കോഴിക്കോട് : ‘ഫലസ്തീൻ, ചെറുത്ത് നിൽപ്പിൻ്റെ ചരിത്രവും വർത്തമാനവും’ എന്ന വിഷയത്തിൽ മുസ്‌ലിം യൂത്ത് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന സെമിനാർ ഒക്ടോബർ 20 വെള്ളിയാഴ്ച്ച കോഴിക്കോട് ബാഫഖി യൂത്ത് സെൻ്ററിൽ നടക്കും (സംസ്ഥാന കമ്മിറ്റി ഓഫീസിൽ). രാവിലെ 9.30ന് മുസ്‌ലിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡണ്ട് ഡോ.എം പി അബ്ദുസ്സമദ് സമദാനി എംപി സെമിനാർ ഉത്ഘാടനം ചെയ്യും. മുൻ ഡി.ജി.പി അക്സാണ്ടർ ജേക്കബ് ഐ.പി.എസ് വിഷയാവതവരണം നടത്തും.
ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന ഭരണകൂട ഭീകരതയാണ് ഇസ്രായേൽ ഫലസ്തീനിൽ നടപ്പിലാക്കുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം തദ്ദേശീയരായ ആളുകളെ ആട്ടിപ്പായിച്ചും പുറത്താക്കിയുമാണ് സാമ്രാജ്യത്വ സന്തതിയായ ഇസ്രായേൽ പിറവി കൊള്ളുന്നത്. അധിനിവേശത്തിൻ്റെ ഭാഗമായി കുട്ടികളും വൃദ്ധരുമടക്കം നിരപരാധികളായ പതിനായിരക്കണക്കിനാളുകളെ കൊന്നൊടുക്കി കടുത്ത മനുഷ്യാവകാശ ലംഘനം ഇസ്രായേൽ നടത്തി കൊണ്ടിരിക്കുന്നു. ഐക്യരാഷ്ട്ര സംഘടന നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇസ്രായേൽ പിൻമാറാൻ തയ്യാറായില്ല.എന്നാൽ അമേരിക്ക ഉൾപ്പടെയുള്ള സാമ്രാജ്യത്വ ശക്തികൾ അവർക്ക് പിന്തുണ നൽകുകയാണ്. മരണപ്പെട്ടവരുടെ മൃതദേഹക്കൂട്ടങ്ങൾ കൊണ്ട് നിറയുന്ന ഫലസ്തീനിൽ പിഞ്ചു കുട്ടികളടക്കം പരുക്കേറ്റ് നിലവിളിക്കുന്നവരുടെ ദയനീയ കാഴ്ച്ചകളാണ് പുറത്ത് വരുന്നത്. ഇപ്പോൾ നടക്കുന്ന അക്രമണത്തിൽ പരുക്കേറ്റവർക്ക് ചികിത്സ നിഷേധിക്കുന്നതടക്കമുള്ള ക്രൂരത തുടരുന്ന ഇസ്രായേലിനെതിരെ ലോക രാഷ്ട്രങ്ങൾ ഉണരണമെന്ന് നേതാക്കൾ തുടർന്ന് പറഞ്ഞു.
ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തിൻ്റെ ചരിത്രവും വർത്തമാനവും പൊതു സമൂഹത്തെ ബോധ്യപ്പെടുത്താനാണ് മുസ്‌ലിം യൂത്ത് ലീഗ് സെമിനാർ സംഘടിപ്പിക്കുന്നതെന്ന് തങ്ങളും ഫിറോസും കൂട്ടിച്ചേർത്തു. പരിപാടി വിജയിപ്പിക്കാൻ എല്ലാ പ്രവർത്തകരും രംഗത്തിറങ്ങണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു.