ഗസ്സ: ഫലസ്തീന്‍ പ്രദേശത്ത് ഇസ്രാഈലിന്റെ കുടിയേറ്റങ്ങളുമായി ബന്ധപ്പെട്ടുള്ള നിയമ സാധുത പരിശോധിക്കണമെന്ന് ഫലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് -അല്‍-മലീക് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെ ഫലസ്തീന്റെ പ്രദേശങ്ങള്‍ 1967 മുതല്‍ ഇസ്രാഈല്‍ കൈവശപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഇക്കാര്യങ്ങളും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഉന്നയിക്കും. ‘ അടുത്ത ആഴ്ച കോടതിയെ സമീപിക്കുമെന്നും ഇസ്രാഈല്‍ കുടിയേറ്റത്തെപ്പറ്റി പൂര്‍ണമായി അന്വേഷിക്കണമെന്നും കോടതിയില്‍ ആവശ്യപ്പെടും. രാജ്യം അന്താരാഷ്ട്ര ഉടമ്പടികളിലും സംഘടനകളിലും ഒപ്പു വച്ചിട്ടുണ്ട്. പലരും തങ്ങളുടെ രാജ്യത്തിനും ജനങ്ങള്‍ക്കും സുരക്ഷയും വാഗ്ദാനം ചെയ്തു. എല്ലാ അര്‍ത്ഥത്തിലും ഈ ബന്ധങ്ങളെല്ലാം ഉപയോഗിക്കും’. വിദേശകാര്യ മന്ത്രി റിയാദ് അല്‍-മാലികി വ്യക്തമാക്കി.
ഫലസ്തീന്‍ ഭൂമിയിലെ ഇസ്രാഈലിന്റെ അനധികൃത നിര്‍മാണത്തിനെതിരേ യു.എന്‍ രക്ഷാസമിതി പ്രമേയം പാസാക്കിയിരുന്നു. ഇസ്രാഈലിന്റെ കൈയേറ്റ ശ്രമങ്ങളും കൈവശ ഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തി വയ്ക്കണമെന്നും യുഎന്‍ ഇസ്രാഈ ലിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഫലസ്തീന്‍ ആവശ്യപ്പെട്ടു. എന്നാല്‍, വെസ്റ്റ് ബാങ്കിലെ കൈയേറ്റ ഭൂമിയില്‍ 2500 പുതിയ കുടിയേറ്റ ക്യാമ്പുകള്‍ നിര്‍മിക്കാന്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി അനുമതി നല്‍കി. ജറുസലേം നഗരസഭ 566 പുതിയ വീടുകള്‍ നിര്‍മിക്കുന്നതിനു അനുമതി നല്‍യിരുന്നു.