തിരുവനന്തപുരം: പാലാരിവട്ടം മേല്‍പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ രേഖാമൂലം യാതൊരു തെളിവുമില്ലെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി.
ഇത് സംബന്ധിച്ച് പാര്‍ട്ടി അന്വേഷിച്ചിരുന്നു. തങ്ങളുടെ അറിവ് വെച്ച് നിയമം വിട്ടൊന്നും അദ്ദേഹം ചെയ്തിട്ടില്ല. വന്ന ഫയല്‍ അംഗീകരിക്കുക മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.കെ ഇബ്രാഹിംകുഞ്ഞിനെതിരായ ടി.ഒ സൂരജിന്റെ ആരോപണം ശരിയല്ല. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ല.
ആരോപണം ആര്‍ക്കും ഉന്നയിക്കാം. എല്ലാം ഊഹാപോഹങ്ങളാണ്. ഇബ്രാഹിംകുഞ്ഞിന് നിരപരാധിത്വം തെളിയിക്കാന്‍ പിന്തുണ നല്‍കും. അദ്ദേഹത്തിന് യു. ഡി. എഫിന്റെ പൂര്‍ണ പിന്തുണ ഉണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാല ഉപതെരഞ്ഞെടുപ്പില്‍ അത്ഭുതപെടുത്തുന്ന വിജയമുണ്ടാകും. അവിടെ യു.ഡി.എഫിന് ഒരു കുഴപ്പവുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട വസ്തുതകള്‍ ബന്ധപ്പെട്ട ഫയലിലുണ്ടെന്നും അത് പരിശോധിച്ച് നടപടിയെടുക്കാമെന്നും മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ പറഞ്ഞു.
പാലത്തിന്റെ തകര്‍ച്ചക്ക് പ്രധാനകാരണം സാങ്കേതിക പിഴവാണെന്നും അദ്ദേഹം വാര്‍ത്താ ലേഖകരോട് പറഞ്ഞു. ആരോപണങ്ങള്‍ക്ക് മറുപടിയായി ഒട്ടേറെ കാര്യങ്ങളുണ്ട്. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ എന്തെങ്കിലും പറയുന്നതിന് മന്ത്രിസ്ഥാനം വഹിച്ചയാള്‍ എന്ന നിലയില്‍ മറുപടി പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.