വാഷിങ്ടണ്‍: യു.എന്നിനു കീഴിലെ ഫലസ്തീനി അഭയാര്‍ഥി ഏജന്‍സിക്ക് സാമ്പത്തിക സഹായം പുനഃസ്ഥാപിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രായേല്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി 2018ല്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ത്തലാക്കിയ യു.എസ് സഹായ ഫണ്ടാണ് വീണ്ടും നല്‍കാന്‍ തീരുമാനം. ആദ്യ ഗഡുവായി 15 കോടി ഡോളര്‍ ഏജന്‍സിക്ക് അനുവദിക്കുമെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ അറിയിച്ചു.
വെസ്റ്റ് ബാങ്ക്, ഗസ്സ എന്നിവക്കു പുറമെ പുറമെ ലബനാന്‍, ജോര്‍ഡന്‍ രാജ്യങ്ങളിലും മറ്റുമായി കഴിയുന്ന 57 ലക്ഷം ഫലസ്തീനികള്‍ക്ക് സഹായവും മറ്റു സേവനങ്ങളും എത്തിച്ചുനല്‍കുന്നതാണ് യു.എന്നിനു കീഴിലെ ഫലസ്തീന്‍ അഭയാര്‍ഥി ഏജന്‍സി.
15 കോടിക്ക് പുറമെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും ഫലസ്തീനികള്‍ക്ക് 7.5 കോടി ഡോളര്‍ പുനര്‍നിര്‍മാണ സഹായവും ഒരു കോടി ഡോളര്‍ സമാധാന പാലന പദ്ധതികള്‍ക്കും യു.എസ് നല്‍കും. ജനുവരി 20ന് അധികാരമേറിയ ജോ ബൈഡന്‍ ഫലസ്തീനികളുമായി പുതിയ ബന്ധം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഏറെയായി ഇസ്രായേലുമായി യു.എസ് ഉറ്റ ബന്ധം നിലനിര്‍ത്തുന്നുണ്ടെങ്കിലും ട്രംപ് അത് കൂടുതല്‍ ശക്തമാക്കുകയും ഇസ്രായേലിലെ യു.എസ് എംബസി ടെല്‍ അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ബിന്‍യമിന്‍ നെതന്യാഹുവുമായി അടുത്ത ബന്ധം സ്ഥാപിച്ചും ട്രംപ് സൗഹൃദം സുദൃഢമാക്കി. മറുവശത്ത്, ഫലസ്തീന്‍ അതോറിറ്റിയുമായി എല്ലാ ബന്ധവും അവസാനിപ്പിക്കുകയും സാമ്പത്തിക സഹായം വിലക്കുകയും ചെയ്തു. ഇസ്രായേലുമായി എല്ലാ ചര്‍ച്ചകള്‍ക്കും സഹകരിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, സ്വതന്ത്ര രാജ്യമെന്ന തങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യം നിരാകരിക്കുന്നതാണ് ഇസ്രായേല്‍ സമീപനമെന്നും അതിനോട് സഹകരിക്കാനാവില്ലെന്നും ഫലസ്തീനി നേതൃത്വം പറയുന്നു.
തങ്ങള്‍ രാജ്യ തലസ്ഥാനമായി ആവശ്യപ്പെടുന്ന ജറൂസലമിലേക്ക് ഇസ്രായേല്‍ എംബസി മാറ്റിയ ട്രംപിന്റെ കാര്‍മികത്വത്തില്‍ അറബ് രാജ്യങ്ങളും ഇസ്രായേലും തമ്മിലെ ബന്ധം സാധാരണ നിലയിലാക്കുകയും ചെയ്തിരുന്നു.
1948ല്‍ ഇസ്രായേല്‍ ആട്ടിപ്പായിച്ച ഏഴു ലക്ഷം ഫലസ്തീനികളുടെ കുടുംബങ്ങള്‍ക്കാണ് യു.എന്‍ ഏജന്‍സി പ്രധാനമായും സഹായം നല്‍കുന്നത്.