാകണം.

chandrika: