കൊച്ചി: പാലാരിവട്ടം പാലം പൊളിച്ച് പുതിയത് പണിയാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടിയായി ഹൈക്കോടതി നിര്‍ദേശം. അടുത്ത മാസം പത്തുവരെ പാലം പൊളിക്കേണ്ടതില്ലെന്നാണ് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. പാലം പൊളിക്കാതെ അറ്റകുറ്റ പണികള്‍ നടത്തി ഗതാഗത യോഗ്യമാക്കണമെന്ന ഹര്‍ജിയിലാണ് കോടതി പരാമര്‍ശം. പാലത്തിലെ നിര്‍മാണ പിഴവുകളെ കുറിച്ച് വിശദമായി പഠിച്ച ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് മറികടന്ന് രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ് പാലം പൊളിച്ചുപണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് നേരത്തെ സര്‍ക്കാരും കരാറുകാരും സ്ട്രക്ച്ചറല്‍ എഞ്ചിനീയര്‍മാരും ആരോപിപ്പിച്ചിരുന്നു. ഐ.ഐ.ടി സംഘം നല്‍കിയ അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇതുവരെ പുറത്ത് വിടാത്തതാണ് സര്‍ക്കാര്‍ തീരുമാനത്തിലെ ദുരൂഹത വര്‍ധിപ്പിച്ചത്. പാലത്തിന്റെ തകരാറുമായി ബന്ധപ്പെട്ട് വിശദമായി പഠിച്ചതും പരിശോധന നടത്തിയതും ചെന്നൈ ഐ.ഐ.ടിയാണ്. ആറിനം അറ്റകുറ്റപണികള്‍ നടത്തി പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കാമെന്നായിരുന്നു ഐ.ഐ.ടി സംഘം ആദ്യം റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഐ.ഐ.ടി വിദഗ്ധ സംഘം നിര്‍ദേശിച്ച അറ്റകുറ്റ പണികള്‍ പുരോഗമിക്കുന്നതിനിടെയാണ് പാലം പൊളിച്ചു നീക്കി പുതിയത് പണിയാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.
എന്നാല്‍ പാലാരിവട്ടം മേല്‍പാലത്തിന് കാര്യമായ പ്രശ്നങ്ങള്‍ ഇല്ലെന്നും പൊളിച്ചു നീക്കേണ്ട ആവശ്യമില്ലെന്നുമാണ് ഇതേ കുറിച്ച് സ്വതന്ത്ര പഠനം നടത്തിയ അസോസിയേഷന്‍ ഓഫ് സ്ട്രക്ച്ചറല്‍ ആന്‍ഡ് ജിയോടെക്നിക്കല്‍ കണ്‍സള്‍ട്ടിങ് എഞ്ചിനീയേഴ്സ് (എ.എസ് ജി സി.ഇ) ഭാരവാഹികളുടെ അഭിപ്രായം. പരിഹരിക്കാന്‍ കഴിയുന്ന തകരാര്‍ മാത്രമാണ് ഒരു ഗാര്‍ഡറിനുള്ളത്. അതിനായി പാലം പൊളിച്ചു കളയരുത്. സ്ട്രക്ച്ചറല്‍ എഞ്ചിനീയര്‍മാരാണ് പാലത്തിന്റെ ബലത്തെ കുറിച്ച് വിലയിരുത്തേണ്ടത്. പാലത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ഉത്തരവാദിത്വപ്പെട്ട വിദഗ്ധര്‍ക്ക് കഴിയുമെന്നും മറ്റു പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പാലത്തിന്റെ ഗര്‍ഡറുകളില്‍ കാര്‍ബര്‍ ഫൈബര്‍ റാപ്പിങും പിയറുകളില്‍ കോണ്‍ക്രീറ്റ് ജാക്കറ്റിങും ലോഡ് ടെസ്റ്റും നടത്തി പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കാനാവുമെന്ന് കേരള ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.