X

അമേരിക്കന്‍ ധാര്‍ഷ്ട്യത്തിനെതിരെ ഫലസ്തീന്‍ ജനതക്കൊപ്പം

 

പഴവും പച്ചക്കറികളും വിളയിച്ച് അത് വിറ്റഴിച്ച് മാത്രം ജീവിക്കുന്ന പാവങ്ങളില്‍ പാവങ്ങളായ മൂന്നര മില്യണ്‍ ജനത അധിവസിക്കുന്ന ഒരു രാജ്യമില്ലാ രാജ്യത്തോട് ലോകം കാണിക്കുന്ന നിസ്സംഗത മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഫലസ്തീന് മുകളില്‍ അറബികളും ജൂതന്മാരും തമ്മിലുള്ള തര്‍ക്കത്തിന് ഒന്നര നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. 1800 ഒടുവില്‍ ആരംഭിച്ച സംഘര്‍ഷം 1948 ല്‍ അറബ് വികാരത്തെ പരിപൂര്‍ണ്ണമായും തൃണവല്‍ഗണിച്ച് പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഏകപക്ഷീയമായി ഇസ്രാഈല്‍ എന്ന രാഷ്ട്ര പിറവിയിലേക്ക് എത്തിക്കുകയായിരുന്നു.
നൂറു വര്‍ഷത്തിലധികമായി ലോക മനസ്സാക്ഷിയെ വേദനിപ്പിക്കുന്ന ദുരന്ത കഥയാണ് ഫലസ്തീന്റെത്. ഒന്നാം ലോക യുദ്ധത്തോടെ തുര്‍ക്കിഷ് സാമ്രാജ്യം തകര്‍ന്നതോടെയാണ് ഫലസ്തീന്‍ ബ്രിട്ടന്റെ കൈവശത്തിലാകുന്നത്. ഫലസ്തീന്‌മേലുള്ള ജൂത – അറബ് തര്‍ക്കത്തിന് ആ രാജ്യം ഏകദേശം പകുതിയായി (55/45) വിഭജിച്ച് ഇരു സമൂഹങ്ങള്‍ക്കുമായി നല്‍കുക എന്നതായിരുന്നു യു.എന്‍ മുന്നോട്ട്‌വെച്ച ഒത്ത്തീര്‍പ്പ്. അതോടൊപ്പം അല്‍അഖ്‌സ ഉള്‍പ്പെടുന്ന ജറൂസലേമിനെ ഇരു രാഷ്ട്രങ്ങളിലും പെടുത്താതെ യു.എന്നിന് കീഴില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ നിയന്ത്രണത്തിന്‍കീഴില്‍ നിലനിര്‍ത്താനുമായിരുന്നു തീരുമാനം.
ലോകത്തെ മൂന്ന് പ്രധാന മതവിഭാഗക്കാര്‍ വിവിധ രീതിയില്‍ അംഗീകരിക്കുന്ന പ്രദേശമാണ് ജറൂസലേം. അബ്രഹാമെന്നും ഇബ്രാഹിം നബിയെന്നും മുസ്‌ലിംകളും ക്രിസ്ത്യന്‍ ജൂത സമൂഹവും വിളിക്കുന്ന അബ്രഹാമിക് ജനതയും അവരുടെ ആരാധാനാലയങ്ങളും പുണ്യ സ്ഥലങ്ങളുമാണത്. ഈ പ്രാധാന്യം കണക്കിലെടുത്താണ് ജറൂസലേമിനെ യു.എന്നിന് കീഴില്‍ നിര്‍ത്തിയത്. എന്നാല്‍ ഇതൊക്കെ കാറ്റില്‍ പറത്തി ജൂതര്‍ക്ക് വേണ്ടി അമേരിക്ക-ബ്രിട്ടന്‍ അച്ചുതണ്ട് ഏകപക്ഷീയമായി ഇസ്രാഈല്‍ രാഷ്ട്രം ഉണ്ടാക്കുകയും അവശിഷ്ട ഭൂമിയിലെങ്കിലും അറബികള്‍ക്ക് രാഷ്ട്രം രൂപീകരിക്കാനുള്ള അവകാശം നിഷേധിക്കുകയും ചെയ്തു. 1948 ലെ ജൂത-അറബ് യുദ്ധം പാശ്ചാത്യ പിന്തുണ നിര്‍ലോഭം കിട്ടിയതോടെ ജൂതര്‍ക്ക് ഫലസ്തീന്‍ മണ്ണിന്റെ 78 ശതമാനം പിടിച്ചടക്കാന്‍ കഴിഞ്ഞു. ഇതോടെ ഐക്യരാഷ്ട്രസഭയെ ധിക്കരിക്കുകയും അപമാനിക്കുകയും ചെയ്ത ഏക രാഷ്ട്രം എന്ന ഖ്യാതി ഇസ്രാഈല്‍ നേടി. ഫലസ്തീന്‍ ജനത പാടെ അഭയാര്‍ത്ഥികളായി മാറി. 1948, 1956, 1967, 1982 വര്‍ഷങ്ങളില്‍ അറബികളുമായി പാശ്ചാത്യ പിന്തുണയോടെ നിരന്തര യുദ്ധങ്ങള്‍. ലക്ഷക്കണക്കിന് പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി കൊന്നൊടുക്കുന്നതിലായിരുന്നു ഇസ്രാഈലിന് താല്‍പര്യം. ഫലസ്തീനിലെ അറബ് ജനസംഖ്യ കുറക്കുക, ഭാവിയില്‍ അവശിഷ്ട ഭാഗവും കൈപ്പിടിയിലൊതുക്കുക എന്നതായിരുന്നു ഈ ശിശു ഹത്യക്ക് പിന്നിലെ ലക്ഷ്യം.
1967 ലെ യുദ്ധത്തില്‍ ജോര്‍ദ്ദാനില്‍ നിന്നും പിടിച്ചെടുത്ത വെസ്റ്റ്ബാങ്കും (ജോര്‍ദ്ദാന്‍ നദിയുടെ പടിഞ്ഞാറന്‍ തീരം) ഈജിപ്തില്‍ നിന്നും പിടിച്ചടക്കിയ ഗസ്സയും ഇസ്രഈലിന്റെ കൈവശത്തിലാണിപ്പോള്‍. നിരന്തരമായ അന്താരാഷ്ട്ര ഇടപെടലുകളെ തുടര്‍ന്ന് ഇസ്രാഈലിന് സമാധാന ചര്‍ച്ചകള്‍ക്ക് ഇരിക്കേണ്ട നിര്‍ബന്ധിതാവസ്ഥ വന്നു. ഇതേതുടര്‍ന്ന് 1993 ല്‍ ഒപ്പ്‌വെച്ച ഓസ്‌ലോ ഉടമ്പടി പ്രകാരം ഫലസ്തീന്‍കാര്‍ക്ക് ഭാഗിക സ്വയം ഭരണാവകാശം കിട്ടിയെങ്കിലും അത് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ ഇസ്രാഈല്‍ സൈന്യം തയ്യാറായില്ല. ഒരു ഫലസ്തീന്‍കാരനെങ്കിലും ഇസ്രാഈല്‍ സൈനികന്റെ വെടിയുണ്ടയേല്‍ക്കാത്ത ഒരു ദിനം പോലും കടന്ന്‌പോയില്ല.
ആഗോള സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഫലസ്തീന്‍കാരുമായി സമാധാന ഉടമ്പടിയില്‍ ഒപ്പ്‌വെക്കേണ്ടി വന്ന പ്രധാനമന്ത്രി യിത്‌സാഖ് റബീനെതിരെ ജൂതരില്‍ നിന്ന് തന്നെ കനത്ത പ്രതിഷേധമുയര്‍ന്നു. ഫലസ്തീന്‍കാരുടെ രക്തത്തിന് വേണ്ടി ദാഹിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത തീവ്ര ജൂത വര്‍ഗം 1995 ല്‍ അദ്ദേഹത്തെ വെടിവെച്ച് കൊന്നതോടെ ലോകത്തെ സഹിഷ്ണുത ഇല്ലാത്ത സമൂഹമാണ് തങ്ങളെന്ന് ജൂതര്‍ വീണ്ടും തെളിയിച്ചു. പിന്നീടങ്ങോട്ട് ഫലസ്തീന്‍കാരോട് തരിമ്പ് വിട്ട് വീഴ്ചക്ക് തയ്യാറാവാത്ത കൊടും ജൂത വികാരമുള്ളവരെ മാത്രമേ ഇസ്രാഈല്‍ ജനത ഭരണാധികാരികളാക്കിയിട്ടുള്ളൂ.
കൊടും തീവ്ര നിലപാട് സ്വീകരിക്കുന്നവര്‍ക്ക് മാത്രമേ ജൂതര്‍ വോട്ട് ചെയ്യുകയുള്ളൂവെന്ന് വന്നതോടെ പിന്നീടു വന്ന ഭരണാധികാരികളൊക്കെയും തീവ്ര ജൂത വികാരമുള്ളവര്‍ മാത്രമായി. ഈകാലാവസ്ഥയില്‍ അധികാരത്തിലെത്തിയ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭരണത്തില്‍ എല്ലാ സമാധാന പ്രക്രിയകളും അവതാളത്തിലായി. 1999 ല്‍ യഹൂദ് ബറാക് തെരെഞ്ഞെടുക്കപ്പെട്ടതോടെ സമാധാന പ്രതീക്ഷകള്‍ വീണ്ടും അങ്കുരിക്കപ്പെട്ടെങ്കിലും ജൂത സൈന്യം നിര്‍ബാധം ഫലസ്തീന്‍ കുരുന്നുകളെ കൊന്നൊടുക്കല്‍ തുടര്‍ന്നു. ജൂത ക്രൂരതകള്‍ക്കെതിരെ അന്താരാഷ്ട്ര സമ്മര്‍ദ്ദം ഉയര്‍ന്നപ്പോള്‍ തന്റെ നിയന്ത്രണത്തില്‍ നില്‍ക്കാത്ത സൈന്യത്തിന്റെ നടപടിയില്‍ അപമാനിതനായ അദ്ദേഹം നില്‍ക്കക്കള്ളിയില്ലാതെ രാജിവെക്കേണ്ടി വന്നു. പിന്നീട് വന്ന ഏരിയല്‍ ഷാരോണ്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ഷാരോണിന്റെ പിന്‍ഗാമിയായി അധികാരത്തിലേറിയ നെതന്യാഹു രൂക്ഷതയോടെ തന്നെ നയതന്ത്ര നിലപാട് തുടര്‍ന്നു.
1982 കളില്‍ യു.എന്നിനെ നോക്കുകുത്തിയാക്കി അന്താരാഷ്ട്ര എതിര്‍പ്പുകളെ വകവെക്കാതെ ജറൂസലേം ഇസ്രാഈല്‍ പിടിച്ചെടുത്ത നടപടി അന്താരാഷ്ട്ര ലോകം കടുത്ത നിലയില്‍ പ്രതിഷേധിച്ചതാണ്. യു.എന്‍ നിര്‍ദ്ദേശങ്ങളെ ചെവിക്കൊള്ളാതെ അധിനിവേശം തുടരുന്ന ഇസ്രാഈല്‍ ഭീകരതക്കെതിരെ അന്താരാഷ്ട്ര സമൂഹം കൊണ്ട്‌വന്ന 42 ഓളം പ്രമേയങ്ങളെ തങ്ങളുടെ വീറ്റോ അധികാരം ദുരുപയോഗപ്പെടുത്തി അമേരിക്ക തടയുകയായിരുന്നു. ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാതിരിക്കുകയും ജറുസലേം ബലമായി പിടിച്ചടക്കുകയും ചെയ്ത ഇസ്രാഈല്‍ ക്രൂരതകളെ അപലപിച്ചില്ല എന്ന് മാത്രമല്ല, അവരെ വഴിവിട്ട് സഹായിക്കുന്ന അമേരിക്കന്‍ നടപടിയാണ് വെസ്റ്റ് ഏഷ്യന്‍ മേഖലയില്‍ അശാന്തി രൂക്ഷമാക്കിയത്. ജറുസലേം പിടിച്ചെടുത്ത നടപടി യു.എന്‍ പോലും ഇത്‌വരെ അംഗീകരിച്ചിട്ടില്ലെന്ന യാഥാര്‍ഥ്യം നിലനില്‍ക്കെ അനധികൃതമായി പിച്ചടക്കിയ ജറുസലേമിനെതന്നെ ഇസ്രാഈല്‍ തലസ്ഥാനമായി അമേരിക്ക പ്രഖ്യാപിക്കുന്നത് ലോകത്തോടുള്ള യുദ്ധ പ്രഖ്യാപനമാണ്.
അമേരിക്കക്ക്‌മേല്‍ ജൂത സമൂഹത്തിനുള്ള കടുത്ത സ്വാധീനം മൂലം ഇസ്രാഈലിനെ വഴിവിട്ട് സഹായിച്ചു പോന്നിരുന്നെങ്കിലും ജറൂസലേം തലസ്ഥാനമായി കിട്ടണമെന്ന ആവശ്യം തത്വത്തില്‍ അമേരിക്ക അംഗീകരിച്ചിരുന്നുവെങ്കിലും ഇതുവരെയുള്ള അമേരിക്കന്‍ പ്രസിഡണ്ടുമാര്‍ ഈ ഉത്തരവില്‍ ഒപ്പിടാന്‍ വൈമുഖ്യം പ്രകടിപ്പിക്കുകയാണ് ചെയ്തത്. 22 വര്‍ഷമായിട്ടും ഇതില്‍ ഒപ്പ്‌വെക്കാന്‍ മുതിരാത്തത് ലോക സമാധാനത്തിന് വന്‍ ഭീഷണിയാകുമെന്ന തിരിച്ചറിവിലാണ്. എന്നാല്‍ കടുത്ത മുസ്‌ലിം വിരുദ്ധന്‍ എന്ന ഖ്യാതി നേടിയ റൊണാള്‍ഡ് ട്രംപ് അതിന് തയ്യാറായത് ലോക മനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കുന്നു.
തന്റെ ഏക മകളുടെ ഭര്‍ത്താവ് ജൂതനായത് കൊണ്ടാണ് ട്രംപ് ഇത്ര തിടുക്കം കാണിക്കുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ അമേരിക്കന്‍ പൗരന്മാര്‍ തന്നെ അഭിപ്രായപ്പെടുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സാമ്പത്തിക പിന്തുണ നല്‍കിയ ഇവാഞ്ചലിസ്റ്റുകളെയും ജൂതരെയും തൃപ്തിപ്പെടുത്തുമ്പോഴും ഭൂരിപക്ഷ അമേരിക്കന്‍ പൗരന്മാരും ഇതിനെതിരാണ്. എന്ത് അധികാരത്തിന്റെ പുറത്താണ് മറ്റൊരു രാജ്യത്തിന്റെ തലസ്ഥാനം അമേരിക്ക പ്രഖ്യാപിക്കുക? യു.എന്നിനെ പോലും അപ്രസക്തമാക്കിയുള്ള തീരുമാനത്തിനെതിരെ യു.എന്നില്‍ വന്ന പ്രമേയം വീറ്റോചെയ്യാനും ഭീഷണിപ്പെടുത്താനും തുനിയുന്ന അമേരിക്ക ആരെയാണ് വെല്ലുവിളിക്കുന്നത്.
രണ്ടാം ലോക യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിച്ച ലോക രാജ്യങ്ങളുടെ സമാധാന മോഹത്തില്‍ നിന്നും ഉടലെടുത്ത പ്രസ്ഥാനമാണ് ഐക്യ രാഷ്ട്ര സഭ. രാജ്യാന്തര സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുമെന്ന് സ്വയം പ്രതിജ്ഞയെടുത്ത രാജ്യങ്ങളുടെ കൂട്ടായ്മ. യു.എസ് പ്രസിഡണ്ട് ഫ്രാങ്കിലിന്‍ ഡി റൂസ്‌വെല്‍റ്റ് ആണ് യുണൈറ്റഡ് നേഷന്‍സ് എന്ന പേര്‍ ആദ്യമായി ഉന്നയിച്ചത്. സഖ്യ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടം ശക്തമായി നടന്ന്‌കൊണ്ടിരിക്കുമ്പോള്‍ 1942 ജനുവരി ഒന്നിന് യുണൈറ്റഡ് നേഷന്‍സിന്റേതായി ആദ്യ പ്രഖ്യാപനം വന്നതും ആ സംവിധാനം 50 രാജ്യങ്ങളുടെ പിന്തുണയോടെ 1945 ഒക്ടോബര്‍ 24 ന് ഔപചാരികമായി നിലവില്‍വന്നതും. അതിന്റെ ഘാതകരായി യു.എസ് മാറുമ്പോള്‍ അമേരിക്കയുടെ ചരിത്രം പോലും അവര്‍ക്ക് മാപ്പു നല്‍കില്ല. ലോക സമാധാനത്തിനും വിനാശകാരിയായ ആയുധ നിര്‍വ്യാപനത്തിനുമായി നിലവില്‍ വന്ന പ്രസ്ഥാനത്തെ കണ്ണുരുട്ടിയും വീറ്റോ പവറുപയോഗിച്ചും നോക്കുകുത്തിയാക്കുന്ന അമേരിക്കന്‍ സമീപനം അന്താരാഷ്ട്ര സമൂഹങ്ങളോടുള്ള വെല്ലുവിളിയാണ്. ട്രംപിന്റെ ജറൂസലം പ്രഖ്യാപനത്തിനെതിരെ തുര്‍ക്കിയും അറബ് രാജ്യങ്ങളും യു.എന്‍ രക്ഷാസമിതിയില്‍ കൊണ്ട്‌വന്ന പ്രമേയത്തോടും ഇതേസമീപനമാണ് അമേരിക്കക്ക്. 199 രാഷ്ടങ്ങളുള്ള ഐക്യരാഷ്ട്രസഭയില്‍ ഒരു രാജ്യം പോലും ട്രംപിന്റെ ഈ ഭ്രാന്തന്‍ നടപടി സ്വാഗതം ചെയ്തിട്ടില്ല. എന്നത്തെയും പോലെ രക്ഷാ സമിതിയില്‍ വീറ്റോ ചെയ്ത അമേരിക്ക പൊതുസഭയെ പ്രലോഭനവും ഭീഷണിയുമായി കൂടെ നിര്‍ത്താനാണ് ശ്രമിക്കുന്നത്. യു.എന്നിലെ അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹാലിയിലൂടെ പുറത്തു വന്ന, അമേരിക്കയെ പിന്തുണക്കാത്തവര്‍ ട്രംപിന്റെ കോപത്തിന് വിധേയരാവും എന്ന മുന്നറിയിപ്പുമൊക്കെ ആധുനിക മനുഷ്യന്റെ സ്വബോധത്തേയും ആത്മാഭിമാനത്തെയുമാണ് ചവിട്ടിയരക്കുന്നത്.
ലോകം കാത്തിരിക്കുന്ന സ്വതന്ത്ര ഫലസ്തീന്‍ എന്ന സ്വപ്‌നം തന്നെ എന്നന്നേക്കുമായി ഇല്ലാതാക്കാനാണ് ശ്രമം. ഭീകര പ്രസ്ഥാനക്കാര്‍ക്ക് തങ്ങളുടെ പോരാട്ടത്തിന് വീര്യം കൂട്ടാന്‍ പ്രചോദിതമാകുന്ന ഈ ഭ്രാന്തന്‍ തീരുമാനത്തിനെതിരെ അന്താരാഷ്ട്ര സമൂഹം മുന്നോട്ട്‌വരേണ്ടതുണ്ട്. എന്നും എക്കാലത്തും ഫലസ്തീനോടൊപ്പം നിലനിന്ന ഇന്ത്യ സുവ്യക്തമായ നമ്മുടെ പാരമ്പര്യ നിലപാട് ലോകത്തിന് മുന്നില്‍ വിളിച്ച് പറയേണ്ടതുണ്ട്. ഈ തീരുമാനത്തോട് മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ പ്രതികരിച്ചത് ഹിറ്റ്‌ലര്‍ വീണ്ടും പിറവിയെടുത്തെന്നാണ്; ഒപ്പം ജനാധ്യപത്യത്തിന്റെ നാശമെന്നും.
ഇത് ലോക നാശത്തിന്റെ തുടക്കമാണ്. അമേരിക്കയെ ഭയപ്പെടുന്നവര്‍ മാത്രമേ സര്‍വ നാശത്തിനും ഉപര്യുക്തമാവുന്ന ഈ തീരുമാനത്തെ അംഗീകരിക്കൂ. ഇന്ത്യ, അമേരിക്ക, ഇസ്രാഈല്‍ എന്ന സമവാക്യത്തില്‍ അര്‍മ്മാദിക്കുന്ന ബി. ജെ.പി ഭരണകൂടം ഈ തീരുമാനത്തോട് ഐക്യപ്പെട്ടേക്കുമോ എന്ന ഭയം സമാധാന പ്രിയരില്‍ ഉണ്ട്. ഇന്ത്യയിലെ വിദേശകാര്യ ഉദ്യോഗസ്ഥര്‍ വളരെ കരുതലോടേയും സൂഷ്മതയോടെയുമാണ് ഇത്‌വരെ പ്രതികരിച്ചത് എന്നത് ആശാവഹമാണ്. എന്നാല്‍ നരേന്ദ്രമോദി ഭരണകൂടം ദിശമാറി സഞ്ചരിക്കുമോ എന്ന ആശങ്ക ഇല്ലാതില്ല. അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഭ്രാന്തന്‍ തീരുമാനം പുനപരിശോധിക്കാന്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദമുണ്ടാക്കാന്‍ നയതന്ത്ര നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ഇന്ത്യന്‍ ഭരണകൂടം മുന്നോട്ട് വരണമെന്നും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് നാഷണല്‍ സെക്രട്ടറിയേറ്റ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാജ്യമൊട്ടാകെ പാര്‍ട്ടി പ്രതിഷേധ പരിപാടികള്‍ നടത്തുകയാണ്. ഫലസ്തീനൊപ്പം നില്‍ക്കുകയെന്നാല്‍ നീതിക്കൊപ്പം നില്‍ക്കുകയെന്നതാണെന്ന് ലോകം തിരിച്ചറിയുമ്പോള്‍ ഇന്‍തിഫാദയുടെ പ്രാര്‍ത്ഥനകള്‍ സഫലമാവുക തന്നെ ചെയ്യും.

chandrika: