തിരുവനന്തപുരം: ക്രിസ്മസ് ആഘോഷ പരിപാടിയില്‍ സാന്താക്ലോസിന്റെ വേഷത്തില്‍ പങ്കെടുത്തതിനെതിരെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പാളയം ഇമാം വി.പി. സുഹൈബ് മൗലവി. സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ ഇമാമിനെതിരെ ശക്തമായ രീതിയില്‍ വിദ്വേഷ പ്രചരണമുണ്ടായപ്പോഴാണ് വിഷയത്തില്‍ ഇമാം പ്രതികരിച്ചത്. തിരുവനന്തപുരത്ത് നടന്ന ക്രിസ്മസ് ആഷോഷപരിപാടിയിലാണ് ഇമാം സാന്താക്ലോസ് വേഷമണിഞ്ഞത്. നജ്‌റാനില്‍ നിന്ന് െ്രെകസ്തവ പുരോഹിതന്മാര്‍ മസ്ജിദുന്ന ബവിയില്‍ വന്നപ്പോള്‍ അവര്‍ക്ക് െ്രെകസ്തവ രീതിയനുസരിച്ച് ആരാധന നിര്‍വഹിക്കാന്‍ മുഹമ്മദ് നബി പള്ളിയില്‍ സൗകര്യം ഒരുക്കി കൊടുത്ത കാര്യം ചൂണ്ടിക്കാട്ടിയാണ് ആരോപണങ്ങള്‍ക്ക് ഇമാം വി.പി. സുഹൈബ് മൗലവി മറുപടി നല്‍കുന്നത്.
വി.പി സുഹൈബ് മൗലവിയുടെ പ്രസ്താവന ഇങ്ങനെ:
തീവ്രനിലപാട് കാരോട് സ്‌നേഹപൂര്‍വ്വം
ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴാണ് അനന്തപുരിയില്‍ നടന്ന ഒരു ക്രിസ്മസ് പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ എന്നെ ആക്ഷേപിക്കുന്ന ഒരു പോസ്റ്റ് വായിച്ചത്. മൊബൈലിലെ ഉള്ള സൗകര്യം പ്രയോജനപ്പെടുത്തി ഒരു കൊച്ചു പ്രതികരണം എഴുതട്ടെ!
സഹോദര സമുദായങ്ങളുടെ ആഘോഷങ്ങളില്‍ മുസ്‌ലിങ്ങളുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് രണ്ടഭിപ്രായമുണ്ടെങ്കിലും ബഹുദൈവത്വപരമായ ചടങ്ങുകളുണ്ടെങ്കില്‍ അതില്‍ നിന്ന് വിട്ട് നില്‍ക്കാനുള്ള ജാഗ്രതയോടെ അത്തരം ആഘോഷങ്ങളില്‍ പങ്കെടുക്കാമെന്നതാണ് നമ്മുടെ നിലപാട്. അതിന്റെ ഇസ്‌ലാമിക വിശദീകരണം നാം ഖുത്ബകളിലടക്കം പല സന്ദര്‍ഭങ്ങളിലും നാം പങ്ക് വെച്ചതാണ്. ഇനിയും ചര്‍ച്ചകള്‍ ആകാവുന്നതുമാണ് . ഇപ്പോള്‍ അത്തരം കാര്യങ്ങളിലേക്കൊന്നും പോകുന്നില്ല. ഏതായാലും നജ്‌റാനില്‍ നിന്ന് െ്രെകസ്തവ പുരോഹിതന്മാര്‍ മസ്ജിദുന്ന ബവിയില്‍ വന്നപ്പോള്‍ അവര്‍ക്ക് െ്രെകസ്തവ രീതിയനുസരിച്ച് ആരാധന നിര്‍വ്വഹിക്കാന്‍ റസൂല്‍(സ) പള്ളിയില്‍ തന്നെ സൗകര്യമൊരുക്കി എന്ന ചരിത്രമൊന്നും മറക്കേണ്ട. ക്രിസ്മസ് ആഘോഷത്തില്‍ പാളയം ഇമാമിന്റെ പങ്കാളിത്തം ഒരു പുത്തരി അല്ല. എല്ലാ വര്‍ഷങ്ങളിലും വിവിധ വേദികള്‍ സംഘടിപ്പിക്കാറുള്ള പരിപാടികളില്‍ കൂടാറുണ്ട്. ഈയുള്ളവന്‍ മാത്രമല്ല മുന്‍ കഴിഞ്ഞ വരും.
ക്രിസ്മസ് മാത്രമല്ല ഓണവും ഈദും ഇഫ്താറുകളു മെല്ലാം നാം ജാതി മത കക്ഷി രാഷ്ട്രീയ വ്യത്യാസമന്യേ ആണ് ആഘോഷിക്കാറുള്ളത്. പാളയം ജമാഅത്തും മത രാഷ്ട്രീയ സാംസ്‌കാരിക വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ഇഫ്താറുകള്‍ സംഘടിപ്പിക്കാറുണ്ട്. നമ്മുടെ ഈദ്ഗാഹില്‍ സഹോദര സമുദായങ്ങളില്‍ നിന്നുള്ള ജനപ്രതിനിധികളടക്കം പലരും പങ്കെടുക്കാറുമുള്ളത് എല്ലാവര്‍ക്കുമറിയാവുന്നതുമാണ്. മേല്‍ പറഞ്ഞ ക്രിസ്മസ് ആഘോഷവും തിരുവനന്തപുരത്തിന് ഒരു പുതിയ കാര്യമല്ല. ഇതിലേക്കെല്ലാം അതത് കാലഘട്ടങ്ങളിലെ പാളയം ഇമാമുമാരെ ക്ഷണിക്കാറുമുണ്ട്. ഈ ആഘോഷള്‍ങ്ങളിലുള്ള പങ്കാളിത്തം വിശ്വാസങ്ങളെ ഉള്‍കൊള്ളലായി ആരും മനസ്സിലാക്കുന്നില്ല. സഹോദര സമുദായങ്ങള്‍ നമ്മുടെ കൂടെ ഈദിലും ഇഫ്താറിലുമെല്ലാം പങ്ക് ചേരുമ്പോള്‍ ഇതിന്റെ പിന്നിലുള്ള ചരിത്ര യാഥാര്‍ത്ഥ്യങ്ങളെയെല്ലാം അവര്‍ അംഗീകരിക്കുന്നു എന്നാണോ പോസ്റ്റിട്ടയാള്‍ മനസ്സിലാക്കുന്നത്. ഇത്തരം പരിപാടികളെല്ലാം ബുദ്ധിയുള്ള മുഴുവന്‍ മനുഷ്യരും സാംസ്‌കാരിക പ്രവര്‍ത്തനമായാണ് കാണുന്നത്. പിന്നെ ഓണത്തിന് പൂക്കളവും ക്രിസ്മസിന് കേക്കുമുണ്ടാവും. അവിടെ പോത്തിറച്ചി വിളമ്പണം എന്ന് പറഞ്ഞാല്‍ നടക്കുന്ന കാര്യമല്ല. തീവ്രനിലപാടുകാര്‍ ചിലപ്പോള്‍ അങ്ങിനെയും പറഞ്ഞേക്കും.
സാന്താക്ലോസ് കളുടെ ഒരു ഘോഷയാത്ര സമാപിക്കുന്ന ഒരു വേദിയില്‍ ഒരാള്‍ എത്തിയാല്‍ മുട്ടുകാലന്‍ കന്തൂറ നല്‍കില്ലല്ലേ. അവിടെ വന്ന മന്ത്രിമാര്‍, MLAമാര്‍, ഹിന്ദു സന്യാസിമാര്‍ എല്ലാവരും പൂര്‍ണ്ണമായും സാന്താക്ലോസിന്റെ കുപ്പായമിട്ടപ്പോള്‍ നാം നേരം വെളുത്ത് കണ്ണ് തുറന്ന് നോക്കിയാല്‍ കാണുന്ന നമ്മുടെ സുഹൃത്തുകളായ വൈദികരുടെ അഭ്യര്‍ത്ഥന മാനിച്ച് ഒരു ഇമാം ഒരു ചുവന്ന കുപ്പായമിടുമ്പോഴേക്ക് തകര്‍ന്ന് പോകുന്നതാവരുത് നമ്മുടെ ഇമാനും ഇസ്ലാമും. പിന്നെ പോസ്റ്റിട്ടയാള്‍ എന്നെ ഏതോ ഒരു സംഘടനയുടെ നേതാവാക്കുന്നത് കണ്ടു. ഞാന്‍ അത്ര വലിയ സംഭവമൊന്നുമില്ല. ജീവിതത്തിലിന്നു വരെ ഒരു സംഘടനയുടെയും പ്രാദേശിക നേതാവ് പോലുമായിട്ടില്ല. സംഘടനകളെ അവരുടെ വഴിക്ക് വിടുക.
വലിയ പണ്ഡിതനല്ലെങ്കിലും അല്ലാഹുവിന്റെ ദീനിന് വേണ്ടി ഇഖ്‌ലാസോടെ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും അകമഴിഞ്ഞ് സ്‌നേഹിക്കാനുള്ള വിശാലത ഈ ഹൃദയത്തിനല്ലാഹു നല്‍കിയിരിക്കുന്നു. പക്ഷെ സങ്കുചിതവും തീവ്രവുമായ നിലപാട് കള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും വിട്ട് വീഴ്ച ചെയ്യാതെ മുഖം നോക്കാതെ കൊടിയുടെ നിറം നോക്കാതെ നിലപാടെടുക്കും. പോസ്റ്റിട്ടയാള്‍ മതേതരത്വത്തെ കപട മതേതരത്വം എന്ന് വിളിക്കുന്നത് കണ്ടു. അദ്ദേഹം മതേതരത്വത്തിന്റെ എതിരാളി മാത്രമല്ല, മനുഷ്യരെ തമ്മില്‍ അകറ്റുന്ന പ്രത്യയശാസ്ത്രത്തെ മുന്നോട്ട് വെക്കുന്ന ഇദ്ദേഹം മാനവികതയുടെ ശത്രു ആണ്.
വി.പി സുഹൈബ് മൗലവി
പാളയം ഇമാം, തിരുവനന്തപുരം