ഫലസ്തീന്‍ റാലിക്ക് വേണ്ടി കോഴിക്കോട് കടപ്പുറത്തെ സ്ഥലം അനുവദിക്കണമെന്ന് കോണ്‍ഗ്രസാണ് ആദ്യം ആവശ്യപ്പെട്ടത്. സ്വാഭാവികമായും തരേണ്ടതായിരുന്നു. പിന്നീട് സര്‍ക്കാരും ഇതേ സ്ഥലം ആവശ്യപ്പെട്ടപ്പോള്‍ ഫലസ്തീന്‍ റാലിക്ക് വേണ്ടി അനുവദിക്കാനാകില്ലെന്ന് ജില്ലാ ഭരണകൂടം നിലപാടെടുത്തു. കോണ്‍ഗ്രസിന്റെ പരിപാടി 23 നും സര്‍ക്കാരിന്റേത് 25നുമാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പരിപാടിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത തരത്തില്‍ റാലി നടത്താവുന്നതാണ്.
വൈക്കം സത്യഗ്രഹ വാര്‍ഷിക പരിപാടി കെ.പി.സി.സി നടത്തിയ അതേ പന്തലിലാണ് സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയും നടന്നത്. രണ്ട് കൂട്ടര്‍ക്കും ബുദ്ധമുട്ട് ഇല്ലാത്ത രീതിയില്‍ കോഴിക്കോട്ടെ പരിപാടി നടക്കുന്നതിന് അനുയോജ്യമായ സഹാചര്യമുണ്ടാകുമെന്നാണ് കരുതുന്നത്. പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാകും. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടി നടക്കും.
കോണ്‍ഗ്രസ് റാലി തീരുമാനിക്കുന്നത് എ.കെ.ജി സെന്ററിലല്ല. അത് കെ.പി.സി.സി ഓഫീസിലാണ് തീരുമാനിക്കുന്നത്. രണ്ട് ദിവസം മുന്‍പാണ് സി.പി.എം റാലി നടത്തിയത്. അതിനും എത്രയോ മുന്‍പാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ലീഗ് സംഘടിപ്പിച്ചത്. സി.പി.എം റാലിക്കും മുന്‍പ് കോണ്‍ഗ്രസും മലപ്പുറത്ത് ജില്ലാതല റാലി നടത്തി. ജില്ലാ കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് കോഴിക്കോട്ടെ കോണ്‍ഗ്രസ് റാലി തീരുമാനിച്ചത്.
സര്‍ക്കാരിന് നവകേരള സദസ് പോലൊരു പരിപാടി സംഘടിപ്പാക്കാനുള്ള അവകാശമുണ്ട്. നവകേരള സദസ് രാഷ്ട്രീയ പ്രചരണ പരിപാടിയാണ്. അതുകൊണ്ടു തന്നെ ജനങ്ങളുടെ നികുതിപ്പണം കൊണ്ടല്ല മുഖ്യമന്ത്രിയും മന്ത്രിമാരും തെരഞ്ഞെടുപ്പ് പ്രചരണം നടത്തേണ്ടത്. അതിന് വേണ്ടി എല്‍.ഡി.എഫിന്റെയും സി.പി.എമ്മിന്റെയും പണം ഉപയോഗിക്കണമെന്നതാണ് യു.ഡി.എഫ് നിലപാട്.
പരിപാടി സംഘടിപ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളും സഹകരണ ബാങ്കുകളും പണം നല്‍കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഭീഷണിപ്പെടുത്തി സ്‌പോണ്‍സര്‍ഷിപ്പ് സംഘടിപ്പിക്കാന്‍ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. നിയമവിരുദ്ധമായ പണപ്പിരിവാണ് നവകേരളസദസിന്റെ പേരില്‍ നടക്കുന്നത്. അത് അവസാനിപ്പിക്കണം. നിയമവിരുദ്ധ പരണപ്പിരിവ് അവസാനിപ്പിക്കുന്നതിന് വേണ്ടി യു.ഡി.എഫ് നിയമനടപടി സ്വീകരിക്കും.
യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്ക് അഭിനന്ദനം
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തിനെയും ഉപാധ്യക്ഷനായി വിജയിച്ച അബിന്‍ വര്‍ക്കിയെയും മറ്റ് ഭാരവാഹികളെയും അഭിനന്ദിക്കുന്നു. സംസ്ഥാന പ്രസിഡന്റ് മുതല്‍ മണ്ഡലം ഭാരവാഹികള്‍ വരെയുള്ള ഒരു ശക്തമായ സംവിധാനമാണ് യൂത്ത് കോണ്‍ഗ്രസിന് നിലവില്‍ വന്നിരിക്കുന്നത്. മഹിളാ കോണ്‍ഗ്രസും കെ.എസ്.യുവും ശക്തമായി തിരിച്ച് വരുന്നത് പോലെ കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും പോരാളികളുടെ പ്രസ്ഥാനമായി യൂത്ത് കോണ്‍ഗ്രസും മാറും. മഹിളാ കോണ്‍ഗ്രസിനും ചരിത്രത്തില്‍ ആദ്യമായി സംസഥാനം മുതല്‍ വാര്‍ഡ്തലം വരെയുള്ള സംഘടനാ സംവിധാനം നിലവില്‍ വന്നു. നാല് പതിറ്റാണ്ടുകളായി പരാജയപ്പെട്ടിരുന്ന കോളജുകളില്‍ വരെ വിജയിച്ച് കെ.എസ്.യു തിരിച്ച് വരുകയാണ്. അതുപോലെ യൂത്ത് കോണ്‍ഗ്രസും വലിയൊരു സമര പ്രസ്ഥാനമായി മാറും.